ഐശ്വര്യ ചികിത്സാ സഹായത്തിന് ബൈത്തുൽ സക്കാത്ത് കമ്മിറ്റിയുടെ അരലക്ഷം


താമരശ്ശേരി : തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗത്തിന് ചികിത്സ സഹായം തേടുന്ന താമരശ്ശേരി ജി.യു.പി.സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ഐശ്വര്യയ്ക്ക് സഹായഹസ്തവുമായി കേരള ബൈത്തുൽ സക്കാത്ത് കമ്മിറ്റി. അരലക്ഷം രൂപയുടെ ചെക്ക് കേരള ബൈത്തുൽ സക്കാത്ത് കമ്മിറ്റിയുട പ്രതിനിധി ആർ.കെ. അബ്ദുൽ മദീദിന് താമരശ്ശേരി ജി.യു.പി.സ്കൂൾ ഹെഡ്മാസ്റ്റർ കെ. വേണുവിന് കൈമാറി.
ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് മഹേന്ദ്രൻ, എം.എ യൂസഫ് ഹാജി, സ്റ്റാഫ് സെക്രട്ടറി സജിമോൻ സ്കറിയ റെജി തോമസ്, റിസാന ടീച്ചർ, ഉസ്മാൻ പി. ചെമ്പ്ര എന്നിവർ സംസാരിച്ചു.
പരപ്പൻപൊയിലിൽ താമസിക്കുന്ന സൂരജിന്റെ മകളാണ് ആറുവയസുകാരിയായ ഐശ്വര്യ. തലച്ചോറിനെ ബാധിക്കുന്ന ഗുരുതര രോഗമായ ചിയാരി മാൽഫോർമേഷൻ ടൈപ്പ് 1, മേസിയൽ ടെമ്പോറൽ സ്ക്കളേറോസിസ് (Chiari Malformation Type 1, Mesial Temporal Sclerosis) എന്നീ അസുഖത്തെ തുടർന്ന് വലിയ ശസ്ത്രക്രിയ നടത്താനാണ് ഡോക്റ്റർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ജന്മനായുള്ള ഈ അസുഖം എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കുടുംബത്തിന് സ്വന്തമായിട്ട് വീട് പോലും ഇല്ല. വാടകവീട്ടിൽ താമസിക്കുന്ന കൂലിപ്പണിക്കാരായ അച്ഛന് മകളുടെ ഓപ്പറേഷന് വേണ്ടതുക കണ്ടെത്തുന്നതിനും പ്രയാസമാണ്. ഈ സാഹചര്യത്തിൽ സുമനസുകൾ കൈത്താങ്ങായി എത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍