തലയ്ക്കടിക്കാനും വാഹനം അടിച്ചുതകർക്കാനും മലയാളത്തിൽ വിളിച്ചുപറഞ്ഞു; വ്യവസായിക്കു നേരെ ഗുണ്ടാ ആക്രമണം
മലപ്പുറം• ബെംഗളൂരുവിൽനിന്നു നാട്ടിലേക്കു മടങ്ങുകയായിരുന്ന മഞ്ചേരി സ്വദേശിയായ വ്യവസായിക്കുനേരെ ഗുണ്ടൽപേട്ടയിൽ ഗുണ്ടാ ആക്രമണം. വ്യവസായിക്കും കൂടെയുണ്ടായിരുന്ന സുഹൃത്തിനും പരുക്കേറ്റു. വാഹനത്തിനു സാരമായി കേടുപറ്റി. പരാതിയുടെ അടിസ്ഥാനത്തിൽ ഗുണ്ടൽപേട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിനുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. മഞ്ചേരി സ്വദേശിയായ സൗബിക്, സുഹൃത്ത് ഷബീറലി എന്നിവർക്കു നേരെയാണ് ആക്രമണമുണ്ടായത്.
ഗുണ്ടൽപേട്ട– ഗൂഡല്ലൂർ റോഡിൽ ഗുണ്ടൽപേട്ട നഗരത്തിൽനിന്ന് അര കിലോമീറ്റർ മാത്രം അകലെ വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണു സംഭവം. ഇവർ വിശ്രമത്തിനായി വാഹനം നിർത്തിയിട്ട സമയത്ത് രണ്ടു വാഹനങ്ങളിലായെത്തിയ 12 പേർ ആക്രമിക്കുകയായിരുന്നു. സൗബിക്കിനെയും ഷബീറലിയെയും വാഹനത്തിൽ വലിച്ചിറക്കി പഴ്സും മൊബൈൽ ഫോണും കവർന്നു. മാരകായുധങ്ങളുമായാണു സംഘമെത്തിയതെന്നു സൗബിക് പറഞ്ഞു. കൂട്ടത്തിൽ മലയാളികളുമുണ്ടായിരുന്നു. തലയ്ക്കടിക്കാനും വാഹനം അടിച്ചുതകർക്കാനും ഇവർ മലയാളത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ഇരുമ്പുവടിയുപയോഗിച്ചുള്ള മർദനത്തിൽ ഷബീറലിയുടെ തലയ്ക്കു മുറിവേറ്റു. സൗബിക്കിനു കയ്യിലും ശരീരത്തിലും പരുക്കുണ്ട്. സംഘത്തിൽനിന്നു രക്ഷപ്പെട്ട സൗബിക്കും ഷബീറലിയും കുറച്ചകലെയുള്ള കടയിലേക്ക് ഓടിക്കയറുകയായിരുന്നു. അതുവരെ അക്രമിസംഘവും പിന്തുടർന്നു. കേരള റജിസ്ട്രേഷനുള്ള വാഹനങ്ങൾ കൊള്ളയടിക്കുന്ന സംഘം ഗുണ്ടൽപേട്ടയ്ക്കു സമീപത്തെ വനം മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുവെന്ന പരാതി നേരത്തേയുണ്ട്. .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍