മുതുകാട് സീതപ്പാറ കോളനിഭാഗത്തും മാവോവാദികൾ എത്തി


പേരാമ്പ്ര : മുതുകാട് സീതപ്പാറ ആദിവാസി കോളനിക്ക് അടുത്തും കഴിഞ്ഞദിവസം രാത്രിയിൽ ആയുധധാരികളായ മാവോവാദികൾ എത്തി. ബുധനാഴ്ച വൈകീട്ട് ആറോടെ കോളനിക്ക് അടുത്ത് മൂന്നാംബ്ലോക്ക് ഭാഗത്തെ പുഴത്തീരത്താണ് ആറംഗസംഘത്തെ കണ്ടത്. ജോലികഴിഞ്ഞ് കുളിക്കാനെത്തിയ നാട്ടുകാരായ നാലുപേർ 
പുഴത്തീരത്തുണ്ടായിരുന്നു.

ഇവരോട് കടയിൽപോയി അരി വാങ്ങിയെത്തിക്കാൻ സംഘം ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ പോകാൻകഴിയില്ലെന്ന് അറിയിച്ചതോടെ വീട്ടിൽനിന്ന് അരിയെടുത്ത് നൽകാൻ ആവശ്യപ്പെട്ടു..

രണ്ടുപേരെ അവിടെനിർത്തി മറ്റുള്ളവരെ പറഞ്ഞയച്ചു. അവർനൽകിയ അരിയുമായി ഒരു മണിക്കൂറിനുള്ളിൽ പ്രദേശത്തുനിന്ന് മടങ്ങി. ചക്കിട്ടപാറ പഞ്ചായത്തിലെ ആറാംവാർഡിൽപ്പെട്ട പ്രദേശമാണിത്. ഇതിനടുത്തുള്ള പുഷ്പഗിരിമേഖലയിലെ മൂന്ന് വീടുകളിൽ ഏഴിനുരാത്രി നാലുസ്ത്രീകളും രണ്ടുപുരുഷൻമാരും വന്നിരുന്നു. അവർതന്നെയാണ് കോളനിയിലും എത്തിയതെന്നാണ് കരുതുന്നത്. 

ചക്കിട്ടപാറ പഞ്ചായത്തിലെ ആറാംവാർഡിൽപ്പെട്ട പ്രദേശമാണിത്. ഇതിനടുത്തുള്ള പുഷ്പഗിരിമേഖലയിലെ മൂന്ന് വീടുകളിൽ ഏഴിനുരാത്രി നാലുസ്ത്രീകളും രണ്ടുപുരുഷൻമാരും വന്നിരുന്നു. അവർതന്നെയാണ് കോളനിയിലും എത്തിയതെന്നാണ് കരുതുന്നത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ പുതിയ സ്ഥലത്തേക്ക് വീടുമാറിയ കാര്യങ്ങളെപ്പറ്റിയും സംഘം ചോദിച്ചറിഞ്ഞുവെന്നാണ് വിവരം. നേരത്തെതന്നെ പഞ്ചായത്ത് പ്രസിഡന്റുൾപ്പടെയുള്ളവർക്കെതിരേ പോസ്റ്ററും നോട്ടീസും പതിച്ച് മാവോവാദികൾ രംഗത്തെത്തിയിരുന്നു.

പ്രസിഡന്റിന്റെ വീടിനടുത്ത വീടുകളിൽവരെ കഴിഞ്ഞവർഷം മാവോവാദികൾ എത്തി കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആറുമാസമായി പ്രസിഡന്റിന് തോക്കേന്തിയ തണ്ടർബോൾട്ട് സംഘത്തിന്റെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

പുതിയസാഹചര്യത്തിൽ പ്രസിഡന്റിനെ ബന്ധപ്പെട്ട് കൂടുതൽ സുരക്ഷ ആവശ്യമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചിട്ടുണ്ട്.

തണ്ടർബോൾട്ട് സംഘം പ്രദേശത്ത് തിരച്ചിൽതുടരുന്ന സാഹചര്യത്തിലും മാവോവാദികൾ വീണ്ടുമെത്തിയത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍