17-കാരിയുടെ ആത്മഹത്യ, ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍; പ്രതിക്ക് നിരവധി പെണ്‍കുട്ടികളുമായി ബന്ധം


കിളിമാനൂർ: പള്ളിക്കലിനടുത്ത് പതിനേഴുകാരി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കടയ്ക്കൽ, വെള്ളാർവട്ടം, ആലത്തറമല, മാവിള പുത്തൻവീട്ടിൽ അഭിൽദേവ് (21)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബർ 19-നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്യുന്ന ദിവസം അഭിൽദേവിന്റെ നാല്പതിലധികം കോളുകൾ പെൺകുട്ടിയുടെ ഫോണിലേക്ക് എത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹപരിശോധനാ റിപ്പോർട്ടിൽ പെൺകുട്ടി ലൈംഗിക പീഡനത്തിന് വിധേയയായെന്ന സൂചനകളും ലഭിച്ചിരുന്നു. പ്രതിക്കെതിരേ ആത്മഹത്യപ്രേരണാകുറ്റത്തിന് കേസെടുത്ത് പോലീസ് വിശദാന്വേഷണം തുടങ്ങി.

തുടർന്ന് ഒളിവിൽപ്പോയ പ്രതിയെ പാറശ്ശാലയിൽ വെച്ചാണ് പിടികൂടിയത്. പീഡനം നടന്ന സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളുമായി പ്രതിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. യാതൊരു മുൻപരിചയവും ഇല്ലാത്ത പ്രതി പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് വലയിലാക്കിയത്. ഇയാളുടെ ഇൻസ്റ്റഗ്രാം ചതിക്കുഴിയിൽ നിരവധി പെൺകുട്ടികൾ ഇതിനകം പെട്ടിട്ടുണ്ട്.

കൂട്ടുകാരിൽനിന്നു സംഘടിപ്പിക്കുന്ന ആഡംബര ബൈക്കുകളിൽ പെൺകുട്ടികളുമായി കറങ്ങലാണ് ഇയാളുടെ പതിവ് വിനോദമെന്നു പറയുന്നു. ഇതോടൊപ്പം പെൺകുട്ടിയുടെ സ്വർണാഭരണങ്ങളും പ്രതി കൈവശപ്പെടുത്തി. സ്വർണം പോലീസ് വീണ്ടെടുത്തിട്ടുണ്ട്. പ്രതിക്ക് മറ്റു പെൺകുട്ടികളുമായി വഴിവിട്ടബന്ധം ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നു പറയുന്നു.

പെൺകുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചു. പള്ളിക്കൽ എസ്.എച്ച്.ഒ. പി.ശ്രീജിത്ത്, എസ്.ഐ. എം.സഹിൽ, എ.എസ്.ഐ. അനിൽകുമാർ, സീനിയർ സി.പി.ഒ. മനോജ്, സി.പി.ഒ. സന്തോഷ്, ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍