ഹോട്ടൽ മുറിയിൽ ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന കേസിൽ അമ്മൂമ്മ സിപ്‌സി അറസ്റ്റിൽ


കൊച്ചി  കലൂരിലെ ഹോട്ടൽ മുറിയിൽ  Room) ഒന്നരവയസ്സുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ അമ്മൂമ്മ സിപ്‌സി  അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറയിൽ  നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസ് എടുത്തതിനെ തുടർന്ന് ഇവർ ഒളിവിൽ പോയിരുന്നു.  കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ പൊലീസ് പരിശോധനയ്ക്ക് എത്തിയിരുന്നു.  എന്നാൽ അതിനു മുന്നേ സിപ്സി സ്ഥലം വിട്ടു. തുടർന്ന് പൊലീസ് ഇവർക്കായി വ്യാപക തിരച്ചിൽ നടത്തി.
തിരുവനന്തപുരത്ത്  എത്തി എന്ന സൂചനയെ തുടർന്ന്  ഈ മേഖലയിൽ പരിശോധന പുരോഗമിക്കുക ആയിരുന്നു. ഇവരുടെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസിന് ലഭിച്ചു. തുടർന്നാണ് പൂന്തുറയിൽ നിന്നും ഇവരെ കസ്റ്റഡിയിൽ എടുത്തത്. കുട്ടിയുടെ പിതാവ് സജീവിനെതിരെയും  പൊലീസ് കേസെടുത്തു.  ജുവനൈൽ ജസ്‌റ്റിസ്‌ ആക്ട്‌ പ്രകാരമാണ് കേസ്.

കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്‌ച വരുത്തിയതിനാണ്‌ രണ്ടുപേർക്കുമെതിരെ കേസ്‌ എടുത്തത്. കൊലപാതകത്തിൽ  സിപ്സിക്ക് പങ്കില്ലെന്നാണ്‌ പൊലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും സിപ്സിയുടെ മൊഴി പൂർണമായും പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.  ഇവർക്കെതിരെ അങ്കമാലിയിലും  ചാലക്കുടിയിലും  കഞ്ചാവ് കേസ് ഉൾപ്പെടെയുള്ളവ നിലനിൽക്കുന്നുണ്ട്. ക്രിമിനൽ പശ്ചാത്തലം ഉള്ള ആളാണ് കുട്ടിയുടെ പിതാവ് സജീവ്. ഇരുവർക്കുമെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു.

കുട്ടിയുടെ സംരക്ഷണം ഇവരുടെ കൈകളിൽ എങ്ങനെ എത്തിയെന്നതിനെക്കുറിച്ചും  പൊലീസ്‌ വിശദമായി അന്വേഷിക്കും.

പൊലീസ് കേസ് എടുക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് ഇരുവരും  ഒളിവിൽ പോയത്.  കഴിഞ്ഞ ദിവസം കറുകുറ്റിയിലെ ഇവരുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും രണ്ടു പേരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. കുട്ടികളെ കഞ്ചാവ് വില്പനയ്ക്ക്  സിപ്സി മറയാക്കിയെന്ന് അമ്മ ആരോപിച്ചിരുന്നു. ഈ സാഹചര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

ബുധനാഴ്ചയാണ് ഒന്നര വയസുകാരിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയത്. അങ്കമാലി കോട്ടശ്ശേരി സ്വദേശികളായ സജീഷിന്‍റേയും ഡിക്സിയുടെയും മകൾ നോറ മരിയയാണ് മരിച്ചത്. ഹോട്ടൽ മുറിയിലെ ബക്കറ്റിൽ മുക്കിയാണ് കുഞ്ഞിനെ കൊന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്ത് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഹോട്ടലിൽ മുറിയെടുത്ത ശേഷം കുട്ടിയെ ഹോട്ടല്‍ മുറിയില്‍ വച്ച് കൊല്ലുകയായിരുന്നു.  ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് കുട്ടിയുടെ അമ്മയുടെ മാതാവും സുഹൃത്തും ഹോട്ടലിലെത്തിയത്. ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

കുഞ്ഞിനെ മുക്കിക്കൊന്ന ശേഷം വെള്ളത്തില്‍ വീണ് മരിച്ചെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിക്കുകയായിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കുഞ്ഞിന്‍റേത് സ്വാഭാവികമരണമല്ലെന്ന് തെളിഞ്ഞത്. കുഞ്ഞിന്‍റെ മാതാവും പിതാവും  വിദേശത്താണ്. 5 വയസ്സ് പ്രായമായ ഒരു മകനും ഇവർക്ക് ഉണ്ട്. അമ്മയുടെ അമ്മ സിപ്സിയുടെ  സംരക്ഷണയിലായിരുന്നു കുട്ടികളുണ്ടായിരുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍