ഏപ്രില്‍ 10 ന് മുന്‍പ് വാര്‍ഷിക പരീക്ഷകള്‍; ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമാക്കില്ല


സംസ്ഥാനത്തെ ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകളിലേക്കുള്ള വാര്‍ഷിക പരീക്ഷകള്‍ ഏപ്രില്‍ 10 ന് മുന്‍പ് നടത്തും. വിദ്യാഭ്യാസ മന്ത്രിയും അധ്യാപക സംഘടനകളും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഇക്കാര്യത്തില്‍ ധാരണയായത്.

കൊവിഡ് മൂന്നാം തരംഗത്തിന് പിന്നാലെ അടച്ചിട്ട സംസ്ഥാനത്തെ സ്‌കൂളുകള്‍ ഫെബ്രുവരി 14 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചിരുന്നു. അടുത്ത തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ വൈകുന്നേരം വരെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കും. എന്നാല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ബന്ധമാക്കില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആവശ്യാനുസരണം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം.

സമാന്തര ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കണമെന്നത്തില്‍ നിര്‍ബന്ധ ബുദ്ധിയില്ല. ആവശ്യാനുസരണം ക്ലാസുകള്‍ നടത്തിയാല്‍ മതിയെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കൈറ്റ് വിക്‌റ്റെഴ്സ് വഴിയുള്ള ക്ലാസുകളുടെ സംപ്രേക്ഷണം തുടരും. സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്തിന് മുന്നോടിയായി ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് മുന്നൊരുക്കങ്ങള്‍ വിലയിരുത്തണമെന്ന് യോഗത്തില്‍ നിര്‍ദേശം നല്‍കി.

ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പുമായി അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തീരുമാനമെടുത്ത ശേഷം യോഗം വിളിക്കുന്നത് ശരിയല്ലെന്നായിരുന്നു അധ്യാപക സംഘടനകളുടെ ആരോപണം. വൈകിട്ടുവരെ ക്ലാസ് നീട്ടുന്നതിനാല്‍ ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ അധ്യാപക സംഘടനയായ കെപിഎസ്ടിഎയെ അടക്കമുള്ള സംഘടനകാണ് ആവശ്യവുമായി രംഗത്തെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍