സിമന്റും സ്റ്റീലും തൊട്ടാല്‍ പൊള്ളും; കെട്ടിടനിര്‍മാണ മേഖലയില്‍ വിലക്കയറ്റ പ്രതിസന്ധി
കൊച്ചി: നിർമാണത്തിനാവശ്യമായ എല്ലാ വസ്തുക്കൾക്കും വിലകൂടിയതോടെ കെട്ടിടനിർമാണ മേഖലയിൽ വൻപ്രതിസന്ധി. സിമന്റ്, സ്റ്റീൽ, കമ്പി, പി.വി.സി. തുടങ്ങി എല്ലാറ്റിനും വൻതോതിൽ വില കൂടി. കോവിഡിനൊപ്പം ആരംഭിച്ച വിലക്കയറ്റമാണ് ഇപ്പോഴും തുടരുന്നത്. യുക്രൈൻ-റഷ്യ യുദ്ധവും പരോക്ഷമായി വിലക്കയറ്റത്തിനു കാരണമായി.
വാർഷികാടിസ്ഥാനത്തിൽ 20-25 ശതമാനം വരെയാണ് മേഖലയിലെ മൊത്തം വിലക്കയറ്റം. യുദ്ധം തുടങ്ങിയതിനുശേഷമുള്ള ഒരു മാസത്തെ കണക്കെടുത്താൽമാത്രം 10 ശതമാനംവരെയാണ് വിലക്കയറ്റം. മൊത്ത വിൽപ്പനവിലയിലെ വർധനയാണിത്. സാധാരണക്കാർ ചെറിയ അളവിൽ നിർമാണ സാധനങ്ങൾ വാങ്ങുമ്പോഴുള്ള ചില്ലറവിൽപ്പനവില ഇതിനെക്കാൾ 15 ശതമാനം വരെ കൂടുതലാണ്.മൂന്നുമാസത്തിനുള്ളിൽ നിർമാണച്ചെലവ് ചതുരശ്രയടിക്ക് 250-300 രൂപ വരെ കൂടി. കോവിഡിനുശേഷം ചതുരശ്രയടിക്ക് 750-1,000 രൂപവരെ നിർമാണച്ചെലവ് ഉയർന്നിട്ടുണ്ട്.
രജിസ്ട്രേഷൻ ചെലവ് കുറയ്ക്കാതെ കേരളം
കേരളം ഒഴികെ മിക്ക സംസ്ഥാനങ്ങളും വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ രജിസ്ട്രേഷൻ ചെലവ് കുറച്ചിട്ടുണ്ട്. സംസ്ഥാനത്ത് വാണിജ്യകെട്ടിടങ്ങൾ റെറ(റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി)യിൽ രജിസ്റ്റർ ചെയ്യുന്നതിന് ചതുരശ്രമീറ്ററിന് നൂറുരൂപയാണ് ഈടാക്കുന്നത്. കേരളത്തിൽ മൊത്തം പ്രോജക്ടിന്റെ ചെലവിൽ പത്തുശതമാനം പോകുന്നത് രജിസ്ട്രേഷനാണ്. അതായത്, 55 ലക്ഷം രൂപ വിലവരുന്ന ഒരു അപ്പാർട്ട്മെന്റിന് 5.5 ലക്ഷം രൂപയാണ് ഉടമസ്ഥാവകാശം മാറ്റുന്നതിനുമാത്രം കൊടുക്കേണ്ടിവരുന്നത്. ഇതിനുപുറമേയാണ്, നിർമാണസാമഗ്രികളുടെ ജി.എസ്.ടി. നിരക്ക്. സ്വർണത്തിന് മൂന്നുശതമാനം ജി.എസ്.ടി. ഈടാക്കുമ്പോൾ സിമെന്റിന് 28 ശതമാനവും സ്റ്റീൽ, കമ്പിപോലുള്ളവയ്ക്ക് 18 ശതമാനവുമാണ് നികുതി.
വിലകൂട്ടി
വിലക്കയറ്റം രൂക്ഷമായതോടെ ഒട്ടുമിക്ക ബിൽഡർമാരും ചതുരശ്രയടിക്ക് ശരാശരി 200-300 രൂപ വരെ വില കൂട്ടിയിട്ടുണ്ട്. അല്ലാതെ പിടിച്ചുനിൽക്കാൻ കഴിയില്ല
-എസ്. കൃഷ്ണകുമാർ, ക്രെഡായ് മുൻ ചെയർമാൻ
സാഹചര്യം മോശം
കോവിഡ് വ്യാപനം കുറഞ്ഞതോടെ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചെങ്കിലും യുക്രൈനുമേലുള്ള റഷ്യൻ അധിനിവേശം കാര്യങ്ങൾ കൂടുതൽ വഷളാക്കി. പുതിയ നിർമാണപദ്ധതികൾക്ക് ചെലവ് എത്ര വരുമെന്നുപോലും കണക്കാക്കാൻ പറ്റാത്ത സാഹചര്യമാണ്.
-എം.എ. മെഹബൂബ്, ക്രെഡായ് കേരള ചെയർമാൻ
ചെലവനുസരിച്ച് വില മാറ്റാൻ കഴിയണം
നിർമാണത്തിലിരിക്കുമ്പോൾ തന്നെ നിശ്ചയിച്ചുറപ്പിച്ച കരാറിലെ വിലയുടെ അടിസ്ഥാനത്തിലാണ് കെട്ടിടം കൈമാറുക. നിർമാണച്ചെലവ് ഉയരുമ്പോൾ നിശ്ചയിച്ചതിലും ചെലവഴിക്കേണ്ടി വരുന്നു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് പ്രോജക്ടിന്റെ വിലയിലും മാറ്റംവരുത്തുന്നതിനുള്ള സംവിധാനം കൊണ്ടുവരണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍