കാക്കനാട്ടെ ഫ്‌ളാറ്റിൽ റെയ്ഡ്, കണ്ടെടുത്തത് 82 കുപ്പി ഹാഷിഷ് ഓയിൽ, MDMA; എട്ടുപേർ പിടിയിൽ

കാക്കനാട്: തൃക്കാക്കരയിൽ വീണ്ടും മയക്കുമരുന്നുവേട്ട. കാക്കനാട്ടെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ 82 കുപ്പി ഹാഷിഷ് ഓയിലും 11 ഗ്രാം എം.ഡി.എം.എ.യുമായി യുവതി ഉൾപ്പെടെയുള്ള എട്ടംഗ സംഘമാണ് അറസ്റ്റിലായത്.

വഴുതക്കാട് അമൃതഗർഭ വീട്ടിൽ ശങ്കരനാരായണൻ (23), ആലപ്പുഴ വള്ളികുന്നം കൊല്ലക വീട്ടിൽ മുഹമ്മദ് സിറാജ് (21), കല്ലമ്പലം ഇർഫാൻ മൻസിലിൽ റിസ്വാൻ (23), ആലപ്പുഴ ചേർത്തല വടക്കേകന്നത് വീട്ടിൽ ജിഷ്ണു (22), തേക്കുമുറി പുളിയന്നൂർ ഏഴപ്പറമ്പിൽ വീട്ടിൽ അനന്തു (27), ഹരിപ്പാട് ചിങ്ങോട് മൂടോളിൽ കിഴക്കേതിൽ വീട്ടിൽ അഖിൽ (24), ചാവക്കാട് പിള്ളക്കാട് പുതുവടതയിൽ വീട്ടിൽ അൻസാരി (23), കോട്ടയം വില്ലൂന്നി തിരുത്താക്കിരി പുത്തൻപുരയ്ക്കൽ വീട്ടിൽ കാർത്തിക (26) എന്നിവരാണ് പിടിയിലായത്.

കാക്കനാട്ടെ ഫ്ളാറ്റിൽ ലഹരിമരുന്നുപയോഗം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ വി.യു. കുര്യാക്കോസിന്റെ നിർദേശപ്രകാരം നർക്കോട്ടിക് സെൽ അസി. കമ്മിഷണർ കെ.എ. അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ ഷാഡോ പോലീസുമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

പിടിതരാതെ കൂറിയർ ലഹരി

കൊച്ചി: കൂറിയർ വഴി കേരളത്തിലേക്കുള്ള ലഹരിവരവിൽ വൻ വർധന. കോവിഡ് കാലത്താണ് കൂറിയർ വഴിയുള്ള ലഹരിവിപണനം വ്യാപകമായത്. വ്യാജ മേൽവിലാസത്തിൽ അയയ്ക്കുന്നതിനാൽ പലപ്പോഴും ഇത് പിടിക്കപ്പെടാറില്ല. ഇതിനായി ഒട്ടനവധി ആപ്പുകളും ഉണ്ട്. ഡൽഹി, ഹരിയാണ എന്നിവടങ്ങളിൽ നിന്നാണ് കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും കൂറിയറായി കേരളത്തിലേക്ക് എത്തുന്നത്.

ആപ്പുവഴി ബുക്ക് ചെയ്യുന്ന ലഹരി പദാർഥങ്ങൾ സ്വകാര്യ കൂറിയർ കേന്ദ്രങ്ങളിലാണ് എത്തുക. അത് നേരിട്ടെത്തി വാങ്ങുകയാണ് പതിവ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇത്തരത്തിൽ ലഹരിയെത്തുന്നുണ്ട്.

'തുളസിയല ചേർത്ത് പൊടിച്ച പ്രകൃതിദത്ത മരുന്ന്' എന്ന വ്യാജേന കൂറിയർ വഴി കഞ്ചാവ് വിപണനം നടത്തുന്നത് കണ്ടെത്തിയിരുന്നു. പ്രത്യേക ഡപ്പികളിൽ പൊടി രൂപത്തിലാണ് ഇവ പാഴ്സൽ ചെയ്യുന്നത്. ഒരിക്കൽ വാങ്ങിയാൽ അടുത്ത തവണ ഡിസ്കൗണ്ടും ആപ്പുകൾ നൽകുന്നുണ്ട്. ഉപയോഗിച്ചവർക്ക് പ്രതികരണം അറിയിക്കുകയും ചെയ്യാം.

രാസലഹരിയായ എം.ഡി.എം.എ., എൽ.എസ്.ഡി. എന്നിവ കേരളത്തിലേക്ക് കൂടുതലായി എത്തുന്നത് നെതർലൻഡ്സിൽ നിന്നാണ്. എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കാസർകോഡ് ജില്ലകളിലേക്കാണ് ഇത്തരം കൂറിയറുകൾ അധികവും എത്തുന്നത്.

കൊച്ചിയിൽ പ്രവർത്തിക്കുന്ന വിദേശ പോസ്റ്റ് ഓഫീസിലേക്കാണ് വിമാനത്തിൽ കൂറിയർ എത്തുന്നത്. കത്തിനൊപ്പവും വിവാഹ ക്ഷണക്കത്തിന് സമാനമായ കവറിനുള്ളിലും ഒളിപ്പിച്ച നിലയിലാണ് ഇത് കണ്ടിട്ടുള്ളത്.

വിദേശ പോസ്റ്റ് ഓഫീസിനോട് ചേർന്നുള്ള കസ്റ്റംസ് വിഭാഗമാണ് സ്കാനിങ്ങിനിടെ സംശയം തോന്നുന്ന പാഴ്സലുകൾ പൊട്ടിച്ചുനോക്കുകയും എക്സൈസ് വിഭാഗത്തെ അറിയിക്കുകയും ചെയ്യുന്നത്. നർക്കോട്ടിക് വിഭാഗത്തിന്റെ കൈവശമുള്ള ഡ്രഗ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിച്ചാണ് പൊടി രൂപത്തിലും കലർത്തിയും കൊണ്ടുവരുന്ന ലഹരിമരുന്ന് പിടികൂടുന്നത്.

കൂറിയർ കമ്പനികൾക്ക് നിർദേശം

ലഹരിക്കടത്ത് കൂടിയതോടെ സംശയം തോന്നുന്ന പാഴ്സലുകളെക്കുറിച്ചുള്ള വിവരം അപ്പപ്പോൾ അറിയിക്കണമെന്ന് കൂറിയർ കമ്പനികൾക്ക് പോലീസ്-എക്സൈസ് വിഭാഗം നിർദേശം നൽകിയിട്ടുണ്ട്. ഇങ്ങനെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിൽ നിന്ന് അടുത്തയിടെ 10-ലധികം പാഴ്സലുകളിൽ വന്ന ലഹരി പോലീസ് പിടികൂടി.

കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിൽ നിന്ന് പിടികൂടിയ പാഴ്സലുകളിലെ മേൽവിലാസം നോക്കി യുവാക്കളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മഞ്ചേരി, കോഴിക്കോട്, ഇരിഞ്ഞാലക്കുട, കാക്കനാട്, കൊച്ചി, ഏറ്റുമാനൂർ തുടങ്ങിയിടങ്ങളിൽ നിന്നുള്ളവരാണ് കഴിഞ്ഞദിവസം കൊച്ചി നർക്കോട്ടിക് സെല്ലിന്റെ പിടിയിലായത്. മൊത്തം 12 കേസുകൾ എടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍