മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്കയെന്ന് ദീപിക മുഖപത്രം
കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെയും സിപിഐഎമ്മിനെതിരെയും സിറോ മലബാർ സഭ മുഖപത്രം ദീപിക. മുസ്ലിം യുവാക്കൾ ഉൾപ്പെടുന്ന മിശ്രവിവാഹങ്ങളിൽ ആശങ്കയുണ്ടെന്ന് ദീപിക മുഖപ്രസംഗം പറയുന്നു. ലവ് ജിഹാദ് ഇല്ലെന്നു പറയുന്ന സിപിഐഎമ്മിനും ഇക്കാര്യത്തിൽ ഭയമുണ്ടെന്നും മുഖപ്രസംഗം പറയുന്നു. കോടഞ്ചേരി ഉയർത്തുന്ന ചോദ്യങ്ങൾ എന്ന തലക്കെട്ടിലാണ് ദീപിക മുഖപത്രം.
മുഖപത്രത്തിൻ്റെ പൂർണ രൂപം:
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ കത്തോലിക്കാ യുവതിയെ കാണാതായതും പിന്നീട് ഡിവൈഎഫ്ഐക്കാരനായ മുസ്ലിം യുവാവിനൊപ്പം കോടതിയിൽ ഹാജരായതും, വിവാഹത്തിനു തീരുമാനിച്ചെന്നും യുവാവിനൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി പറഞ്ഞതും അനന്തരസംഭവങ്ങളുമൊക്കെ വലിയ വിവാദമായി. വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. പെൺകുട്ടിയുടെ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി യെത്തുടർന്ന് അവരെ ഇന്നു ഹാജരാക്കണമെന്നു ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രണയിച്ചവരെ ഒന്നിപ്പിക്കണമെന്നും ഇതിനെ ലൗ ജിഹാദെന്നു പറഞ്ഞ് ചിലർ മതസൗഹാർദ അന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നുമൊക്കെയാണ് സിപിഎം ഉൾപ്പെടെയുള്ള ചില രാഷ്ട്രീയ പാർട്ടികളും സംഘടനകളും ചില മാധ്യമങ്ങളുമൊക്കെ പറഞ്ഞുകൊണ്ടിരിക്കുന്നത്. സ്വന്തം മകളുടെയോ സഹോദരിയുടെയോ കാര്യമല്ലെങ്കിലും അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. അതേസമയം, ആ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമൊന്നുമില്ലേ?
മാർച്ച് 3നാണ് സൗദി അറേബ്യയിൽ ജോലിചെയ്യുന്ന കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജോയ്സ്ന അവധിക്കു വീട്ടിലെത്തിയത്. അഞ്ചു വർഷമായി പ്രണയത്തിലായിരുന്ന വിദേശത്തു ജോലിയുള്ള യുവാവുമായുള്ള വിവാഹ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഏപ്രിൽ ഒമ്പതിന് ജോയ്സ്നയെ കാണാതാകുന്നതെന്നാണ് ജോയ്സിയുടെ പിതാവ് പറയുന്നത്. താമരശേരിക്കു പോയ ജോയ്സ്നയെ കാണാതായതിനെ തുടർന്നു വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് അനുജത്തി, ജോയ്സ്നയുടെ സുഹൃത്തിനെ വിളിച്ചപ്പോഴാണ് ചേച്ചി ഇന്നു വരില്ല എന്നു സുഹൃത്ത് പറഞ്ഞത്. ചേച്ചിക്കു ഫോൺ കൊടുക്കാൻ നിർബന്ധിച്ചപ്പോൾ “ഇവർ എന്നെ പിടിച്ചുവച്ചിരിക്കുകയാണ്, വിടുന്നില്ല” എന്നു ജോയ്സ്ന പറഞ്ഞു. ഉടൻ തന്നെ ഫോൺ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. ഇതോടെ ഭയന്നുപോയ കുടുംബം കോടഞ്ചേരി പോലീസിൽ വിവരമറിയിച്ചെന്നുമാണ് ജോയ്സിയുടെ പിതാവ് അറിയിച്ചത്. നേരമേറെയായിട്ടും ഫോണിന്റെ ലൊക്കേഷൻ കണ്ടെത്താനാകുന്നില്ലെന്നു പോലീസറഞ്ഞതോടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം. തോമസുമായി ബന്ധപ്പെട്ടു. അതിനിടെയാണ് സിപിഎം, ഡിവൈഎഫ്ഐ നേതാവ് നൂറാംതോട് സ്വദേശി എം.എസ്. ഷെജിൻ എന്ന മുസ്ലിം യുവാവിനൊപ്പമാണ് ഉള്ളത് എന്നറിയുന്നത്. പിറ്റേന്നു കോടതിയിൽ ഹാജരാക്കുമ്പോൾ ജോയ്സ്നയുമായി സംസാരിക്കാൻ മാതാപിതാക്കൾക്ക് അവസരം നൽകാമെന്ന് സിപിഎം നേതാവ് പറയുകയും ചെയ്തു. പക്ഷേ, മാതാപിതാക്കൾ എത്തും മുമ്പേ ഷെജിനും ജോയ്സ്നയും കോടതിയിൽ നിന്നു മടങ്ങി. യുവാവിനൊപ്പം പോകാനാണ് താൻ ആഗ്രഹിക്കുന്നതെന്നു യുവതി കോടതിയിൽ പറയുകയും ചെയ്തു.
പാർട്ടി ഇടപെട്ടു തിരുത്തുന്നതിനുമുമ്പ് സിപിഎം നേതാവ് ജോർജ് എം. തോമസ് പറഞ്ഞത് ഷെജിൻ കാണിച്ചത് ശരിയായില്ലെന്നും അങ്ങനെയൊരു പ്രണയമുണ്ടെങ്കിൽ, അങ്ങനെ മിശ്രവിവാഹം കഴിക്കണമെന്നുണ്ടെങ്കിൽ അതു പാർട്ടിയെ അറിയിച്ച് പാർട്ടിയുമായി ആലോചിച്ച്, പാർട്ടി സഖാക്കളുടെ നിർദേശം സ്വീകരിച്ചു തീരുമാനമെടുക്കേണ്ടതായിരുന്നു എന്നാണ്. പാർട്ടിയെ അറിയിക്കാതെ അടുത്ത സഖാക്കളോടു പോലും പറയാതെയാണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നതത്രേ. അതു കൊള്ളാം. ഇത്തരമൊരു തീരുമാനമെടുക്കും മുൻപ് ഷെജിൻ അതു പാർട്ടിയോടും അടുത്ത സഖാക്കളാടും പറയണം. പക്ഷേ, പെൺകുട്ടിയെ ഇത്രകാലം സഹിച്ച് വളർത്തിയ മാതാപിതാക്കളോട് പെൺകുട്ടിയോ യുവാവോ ഒന്നും പറയേണ്ടതുമില്ല. വിദേശത്തു ലക്ഷങ്ങൾ ശമ്പളമുള്ള ഉദ്യോഗസ്ഥയായല്ലല്ലോ അവൾ ജനിച്ചത്. അവളെ പഠിപ്പിച്ചു സ്വന്തം കാലിൽ നിൽ ക്കാൻ പ്രാപ്തയാക്കാൻ അഹോരാത്രം വിയർപ്പൊഴുക്കിയത് മാതാപിതാക്കളാണ്. അവർക്കു സ്വന്തം മകളോട് ഒന്നു സംസാരിക്കാൻ പോലും അവസരം കൊടുക്കാതെ ദുരൂഹ സാഹചര്യത്തിൽ കൊണ്ടു പോകുന്നതാണോ മതേതരത്വം?
ഇത് അത്ര നിഷ്കളങ്കമായ പ്രണയമാണോയെന്നും നിരവധിയാളുകൾ സംശയിക്കുന്നുണ്ട്. എന്തുകൊണ്ടാണ് വിവാഹ ഒരുക്കത്തിനിടെ തന്റെ പണം തിരിച്ചുതരണമെന്നാവശ്യപ്പെട്ട് ജോയ്സ്ന ഒരാളെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നത്? ആരാണ് അവിവാഹിതയായ ഒരു യുവതിയുടെ കൈയിൽനിന്നു പണം വാങ്ങിയിട്ടു തിരിച്ചുകൊടുക്കാതിരുന്ന നേതാവ്? അനുജത്തി ഫോണിൽ ബന്ധപ്പെട്ടപ്പോൾ “എന്നെ പിടിച്ചുവച്ചിരിക്കുകയാണ്. വിടുന്നില്ല” എന്നു ജോയ്സ്ന ഭയന്നു പറഞ്ഞതെന്തിനാണ്? പ്രേമിക്കുന്നയാളെ ഭീഷണിപ്പെടുത്തി പിടിച്ചുവച്ചാണോ വിവാഹത്തിനു സമ്മതിപ്പിക്കേണ്ടത്? ചാറ്റിംഗിലൂടെയും പണമിടപാടുകളിലൂടെയും പെൺകുട്ടികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു കെണിയൊരുക്കി നിരവധി വിവാഹങ്ങൾ നടക്കാറുണ്ട്. പരിശുദ്ധ പ്രണയത്തിന്റെ പട്ടികയിലല്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് അതൊക്കെ ചേർക്കാറുള്ളത്. അങ്ങനെയെന്തെങ്കിലുമാണോ തങ്ങളുടെ മകൾക്കും സംഭവിച്ചതെന്ന് അന്വേഷിക്കാൻ മാതാപിതാക്കൾക്ക് അവകാശമില്ലേ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍