ലഹരി പിടിമുറുക്കുന്നു;യുവതികളുടെ എണ്ണം ആശങ്കയുണ്ടാക്കുന്നവിധം
ഒരു ബൈക്കിലെ യുവാവിന്റെ പഴ്സിലായിരുന്നു രണ്ടുഗ്രാം ലഹരി. കാറിലെ കുടുംബയാത്ര പലപ്പോഴും ലഹരിക്കച്ചവടത്തിനും വിതരണത്തിനുമുളളതായി മാറിയതോടെ പരിശോധനയും ശക്തമായി. ക്ലാസ്‌മേറ്റ്, പഠിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരൻ എന്നിവർ മുഖേനയാണ് ഇവർ കടത്തുകാരായി മാറുന്നതെന്നാണ് മിക്ക കേസുകളിൽ നിന്നുമുളള വിവരം. പിന്നീട് നാട്ടിലേക്കുള്ള വരവിൽ ലഹരി ഒഴിവാക്കാൻ കഴിയാത്ത ഘടകമായി മാറും. മൂന്നു ഫ്രീക്കന്മാർക്ക് ഒരു യുവതി എന്ന നിലയിലാണ് ലഹരിക്കടത്തു വാഹനങ്ങളിൽ കണ്ടുവരുന്നത്. ഇവരുടെ സാമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ആഫ്രിക്കൻ വംശജരുമായുള്ള ബന്ധവും വ്യക്തമായി.
യുവതികൾ ശരീരത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചു കൊണ്ടുവരുന്നത് വ്യാപകമാണിപ്പോൾ. എംഡിഎംഎ, സ്റ്റാംപുകൾ എന്നിവ രഹസ്യഭാഗങ്ങളിൽ സൂക്ഷിക്കുന്നത് പലപ്പോഴും പരിശോധനയ്ക്കും തടസ്സമാകുന്നുണ്ട്. കോയമ്പത്തൂർ ചാവടിയിൽനിന്ന് പിടികൂടിയ കൊല്ലം സ്വദേശിയായ മൂന്നാംവർഷ എംബിബിഎസ് വിദ്യാർഥിനിയുടെ അടിവസ്ത്രങ്ങളിൽനിന്ന് അഞ്ചുഗ്രാം ലഹരി മരുന്നാണ് പിടികൂടിയത്. കേസെടുത്ത് വിവരം വീട്ടുകാരെ അറിയിച്ചപ്പോൾ മറുപടി ആദ്യം രൂക്ഷമായ അസഭ്യമായിരുന്നുവന്ന് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറയുന്നു. അത്രയ്ക്കു വിശ്വാസമായിരുന്നു മകളിൽ അവർക്ക്.
പിതാവും ആങ്ങളയും സ്ഥലത്തെത്തി കാര്യങ്ങളറിഞ്ഞപ്പോൾ തളർന്നുപോയി. രണ്ടുവർഷം മുൻപ്, ഉറക്കമൊഴിച്ചു പഠിക്കുന്നതിലെ സമ്മർദ്ദം ഒഴിവാക്കാനുളള സൂത്രവിദ്യയായാണ് കൂട്ടുകാരി ലഹരിയായി നൽകിയത്. രണ്ടു തവണ കഴിച്ചതോടെ അതിൽനിന്നു തിരിച്ചുകയറാൻ കഴിയാതെയായി. ഇപ്പോൾ അതു വാങ്ങാൻ ലഹരി കടത്തുകാരിയുമായി. കടത്തും കച്ചടവും ഒരുപോലെ നടത്തിയ വനിതയെ പിടികൂടിയത് കാക്കനാട് ഫ്ലാറ്റ് ലഹരിക്കേസിലാണ്. അധ്യാപികയാണ് അവർ. കേസിൽ കച്ചവടത്തിന്റെ കണ്ണികൾ അന്വേഷിച്ച തുടങ്ങിയപ്പോൾ സംഘത്തിലുള്ള യുവതികളുടെ എണ്ണം മൂന്നായി.
‘ഉണ്ടാവില്ല ഒരു തിരിച്ചുവരവ്’
പിടിയിലായ യുവതികളിൽ രണ്ടു പേരൊഴികെ ബാക്കി 90 ശതമാനവും പ്രഫഷനൽ കോഴ്സുകളിൽ പഠിക്കുന്നവരാണ്. ബാക്കിയുള്ളവർ ബിരുദ കോഴ്സുകാരും. കർണാടകയിൽ പഠിക്കുന്നവരാണ് ഭൂരിഭാഗവും. തേവരപാലത്തിനടുത്തുനിന്ന് ഫ്രീക്കന്മാർക്കൊപ്പം എംഡിഎംഎ വിൽപനയ്ക്ക് ഇറങ്ങി അറസ്റ്റിലായ യുവതി ബെംഗളൂരുവിൽ എംബിഎ അവസാന സെമസ്റ്റർ വിദ്യാർഥിയാണ്. ബെംഗളൂരുവിൽനിന്ന് ബൈക്കിൽ എത്തിച്ച ‘സാധനം’ അവരിൽനിന്നു വാങ്ങി വിൽപനയ്ക്കു നിൽക്കുമ്പോഴാണ് അറസ്റ്റിലായത്.
ആ പെൺകുട്ടി രണ്ടാം സെമസ്റ്ററിലാണ് ലഹരി ഉപയോഗിക്കാൻ തുടങ്ങിയത്. പിന്നീട് അതിനുള്ള പണം കണ്ടത്താൻ അതു വിൽക്കേണ്ട സ്ഥിതിയായി. ക്രിസ്മസ് അവധിക്ക് വീട്ടിൽ വന്ന യുവതി എംഡിഎംഎ ലഭിക്കാൻ സാഹചര്യമില്ലാതെ ബുദ്ധിമുട്ടിയപ്പോഴാണ് ബെംഗളൂരുവിൽനിന്ന് എത്തിച്ചത്. യുവാക്കൾ അടക്കം വിവിധ കേസുകളിൽ ഇതുവരെ അറസ്റ്റിലായവർ ബിടെക്, എംസിഎ, എംബിബിഎസ്, എംബിഎ വിദ്യാർഥികളാണ്.

സമ്മർദം, ഭയം, പരീക്ഷാപ്പേടി, വീട്ടിൽനിന്നു വിട്ടുനിന്നു പഠിക്കുമ്പോഴുണ്ടാകുന്ന മനഃപ്രയാസം (ഹോംസിക്ക്നസ്) ഇതൊക്കെ മാറാനുളള കുറുക്കു വഴിയായിട്ടാണ് ഇവർക്കിടയിൽ മരുന്ന് പ്രചരിക്കുന്നത്. എന്നാല്‍ ഇവരാരും പിന്നിലെ വൻചതി അറിയാതെ അത് ഉപയോഗിക്കുമ്പോൾ പിന്നീട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകാത്ത വിധത്തിലാകുന്നു. പലർക്കും അത് എത്തിച്ചുകൊടുക്കുന്നത് സഹപാഠികളാണെന്നതും ആശങ്ക ഉയർത്തുന്ന ഒന്നാണ്. സ്റ്റാംപിനും എംഡിഎംഎക്കും അടിമകളായവർ ലൈംഗികചൂഷണത്തിന് ഇരയാകുന്നതും സാധാരണമാണെന്ന് നർക്കോട്ടിക് ബ്യൂറോ ഉദ്യോഗസ്ഥർ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍