ഹിജാബ് ഹർജി ഇന്ന് വീണ്ടും കോടതിയിൽ; കർണാടകയിൽ വിവിധയിടങ്ങളിൽ നിരോധനാജ്ഞ
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിനെതിരായി കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് വാദം തുടരും. ഹിജാവ് വിലക്കിനെതിരെ വിദ്യാർത്ഥിനികൾ നൽകിയ ഹർജിയാണ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. നേരത്തെ ഹർജിയിൽ വാദം നടക്കവെ മതാചാര വസ്ത്രങ്ങൾ ധരിക്കണമെന്ന് വിദ്യാർത്ഥികൾ നിർബന്ധം പിടിക്കരുതെന്ന് കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. അന്തിമ വിധി വരുന്നത് വരെ മതപരമായ എല്ലാ വസ്ത്രങ്ങൾക്കും കോളേജുകളിൽ കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനിടെ കർണാടകയിലെ ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകൾ ഇന്ന് തുറക്കും.
അതേസമയം സംസ്ഥാനത്ത് ഉഡുപ്പിയിലുൾപ്പെടെ വിവിധയിടങ്ങളിൽ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ ഈ മാസം 19 ശനിയാഴ്ച വരെ ഉടുപ്പിയിലെ എല്ലാ സ്‌കൂളുകള്‍ക്കും സമീപത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതല്‍ സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. സ്‌കൂളുകളുടെ പരിസരത്ത് 200 മീറ്റര്‍ ചുറ്റളവിലായിരിക്കും നിയന്ത്രണം.
നാളെ രാവിലെ 6 മണി മുതല്‍ ശനിയാഴ്ച വൈകീട്ട് 6 മണി വരെയാണ് നിരോധനാജ്ഞ. സ്‌കൂള്‍ പരിസരത്ത് ആള്‍ക്കൂട്ടം അനുവദിക്കില്ല. പ്രതിഷേധ പ്രകടനങ്ങള്‍, മുദ്രാവാക്യം വിളികള്‍, തുടങ്ങിയവ നിരോധിച്ചു. സമാനമായ രീതിയില്‍ മംഗളൂരുവിലെ സ്‌കൂളുകള്‍, കോളജുകള്‍, പ്രീ യൂണിവേഴ്സിറ്റി കോളജുകള്‍ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 22 വരെയാണ് ഇവിടെ നിരോധനാജ്ഞ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍