റീ-രജിസ്‌ട്രേഷന് 10 ഇരട്ടിയോളം ഫീസ് വർധന; ഫിറ്റ്‌നെസ് വൈകിയാൽ ദിവസേന 50 രൂപ പിഴയും
അടിക്കടി വർധിച്ചുകൊണ്ടിരിക്കുന്ന പെട്രോൾ-ഡീസൽ വിലയുടെ ദുരിതം താങ്ങാനാവാത്ത സാധാരണക്കാർക്കുമേൽ ഇരട്ടി പ്രഹരമെന്നോണമാണ് വാഹനങ്ങളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളുടെ നിരക്കിലും പിഴത്തുകയിലുമുള്ള വർധന. രണ്ടും മൂന്നും മുതൽ പത്തിരട്ടി വരെയാണ് വർധന. രജിസ്ട്രേഷൻ പുതുക്കാനും ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുമൊക്കെ ചാർജ് കുത്തനെ കൂട്ടിയതോടെ വാഹന ഉടമകളുടെ നെഞ്ചിലും തീയേറുകയാണ്.
ആയിരത്തിൽ താഴെ മാത്രം നൽകേണ്ടിയിരുന്ന പല സേവനങ്ങൾക്കും ഇനിമുതൽ അനേകായിരങ്ങൾ നൽകേണ്ടിവരും. ഇങ്ങനെ പോയാൽ പുതിയ വാഹനം വാങ്ങാനും ആളുകൾ മടിക്കുന്ന സ്ഥിതിയായേക്കുമെന്ന ആശങ്കയിലാണ് വാഹന വ്യവസായ മേഖല. ഏപ്രിൽ ഒന്നു മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ പൊളിക്കൽ നയത്തിന്റെ ചുവടുപിടിച്ചാണ് നിരക്കുവർധന.
പിഴയിലും വർധന
രജിസ്ട്രേഷൻ പുതുക്കാനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കാനും വൈകിയാൽ ഈടാക്കുന്ന പിഴയിലും വർധനയുണ്ട്. പിഴത്തുകയിലെ വർധന, സമയത്ത് കാര്യങ്ങൾ ചെയ്യുന്ന സ്ഥിതിയിലേക്ക് വാഹന ഉടമകളെ എത്തിക്കുമെന്ന പ്രതീക്ഷയാണ് അധികൃതർ പങ്കുവെക്കുന്നത്.
പിഴത്തുക ഇനി ഇങ്ങനെ...
രജിസ്ട്രേഷൻ പുതുക്കൽ
ടൂവീലർ, കാർ, മറ്റു നോൺ ട്രാൻസ്പോര്ട്ട് വെഹിക്കിൾ (എൻ.ടി.വി.)
നിലവിൽ മൂന്നു മാസം വരെ വൈകിയാൽ 100 രൂപ, ആറുമാസം വരെ വൈകിയാൽ 200 രൂപ,
ഇരുചക്രവാഹനങ്ങൾക്ക് പ്രതിമാസം 300 രൂപ,
മറ്റ് എൻ.ടി.വി.കൾക്ക് പ്രതിമാസം 500 രൂപ
മോട്ടോർ കാബ് പ്രതിമാസം 150
മറ്റു ട്രാൻസ്പോർട്ട് വാഹനങ്ങൾ പ്രതിമാസം 200 രൂപ
ഇവയ്ക്കെല്ലാം ഫിറ്റ്നസ് എടുക്കാൻ വൈകിയാൽ ഇനി മുതൽ പ്രതിദിനം 50 രൂപ പിഴയടക്കേണ്ടി വരും. ഇത് വലിയ ജനദ്രോഹമാണെന്ന് വാഹന ഉടമകൾ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍