1040 വീടുകള്‍ നിര്‍മ്മിച്ചു നല്‍കി സിപിഐഎം; ബാക്കി ഒരു വര്‍ഷത്തിനുള്ളില്‍


സംസ്ഥാനത്തെ ഭവനരഹിതര്‍ക്ക് 1040 വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയെന്ന് സിപിഐഎം. കഴിഞ്ഞ സംസ്ഥാന സമ്മേളനം 2000 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് തീരുമാനിച്ചിരുന്നു. ഇത് പ്രകാരം 1040 വീടുകളാണ് ഇതിനകം പൂര്‍ത്തിയായിട്ടുള്ളത്. ചില ലോക്കലുകളില്‍ ഈ പ്രവര്‍ത്തനം നടന്നിട്ടില്ല. അത് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊച്ചിയിലെ സംസ്ഥാന സമ്മേളനത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂരില്‍ വെച്ച് നടന്ന കഴിഞ്ഞ സസ്ഥാന സമ്മേളനത്തിന് ശേഷമുള്ള നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചിട്ടുള്ളത്. സിപിഐഎം സംഘടനാ രംഗത്ത് വലിയ മാറ്റം സംഭവിച്ചതിനൊപ്പം പാര്‍ട്ടി മെമ്പര്‍മാരുടെ എണ്ണത്തിലും 63000ത്തിലേറെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

ഇപ്പോള്‍ 527378 പാര്‍ട്ടി അംഗങ്ങളുണ്ട്. അതില്‍ 55 ശതമാനത്തിലേറെ പേര്‍ 2012 ന് ശേഷം അംഗത്വമെടുത്തവരാണ്. പുതിയ ആളുകള്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിദ്യാര്‍ഥി സംഘടന രംഗത്തുള്ള മേധാവിത്വം പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ പ്രതിഫലിക്കുന്നില്ലെന്നും അതിനാല്‍ 25 വയസിന് താഴെ പ്രായമുള്ള മെമ്പര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. വനിത അംഗങ്ങളുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. 1495 ബ്രാഞ്ചുകളില്‍ വനിതകള്‍ സെക്രട്ടറിമാരുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍