കര്‍ണാടകയില്‍ ഹിജാബും ബുര്‍ഖയും ധരിച്ച് വീണ്ടും വിദ്യാര്‍ത്ഥികള്‍; പ്രവേശിപ്പിക്കാതെ കോളേജുകള്‍


കര്‍ണാടകയില്‍ വിവാദങ്ങള്‍ക്കിടെ ഇന്ന് പ്രീ യുണിവേഴ്‌സിറ്റി കോളേജുകള്‍ വീണ്ടും തുറന്നിരിക്കെ പ്രതിഷേധങ്ങള്‍. ഹിജാബ്, ബുര്‍ഖ തുടങ്ങിയ മചതപരമായ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ കോളേജിലേക്ക് വന്നു. എന്നാല്‍ കോടതിയുടെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടി ഇവരെ പ്രവേശിപ്പിക്കാനാവില്ലെന്ന് കോളേജധികൃതര്‍ വ്യക്തമാക്കി. ഇതോടെ വിദ്യാര്‍ത്ഥനികള്‍ക്ക് തിരിച്ചു കൊണ്ട് വന്നു.

സാഗര പ്രീ യൂണിവേഴ്‌സിറ്റി കോളേജില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചില്ല. പിന്നാലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കോളേജില്‍ ഇന്ന് അവധി പ്രഖ്യാപിച്ചു.

'ഇന്ന് ഞങ്ങളുടെ പരീക്ഷയായിരുന്നു. ഞങ്ങളെ സംബന്ധിച്ച് വിദ്യാഭ്യാസത്തോടൊപ്പം വളരെ പ്രധാനപ്പെട്ടതാണ് ഞങ്ങളുടെ വിശ്വാസവും. ബുര്‍ഖ ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. ഞങ്ങളിത് അഴിക്കില്ല,' മുഖം മൂടുന്ന ബുര്‍ഖ ധരിച്ചെത്തിയ ഒരു വിദ്യാര്‍ത്ഥിനി മാധ്യമങ്ങളോട് പറഞ്ഞു.

സമാനമായി വിജയപുര, ബിജപുര്‍, കലബുര്‍ഗി, യാഡ്ഗിര്‍ തുടങ്ങിയ സ്ഥലങ്ങളിലും വിദ്യാര്‍ത്ഥിനികള്‍ ബുര്‍ഖയും ഹിജാബും ധരിച്ച് കോളേജില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരെ പ്രവേശിപ്പിച്ചില്ല. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് ഫെബ്രുവരി 9 മുതല്‍ കര്‍ണാടകയിലെ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെയാണ് ഹൈ സ്‌കൂളുകള്‍ വീണ്ടും തുറന്നത്. ഹിജാബ് വിഷയത്തിലെ ഹര്‍ജിയില്‍ വിധി വരുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ ഇന്നും വാദം കേള്‍ക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍