ജ്യൂസ് കുടിച്ചതോടെ യുവതിക്ക് അസ്വസ്ഥത, മരണം;പ്രതി തമിഴ്‌നാട്ടിലേക്ക് കടന്ന് ഹോട്ടലില്‍ ജോലിക്ക് കയറി
മാനന്തവാടി: അമ്മയും ഗർഭസ്ഥശിശുവും മരിച്ച സംഭവത്തിൽ പോലീസ് അറസ്റ്റുചെയ്ത ഓട്ടോറിക്ഷാഡ്രൈവർ എടവക വാളേരി പുതുപറമ്പിൽ റഹീമിനെ (53) റിമാൻഡ് ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. പ്രതിയുമായി മാനന്തവാടി പോലീസ് തെളിവെടുപ്പ് നടത്തി. മരിച്ച യുവതിയുടെ വീട്ടിലും റഹീമിന്റെ വീട്ടിലും വെള്ളിലാടിയിലെ ഇയാളുടെ കച്ചവടസ്ഥാപനത്തിലുമാണ് തെളിവെടുപ്പ് നടത്തിയത്. യുവതിയുടെ ബന്ധുക്കൾ റഹീമിനെ തിരിച്ചറിഞ്ഞു. യുവതിക്ക് നൽകാനായി ജ്യൂസ് വാങ്ങിയ തേറ്റമലയിലെ കടയിലും പ്രതിയുമായി പോലീസെത്തി.
കച്ചവടക്കാരൻ റഹീമിനെ തിരിച്ചറിഞ്ഞു. റഹീമിന്റെ വീട്ടിൽനിന്നും കടയിൽനിന്നുമായി മരുന്നുകളുടെ സ്ട്രിപ്പുകൾ കണ്ടെത്തി. കുറച്ച് സ്ട്രിപ്പുകൾ റോഡരികിൽ ഉപേക്ഷിച്ചനിലയിലും കണ്ടെത്തി. എടവക മൂളിത്തോട് പള്ളിക്കൽ ദേവസ്യയുടെയും മേരിയുടെയും മകൾ റിനി (35)യാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അസ്വാഭാവികമരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം തുടങ്ങിയത്. റഹീം യുവതിക്ക് ഒരു പാനീയം നൽകിയതായും ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതായും ബന്ധുക്കൾ പോലീസിനോട് പറഞ്ഞിരുന്നു. ഈമാസം 18-നാണ് റിനിയെ ശാരീരിക അസ്വസ്ഥതകളോടെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനെത്തുടർന്ന് 19-ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ 20-ന് രാവിലെ റിനിയും ഗർഭസ്ഥശിശുവും മരിച്ചു.
യുവതിയുടെ മരണശേഷം തമിഴ്നാട്ടിലേക്ക്; പിന്നാലെ പോലീസും
യുവതിയുടെ മരണത്തിന് പിറ്റേന്നുതന്നെ റഹീം തമിഴ്നാട്ടിലേക്ക് കടന്നതായി പോലീസ് പറഞ്ഞു. മരണത്തിൽ ദുരൂഹതയുയർന്നതോടെ പോലീസ് അന്വേഷണം ഊർജിതമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഡി.എൻ.എ. പരിശോധനാഫലം എന്നിവ വരുന്നതിനു മുമ്പുതന്നെ പോലീസ് റഹീമിനെ പിടികൂടി. ഒളിവിൽ പോയശേഷം തമിഴ്നാട്ടിൽ ഒരു ഹോട്ടലിൽ ജോലിചെയ്തു വരുകയായിരുന്നു റഹീം. കസ്റ്റഡയിലെടുത്ത് ചോദ്യംചെയ്യലിൽ റഹീം യുവതിക്ക് ജ്യൂസ് നൽകിയ കാര്യം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 16, 17 തീയതികളിൽ റഹീം യുവതിയുടെ വീട്ടിൽ എത്തിയിരുന്നു. ജ്യൂസ് കൊണ്ടുനൽകിയ കുപ്പി നേരത്തെതന്നെ പോലീസ് കണ്ടെടുത്തിരുന്നു.
ശാസ്ത്രീയതെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പോലീസ് റഹീമിലേക്ക് എത്തിയത്. യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഡി.എൻ.എ. പരിശോധനാഫലവും വന്നശേഷം തുടർനടപടികൾ ഉണ്ടാവുമെന്ന് പോലീസ് പറഞ്ഞു.
നിലവിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ വീടുമായി അടുത്തബന്ധമുണ്ടായിരുന്ന ആളാണ് റഹീമെന്നും പോലീസ് പറഞ്ഞു. മാനന്തവാടി ഇൻസ്പെക്ടർ എം.എം. അബ്ദുൾകരീം, എസ്.ഐ. ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍