ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം 72 മണിക്കൂറിനകം തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ


താമരശ്ശേരി:  കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം 72 മണിക്കൂറിനകം തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ. സംഘർഷത്തിൽ തകർന്ന മെഷീനുകൾക്ക് പകരം പുതിയവ എത്തിക്കുമെന്ന് ഫ്രഷ് കട്ട് അധികൃതർ വ്യക്തമാക്കി.

മാലിന്യ പ്ലാന്റിൽനിന്നും ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് ഫ്രഷ് കട്ടിന് മുൻപിൽ നടത്തിയ സമരം സംഘർഷത്തിലെത്തിയത്. തുടർന്ന് സമരക്കാർ പ്ലാന്റിന് തീവെയ്ക്കുകയും വാഹനങ്ങൾ തല്ലിതകർക്കുകയും ചെയ്തു. അഞ്ച് കോടിയോളം രൂപയുടെ നാശനഷ്ടമാണ് സ്ഥാപനത്തിനുണ്ടായത്. സമരക്കാരും പൊലീസും ഏറ്റുമുട്ടിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. പൊലീസ് ലാത്തിച്ചാർജിൽ സമരക്കാർക്കും, സമരക്കാരുടെ കല്ലേറിൽ പൊലീസുകാർക്കും പരിക്കേറ്റിരുന്നു. 
റൂറൽ എസ് പി, താമരശ്ശേരി എസ് എച്ച് ഒ എന്നിവരുൾപ്പടെയുള്ള പൊലീസുകാർക്കാണ് പരിക്കേറ്റിരുന്നത്. സംഘർഷത്തിൽ 500ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

വധശ്രമം, കലാപം സൃഷ്ടിക്കൽ, വഴി തടയൽ, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസുകളെടുത്തിട്ടുള്ളത്. ആകെ എട്ട് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. പ്രതികളെ തിരഞ്ഞ് പ്രദേശത്ത് പൊലീസ് വ്യാപക തിരച്ചിലാണ് നടത്തുന്നത്. ഇതിനെതിരെ പ്രദേശവാസികൾ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ദുരിതബാധിതരെ സന്ദർശിക്കാൻ യുഡിഎഫ് പ്രതിനിധി സംഘം നാളെ പ്രദേശത്ത് എത്തും.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍