യുക്രെയ്നിൽ പിരിമുറുക്കം; പടനീക്കി യു.എസും
കിയവ്: യുദ്ധാന്തരീക്ഷത്തിന് ഒട്ടും അയവില്ലാതെ യുക്രെയ്ൻ. റഷ്യൻപട കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിലേക്കു നീങ്ങുന്നതിനിടെ റഷ്യയിലെ മുഴുവൻ യുക്രെയ്ൻകാരോട്ടും അടിയന്തരമായി സ്വരാജ്യത്തേക്കു മടങ്ങാൻ യുക്രെയ്ൻ ആവശ്യപ്പെട്ടു. 30 ലക്ഷത്തോളം യുക്രെയ്ൻകാരാണ് റഷ്യയിലുള്ളത്. ഒരു മാസത്തെ അടിയന്തരാവസ്ഥയും യുക്രെയ്നിൽ ഉടൻ പ്രഖ്യാപിച്ചേക്കും.
യുദ്ധസാധ്യത കണക്കിലെടുത്ത് 18-60 പ്രായക്കാരോട് സൈന്യത്തിൽ ചേരാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഉത്തരവിട്ടു. യുക്രെയ്നിൽനിന്ന് റഷ്യ നയതന്ത്രജ്ഞരെ പിൻവലിക്കാൻ തുടങ്ങിയിട്ടുണ്ട്. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ഈയാഴ്ച അവസാനം നടക്കാനിരുന്ന കൂടിക്കാഴ്ച യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ റദ്ദാക്കി. ഇതിനിടെ, യൂറോപ്പിലെ സൈനികരിൽ ഒരു വിഭാഗത്തെ ബാൾട്ടിക് മേഖലയിലെ സഖ്യരാജ്യങ്ങളായ എസ്തോണിയ, ലാത്‍വിയ, ലിത്വേനിയ എന്നിവിടങ്ങളിൽ വിന്യസിക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവിട്ടു. ഇറ്റലി, ജർമനി എന്നിവിടങ്ങളിൽനിന്നാണ് 800 ഭടന്മാരെ മാറ്റി വിന്യസിക്കുന്നത്.
എഫ്-35 പോർവിമാനങ്ങൾ, 20 അപ്പാഷെ ഹെലികോപ്ടർ എന്നിവ അടങ്ങിയ സംഘം ഇതിലുൾപ്പെടുന്നു. 12 അപ്പാഷെ ഹെലികോപ്ടറുകളടങ്ങിയ യു.എസ് സൈനികവിഭാഗത്തെ ഗ്രീസിൽനിന്ന് പോളണ്ടിലേക്കും മാറ്റും. യുക്രെയ്ൻ അതിർത്തിയിലെ റഷ്യൻ സഖ്യരാജ്യമായ ബെലറൂസിൽനിന്ന് റഷ്യൻ സൈന്യം പിന്മാറാത്ത സാഹചര്യത്തിലാണ് യു.എസ് 'പ്രതിരോധ' നടപടി എന്ന് വൈറ്റ്ഹൗസ് വിശദീകരിച്ചു. റഷ്യയെ ആക്രമിക്കാൻ യാതൊരു നീക്കവും യു.എസിനില്ലെന്ന് വ്യക്തമാക്കിയ ബൈഡൻ, റഷ്യക്കെതിരെ പുതിയ സാമ്പത്തിക ഉപരോധവും പ്രഖ്യാപിച്ചു. പോളണ്ട്, റുമേനിയ, ബൾഗേറിയ എന്നീ ബാൾട്ടിക് രാജ്യങ്ങളിലും കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും നീക്കം തുടരുകയാണ്.
ലിത്വേനിയയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുമെന്ന് ജർമനി വ്യക്തമാക്കി. യുക്രെയ്ൻ അതിർത്തിയിൽ ഒന്നര ലക്ഷത്തോളം സൈനികരെയാണ് പുടിൻ യുദ്ധസജ്ജരാക്കി നിർത്തിയിരിക്കുന്നത്. പടിഞ്ഞാറൻ റഷ്യയിലും തെക്കൻ ബെലറൂസിലും റഷ്യ സൈനികവിന്യാസം കൂട്ടിയതിന്റെ പുതിയ ഉപഗ്രഹദൃശ്യങ്ങൾ യു.എസിലെ മാക്സർ ടെക്നോളജീസ് പുറത്തുവിട്ടു. അതേസമയം, നയതന്ത്ര പരിഹാരത്തിന് തുറന്ന മനഃസ്ഥിതിയാണ് റഷ്യക്കുള്ളതെന്ന് പ്രസിഡന്റ് പുടിൻ പറഞ്ഞു. എന്നാൽ, റഷ്യൻ ജനതയുടെയും രാജ്യത്തിന്റെയും സുരക്ഷയിൽ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസിനൊപ്പം യൂറോപ്യൻ യൂനിയൻ, ബ്രിട്ടൻ, ആസ്ട്രേലിയ, കാനഡ, ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്.
റഷ്യയിലെ ബാങ്കുകൾക്കും പുടിനുമായി ബന്ധമുള്ള വൻകിട റഷ്യൻ സമ്പന്നർക്കുമാണ് പ്രധാനമായും ഉപരോധം ബാധകമാക്കിയത്. റഷ്യൻ ഗവൺമെന്റിന്റെ ബോണ്ടുകൾ തങ്ങളുടെ രാജ്യത്ത് വിൽക്കുന്നത് ബ്രിട്ടൻ ബുധനാഴ്ച വിലക്കി. ഉപരോധനടപടികളെ റഷ്യ നിസ്സാരമാക്കി തള്ളി. യു.എസും ബ്രിട്ടനും യൂറോപ്യൻ രാജ്യങ്ങളും കൈയിലുള്ളതെല്ലാം തീരുന്നതുവരെ എടുത്തുപയോഗിക്കുമെന്നും അതുവരെ അവർ ശാന്തരാകില്ലെന്നും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. പ്രശ്നപരിഹാരത്തിന് ഉപരോധമല്ല മാർഗമെന്നും ചർച്ചകളാണ് വേണ്ടതെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു

 
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍