'രേഷ്മയുടെ ഭര്‍ത്താവിന് ആര്‍എസ്എസ് ബന്ധം'; നിജിലിനെ ഒളിവില്‍ താമസിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞ് കൊണ്ട്


ഹരിദാസന്‍ വധക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ദാസിനെ ഒളിവില്‍ താമസിപ്പിച്ച വീടിന്റെ ഉടമയായ പ്രശാന്തിന് ആര്‍എസ്എസ് ബന്ധമാണുള്ളതെന്ന് പിണറായി ഏരിയ സെക്രട്ടറി കെ ശശിധരന്‍. ശബരിമല വിധിയെ തുടര്‍ന്ന് പരസ്യമായി ആര്‍എസ്എസ് അനുകൂല നിലപാടാണ് പ്രശാന്ത് സ്വീകരിച്ചതെന്നും സിപിഐഎം അറിയിച്ചു.

കെ ശശിധരന്‍ പറഞ്ഞത്: ''അണ്ടലൂരിലെ പ്രശാന്തിന് സിപിഐഎമ്മുമായി ഒരു ബന്ധവുമില്ല. സമീപകാലത്തായി ആര്‍എസ്എസുമായാണ് പ്രശാന്ത് അടുപ്പവും ബന്ധവും പുലര്‍ത്തിയത്. ശബരിമല വിധിയെ തുടര്‍ന്ന് പരസ്യമായി ആര്‍എസ്എസ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ 2021ല്‍ അണ്ടലൂര്‍ കാവിലെ ഉത്സവം ജനക്കൂട്ടമില്ലാതെ നടത്താന്‍ ക്ഷേത്രകമ്മിറ്റിയും ഊരാളന്മാരും തറവാട്ടുകാരും തീരുമാനിച്ചപ്പോള്‍ അതിനെതിരെ ആര്‍എസ്എസ് നടത്തിയ നാമജപഘോഷയാത്രക്ക് സഹായം ചെയ്തതും പ്രശാന്ത് ഉള്‍പ്പെട്ട സംഘമാണ്. ക്ഷേത്രം കുടുംബസ്വത്താണെന്ന വാദം ഉന്നയിച്ച് വിഭാഗീയത സൃഷ്ടിക്കാനും ശ്രമിച്ചു. ഈ ബന്ധത്തിന്റെ കൂടി ഭാഗമായാണ് പ്രശാന്തിന്റെ ഭാര്യ രേഷ്മ കൊലക്കേസ് പ്രതിയെ വീട്ടില്‍ ഒളിപ്പിച്ച് താമസിപ്പിച്ചത്.''

പ്രശാന്തിന് സിപിഐഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും വ്യക്തമാക്കി.

''പല വിഷയങ്ങളിലും ആര്‍എസ്എസ് അനുകൂല നിലപാട് സ്വീകരിച്ചയാളാണ് അധ്യാപികയുടെ ഭര്‍ത്താവ്. അണ്ടലൂര്‍ക്കാവ് ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് പാരമ്പര്യ ട്രസ്റ്റികളും പാരമ്പര്യേതര ട്രസ്റ്റികളും തമ്മിലുള്ള തര്‍ക്കം വന്നപ്പോള്‍ ഇദ്ദേഹം ആര്‍എസ്എസ് നിലപാടിനൊപ്പമായിരുന്നു. കൊവിഡ് നിയന്ത്രണത്തിനെതിരെ ആര്‍എസ്എസുകാര്‍ നടത്തിയ സമരങ്ങള്‍ക്കൊപ്പവും നിന്നയാള്‍ എങ്ങനെയാണ് സിപിഐഎം അനുഭാവി ആവുക.''

''കൊലക്കേസ് പ്രതിയെ അധ്യാപിക ഒളിവില്‍ താമസിപ്പിച്ചത് സംശയാസ്പദമാണ്. ആള്‍താമസമില്ലാത്ത ഈ വീട് പലപ്പോഴും വാടകക്ക് കൊടുക്കാറുണ്ട്. അങ്ങനെ ഒരു വീട്ടില്‍ ആരുമറിയാതെ ഒരാളെ താമസിപ്പിക്കുകയും രഹസ്യമായി ഭക്ഷണം എത്തിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്. പ്രതിക്ക് അധ്യാപികയുമായുള്ള ബന്ധം, അധ്യാപികയ്ക്ക് അമൃത വിദ്യാലയത്തില്‍ ജോലി കിട്ടിയതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ആര്‍എസ്എസ് ബന്ധം വ്യക്തമാകും.''- എംവി ജയരാജന്‍ പറഞ്ഞു.

നിജില്‍ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് രേഷ്മ വീട് നല്‍കിയതും ഒളിവില്‍ താമസിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയതെന്ന് പൊലീസ് പറഞ്ഞു. എല്ലാ തെളിവും ശേഖരിച്ച ശേഷമാണ് പൊലീസ് രേഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 122 പ്രകാരം അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍