ലഹരി 'കുക്കിങ്': യുവതികളെ വീഴ്ത്താൻ തന്ത്രം


കോഴിക്കോട് •ലഹരിമരുന്നുകളിൽ അതിമാരകമായ എംഡിഎംഎ തയാറാക്കുന്ന ‘കുക്കിങ്’ കേന്ദ്രങ്ങൾ ആരംഭിച്ച് കേരളത്തിൽ കൂടുതൽ പിടിമുറുക്കാൻ ലഹരിമാഫിയയുടെ നീക്കം. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ മെ‍ാത്തവിൽപനകേന്ദ്രങ്ങളിൽ നിന്ന് വിവിധ വഴികളിലൂടെ ലഹരിമരുന്ന് തുടർച്ചയായി ഇവിടെ എത്തിച്ചു വിൽക്കുന്നതിലെ റിസ്ക് വർധിച്ചതേ‍ാടെയാണ് പുതിയ നീക്കം. കേരളത്തിൽതന്നെ എംഡിഎംഐ പാകം ചെയ്തു വിതരണത്തിനുളള നീക്കം ആരംഭിച്ചെന്ന കാര്യം എക്സൈസ് സ്പെഷൽ സ്ക്വാഡ്, ഇന്റലിജൻസ് വിഭാഗങ്ങളും സ്ഥിരീകരിക്കുന്നു.

നേരത്തേ കെ‍ാച്ചിയിലും കഴിഞ്ഞദിവസം തിരുവനന്തപുരത്തും നടത്തിയ ലഹരിവേട്ടയിൽ എംഡിഎംഎ പെ‍ാടിരൂപത്തിലും തരി (കിസ്റ്റൽ) രൂപത്തിലും കണ്ടെടുത്തിരുന്നു. ഇതിൽ കെ‍ാച്ചിയിലെ വിവാദമായ ലഹരിവേട്ടയുടെ കണ്ണികൾ കാസർകേ‍ാട്ടേക്കും സിനിമാലേ‍ാകത്തിലെ ചിലരിലേക്കും തിരിഞ്ഞു. ആ ശൃംഖല തേടിപ്പോയപ്പോഴാണ് വാളയാർ വഴി ലഹരി കടത്തുന്നവരിൽ നിന്ന്, കുക്കിങ് കേന്ദ്രങ്ങൾ കെ‍ാച്ചിയിലും തിരുവനന്തപുരത്തും മലപ്പുറത്തുമായി പ്രവർത്തിക്കുന്ന വിവരം ലഭിച്ചത്. ഇതുവരെ 12 കുക്കിങ് കേന്ദ്രങ്ങളെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്.

കെ‍ാച്ചിയിലെ ഹേ‍ാട്ടൽ 18 ലഹരിപാർട്ടിക്കേസിന്റെ അന്വേഷണം ഊർജിതമായതേ‍ാടെ നാലുകേന്ദ്രങ്ങൾ പൂട്ടിയ നിലയിലാണിപ്പേ‍ാൾ. ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് കൂടുതൽ സ്ഥലത്തേക്കും വേഗത്തിലും ലഹരിമരുന്നു വ്യാപിപ്പിക്കാൻ സംഘങ്ങൾക്കു കഴിയുമെന്നാണ് ഏജൻസികളുടെ ആശങ്ക. ആവശ്യമുളളവർക്ക് കൂടുതൽ പ്യുരിറ്റിയുള്ളതും ഇവർ ലഭ്യമാക്കും.

ഇടക്കാലത്തിനു ശേഷം കുറിയർ മാർഗമുള്ള കഞ്ചാവ് കടത്തും സംസ്ഥാനത്തു വീണ്ടും ആരംഭിച്ചിട്ടുണ്ട്. പ്രഫഷനൽ വിദ്യാർഥികൾക്കിടയിലെ ലഹരിപാർട്ടിക്കെതിരെ നടത്തിയ പരിശേ‍ാധനയിൽ വടക്കൻ ജില്ലകളിൽനിന്നു പിടിയിലായ ഒരു മെഡിക്കൽ വിദ്യാർഥി, ലഹരിക്കെതിരെ രംഗത്തുളള പ്രധാന അന്വേഷണ ഏജൻസിയുടെ ഉന്നത ഉദ്യേ‍ാഗസ്ഥന്റെ അടുത്ത ബന്ധുവായിരുന്നത് സേനയ്ക്കുതന്നെ നാണക്കേടുണ്ടാക്കിയ സംഭവവുമായി.

എന്താണ് ‘ലഹരിപാചക അടുക്കള?’

കേൾക്കുമ്പേ‍ാൾ ലഹരിമരുന്നിന്റെ പാചകം എന്നു തേ‍ാന്നുമെങ്കിലും മാഫിയയുടെ ഇടപാട് ലളിതമാണ്. വിദേശത്തുനിന്നെത്തുന്ന എംഎഡിഎംഎ നിലവിൽ ബെംഗളൂരു, ചെന്നൈ കേന്ദ്രങ്ങളിലാണ് മെ‍ാത്തമായി ശേഖരിക്കുന്നത്. അതിൽ ചില രാസചേരുവകൾ കൂടി കലർത്തി എംഎഡിഎംഎയുടെ ‘കടുപ്പം’ വർധിപ്പിക്കുന്നതായി നർകേ‍ാട്ടിക് കൺട്രോൾ ബ്യൂറേ‍‍ാ വിദഗ്ധവിഭാഗം പറയുന്നു.

ലഹരിമരുന്ന് നിരേ‍ാധിത നിയന്ത്രണ നിയമനുസരിച്ച് തടഞ്ഞിട്ടുള്ള ചില രാസപദാർഥകൾ ഇതിൽ കലർത്തുമ്പേ‍ാൾ മാരകശക്തിയാണ് ലഭിക്കുന്നത്. ഉപയേ‍ാഗിക്കുന്നവരുടെ മാനസിക–ശാരീരിക തകർച്ചയിലേക്കും ഇതു നയിക്കും. പിന്നീട് ഉപയേ‍ാഗം നിർത്താൻ കഴിയാത്ത രീതിയിൽ അവരെ മാറ്റിയെടുക്കുകയും ചെയ്യാൻ ഇതുവഴി കഴിയുമെന്നതാണ് ഏറ്റവുംവലിയ അപകടം. ഈ രാസമരുന്നുകൾ കലർത്താനുള്ള ഉപകരണങ്ങൾ ഉൾപ്പെടുന്ന സംവിധാനമാണ് ലഹരിമാഫിയയുടെ കുക്കിങ് സെന്ററുകൾ.

ഒരു ബാത്ത് റൂമിന്റെ വലിപ്പമുളള സ്ഥലം മതി കുക്കിങ് കേന്ദ്രത്തിന്. ബെംഗളൂരുവിലും ചെന്നൈയിലും ഒരു കെട്ടിടത്തിൽ അഞ്ച് കുക്കിങ് കേന്ദ്രം വരെ പ്രവർത്തിക്കുന്നു. ഈ സംവിധാനമാണ് കേരളത്തിലും കണ്ടെത്തിയിരിക്കുന്നത്. കെ‍‍ാച്ചിയിലും തിരുവനന്തപുരത്തും ആഫ്രിക്കൻ വംശജരാണ് എംഡിഎംഎ വിപണനത്തിന്റെ മെ‍ാത്ത ഡീലർമാരായി നിലവിൽ രംഗത്തുള്ളതെങ്കിലും താലിബാനേ‍ാളം നീളുന്നതാണ് അതിന്റെ ശൃംഖല. കേരളത്തിലെ കുക്കിങ് തുടക്കത്തിൽതന്നെ ഇല്ലാതാക്കാനാണ് അന്വേഷണ ഏജൻസികളുടെ ശ്രമം. സംയുക്തമായ നീക്കമാണ് ഇതിനായി ആസൂത്രണം ചെയ്തിട്ടുള്ളത്.

ഒരു ‘കുക്കിൽ’ കുറഞ്ഞത് 2 കിലേ‍ാ

ഒരു അടുക്കളയിൽ തയാറാക്കുന്നത് ശരാശരി 2 കിലേ‍ാ എംഡിഎംഎ ലഹരിമരുന്നാണ്. ഒരു ഗ്രാമിന് സാധാരണസമയങ്ങളിൽ ചുരുങ്ങിയ വില 2000 രൂപ എന്നറിയുമ്പേ‍ാഴാണ് അപകടകരമായ ലഹരിയുടെ ഞെട്ടിക്കുന്ന കച്ചവടം മനസിലാവുക. ഇതിൽ ഏർപ്പെടുന്ന യുവതികളുടെ എണ്ണം വർധിച്ചുവരുന്നതായി ഏക്സൈസ് തന്നെ കഴിഞ്ഞദിവസം ഹൈക്കേ‍ാടതിയെ അറിയിച്ചു. കാമുകന്റെയും ക്ലാസ്മേറ്റിന്റെയും നിർബന്ധത്തിനുവഴങ്ങി ആദ്യഡേ‍ാസ് ഉപയേ‍ാഗിക്കുന്ന ഇവർ പിന്നീട് അതിന് അടിമയാകും. രണ്ടാംഘട്ടം എംഡിഎംഎയുടെ വിൽപനക്കാരിയാകുന്നതാണ്. അതുത്തഘട്ടം കുക്കിങ് ആണെന്ന് ഇതുവരെയുളള കേസുകൾ സൂചിപ്പിക്കുന്നു.

വിരൽ നഖത്തിനിടയിൽപേ‍ാലും സൂക്ഷിക്കാവുന്ന ഈ ലഹരിമരുന്നതിന്റെ നീരാളിപിടുത്തത്തിൽ വീഴാതെ നേ‍ാക്കാനുളള നിർദ്ദേശമാണ് ഏജൻസികൾ രക്ഷിതാക്കൾക്കും വിദ്യാലയങ്ങൾക്കും നൽകുന്നത്. പിടിയിലാകുന്നവരിൽ മിക്കവരുടെയും രക്ഷിതാക്കളെ നേരിട്ടുവിളിച്ച് അന്വേഷണ ഉദ്യേ‍ാഗസ്ഥർ കാര്യം വ്യക്തമാക്കുകയാണ് മിക്കകേസുകളിലും പതിവ്. ചിലരെ വിമുക്തികേന്ദ്രങ്ങളിലേക്കും അയക്കുന്നു. 2 കിലേ‍ാ തയാറാക്കിയാൽ അതുമായി ബന്ധപ്പെട്ട് കുറഞ്ഞത് 120 പേർ കച്ചവടരംഗത്തുണ്ടാകുമെന്നാണ് നിഗമനം

പാർ‌ട്ടികളിൽ വിലയ്ക്കു തീപിടിക്കും

ബ്രൗൺഷുഗർ രണ്ടുഗ്രാം കൈയിൽ വയ്ക്കുന്നതാണ് ജാമ്യമില്ലാകുറ്റമെങ്കിൽ എംഡിഎംഎ അര ഗ്രാം കൈവശവച്ചാൽ ജാമ്യം ലഭിക്കില്ലെന്നത് അത് ഉപയേ‍ാഗിക്കുമ്പേ‍ാഴുള്ള ദുരന്തംകൂടിയാണ് വ്യക്തമാക്കുന്നത്. ജീവിതം ഏത്രത്തേ‍ാളം അത് അട്ടിമറിക്കുമെന്നും ഇതു സൂചിപ്പിക്കുന്നു. സാധാരണവിൽപനയിൽ ഗ്രാമിന് 2000 രൂപവരെ നൽകണമെങ്കിൽ ഡിജെ പാർട്ടിപേ‍ലുള്ള പരിപാടിയിൽ ഇതിന്റെ വില ഗ്രാമിന് 10,000 രൂപവരെയാണെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫേ‍ാഴ്സ്മെന്റ് സ്പെഷൽ സെൽ മേധാവി ടി. അനികുമാർ പറയുന്നു.


ഏറണാകുളത്ത് നടത്തിയ റെയ്ഡിലാണ് ഈ തീപിടിച്ച വിലയെക്കുറിച്ചു വിവരം ലഭിച്ചത്. ഡിജെപാർട്ടിയുടെ മൂർധന്യത്തിലെത്തുമ്പേ‍ാൾ ഏതുവിധേനയും എംഡിഎംഎ കിട്ടിയേ തീരൂവെന്ന അവസ്ഥയിലേക്കു പലരും എത്തുമ്പേ‍ാഴാണ് വിലയിലെ ചൂഷണം. ചെറിയ പെ‍ാതികളാക്കി സ്ഥാപനത്തിലെ ജീവനക്കാരുടെ അടിവസ്ത്രത്തിനുളളിൽ സൂക്ഷിച്ചാണ് ഇത്തരക്കാർക്ക് ഈ ലഹരിമരുന്നത് എത്തിക്കുന്നത്.

വരവ് കുറിയർ വഴിയും

എംഡിഎംഎ കടത്താനും സൂക്ഷിക്കാനും ഏളുപ്പമെന്നത് അതുണ്ടാക്കുന്ന അപകടവും ദുരന്തവും വർധിപ്പിക്കുന്നതായി അധികൃതർ പറയുന്നു. കൂടുതൽ കൂടുതൽ പേരാണ് ദിവസവും ഇതിന് അടിമയാകുന്നത്. രക്ഷിതാക്കൾ അറിയാതെ അവരുടെ അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിച്ച് ലഹരിമരുന്നു വാങ്ങി ഉപയേ‍ാഗിക്കുന്നവരും പിടിയിലായവരിലുണ്ട്. രക്ഷിതാക്കളെ വിളിച്ചുവരുത്തുമ്പേ‍ാഴാണ് തങ്ങളുടെ അക്കൗണ്ട് കാലിയായതിന്റെ കാരണം അവർ അറിയുന്നത്. അപ്പേ‍ാഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിട്ടുണ്ടാകുമെന്നും ഉദ്യേ‍ാഗസ്ഥർ പറയുന്നു. പുറത്തുപറയാൻ കഴിയാത്ത ഏത്രയേ‍ാ കേസുകൾ

കഞ്ചാവ് കടത്തിന്റെയും വിൽപനയുടെയും ഹബ് ആയി മാറിയ കേരളത്തിൽ അത് കുറിയർ വഴിയും കച്ചവടം ആരംഭിച്ചു നാളുകളായി. കഴിഞ്ഞ ദിവസം തിരുവനന്തപുരം അതിർത്തിയിൽനിന്നു പിടികൂടിയ കുറിയർ കവറുകളിൽ 15 കിലേ‍ാ വീതമായിരുന്നു കഞ്ചാവ്. ഇത്തരത്തിൽ ഒരു കിലേ‍ാ മുതൽ പാഴ്സൽ എത്തിക്കുന്ന ഏജൻസികളുമുണ്ട്. കവറിനു പുറത്ത് വിലാസത്തിനെ‍ാപ്പം നൽകിയ ഫേ‍ാൺ നമ്പറിൽ വിളിച്ചാൽ അത് എടുക്കുന്നത് ഫേ‍ാണിന്റെ ഉടമസ്ഥനായിരിക്കില്ലെന്നത് അന്വേഷണ ഏജൻസികളിൽനിന്നു രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. മുൻപ് പുളിയെന്ന പേരിലാണ് കെ‍ാറിയറിൽ കഞ്ചാവ് കടത്തിയിരുന്നത്. പുളിയാണെന്നു സ്ഥാപിക്കാൻ കഞ്ചാവ് മൂടി പുളിയുടെ തൊണ്ടും നിറച്ചിരുന്നു.

‘പരിവർ‌ത്തൻ’ നശിപ്പിച്ചത് 5964 ഏക്കർ കഞ്ചാവ്

കേ‍ാവിഡിനെ തുടർന്ന് ആന്ധ്രയിലെ ശ്രീകാകുളം, വിശാഖപട്ടണം ജില്ലകളിൽനിന്നു വിളവെടുത്ത കഞ്ചാവ് വിറ്റഴിക്കാൻ കഴിയാത്തതിനാൽ കിലേ‍ാവിന് 1000 രൂപയ്ക്കാണ് ഇപ്പോൾ വിൽപന. സാധാരണ സീസണിൽ കിലേ‍ാ 3000 രൂപ വരെ ഈടാക്കിയിരുന്നു. കേരളത്തിൽ ലഹരിമരുന്നു കേസുകളിൽ പിടിയിലായ 71 പേർ ഇവിടെ ഏജന്റുമാരായി പ്രവർത്തിക്കുന്നതായി ഏക്സൈസ് എൻഫേ‍ാഴ്സ്മെന്റിന് വിവരം ലഭിച്ചിട്ടുണ്ട്. അതിൽ കൂടുതലും പേർ ഇടുക്കിയിലും അതിർത്തിപ്രദേശത്തുമുള്ളവരാണ്.

കഞ്ചാവ് കൃഷിയും വിൽപനയും കാരണം ജില്ലകളിൽ ക്രമസമാധാന പ്രശ്നം ഉടലെടുത്തതേ‍ാടെ ഒ‍ാപറേഷൻ പരിവർത്തൻ എന്ന പേരിൽ ആന്ധ്രാ പെ‍ാലീസ് സ്പെഷൽസെൽ നാട്ടുകാരുടെ സഹായത്തേ‍ാടെ വിശാഖപട്ടണം ജില്ലയിൽ 5964 ഏക്കർ കഞ്ചാവ് തേ‍ാട്ടമാണ് നശിപ്പിച്ചത്. മെ‍ാത്തം 9,82,425 ചെടികൾ വെട്ടിനിരത്തിയും തീയിട്ടും ഇല്ലാതാക്കി. ഈ കഞ്ചാവിന് ഏതാണ്ട് 1491.2 കേ‍ാടി രൂപ വിലമതിക്കുമെന്നാണ് ആന്ധ്രപെ‍ാലീസ് കണക്ക്.

ഒക്ടേ‍ാബർ 31നാണ് ആന്ധ്ര സർക്കാർ ഒ‍ാപറേഷൻ പരിവർത്തനയ്ക്ക് തുടക്കമിട്ടത്. കഞ്ചാവ് ലേ‍ാബിയുടെ സ്വാധീനത്തിൽപ്പെട്ട് അതു കൃഷിചെയ്തിരുന്ന ആദിവാസികളുടെ ജീവിതത്തിൽ ഈ നടപടി വലിയമാറ്റം ഉണ്ടാക്കിത്തുടങ്ങിയതായും പെ‍ാലീസ് അവകാശപ്പെടുന്നു. ഇവിടുത്തെ കഞ്ചാവിൽ ഭൂരിഭാഗവും കേരളത്തിലേക്കാണ് എത്തുന്നത്.

English Summary: MDMA Ecstacy Drug 'Cooking Centres' are Increasing in Kerala

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍