വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച യുവാവിന്റെ വീട്ടുപടിക്കൽ കുത്തിയിരുന്ന് 24-കാരി
മഞ്ചേരി: വിവാഹവാഗ്ദാനം നൽകി കബളിപ്പിച്ച് കടന്ന യുവാവിനെ തേടി തമിഴ്നാട് സ്വദേശിനിയായ 24-കാരി തൃക്കലങ്ങോട്ടെ യുവാവിന്റെ വീട്ടിലെത്തി. കഴിഞ്ഞ ദിവസം തമിഴ്നാട് പഴനി സ്വദേശിയായ യുവതിയാണ് കൂമംകുളത്തുള്ള യുവാവിന്റെ വീട്ടിലെത്തിയത്.
വിവാഹാഭ്യർഥന നടത്തി തന്നെ വഞ്ചിച്ചുവെന്നാണ് യുവതിയുടെ പരാതി. വിവാഹം നടത്തിത്തരണമെന്ന ആവശ്യം യുവാവിന്റെ വീട്ടുകാർ തള്ളിയതോടെ യുവതി വീട്ടുപടിക്കൽ കുത്തിയിരിക്കാൻ തുടങ്ങി. വൈകീട്ട് നാട്ടുകാർ ഇടപെട്ട് മാറ്റിയെങ്കിലും പിറ്റേന്നുമുതൽ യുവതി വീട്ടുമുറ്റത്തുനിന്ന് പോകാൻ കൂട്ടാക്കിയില്ല.
മഞ്ചേരി പോലീസ് സ്ഥലത്തെത്തി യുവതിയെ മാറ്റി. യുവാവിനെയും കുടുംബത്തെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഏഴു മാസം മുമ്പാണ് 20-കാരനായ യുവാവ് ഹോട്ടൽ മാനേജ്മെന്റ് പഠനത്തിനായി ചെന്നൈയിലെത്തിയത്. ഇതിനിടെ ചെന്നൈയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതിയുമായി സൗഹൃദത്തിലായി.
വിവാഹവാഗ്ദാനം നൽകി യുവാവ് തന്നെ പീഡിപ്പിച്ചെന്നും പെൺകുട്ടി ആരോപിച്ചു. കേസിൽ തമിഴ്നാട്ടിൽത്തന്നെ പരാതി നൽകണമെന്ന് പോലീസ് നിർദേശിച്ചതിനെത്തുടർന്ന് യുവതി നാട്ടിലേക്ക് മടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍