മുസ്ലീം പള്ളി പെയിൻ്റ് ചെയ്യിപ്പിച്ച സൂര്യനാരായണൻ; മലപ്പുറത്തെ മതേതര മാതൃക
മലപ്പുറം: നാട്ടിലെ നമസ്കാര പള്ളി പെയിൻ്റ് അടിക്കാൻ സമ്മതം ചോദിച്ചപ്പോഴും അത് ചെയ്ത് കൊടുത്തപ്പോഴും പ്രവാസിയായ മലപ്പുറം വറ്റല്ലൂർ സ്വദേശി സൂര്യനാരായണൻ അതിങ്ങനെ ലോകം അറിഞ്ഞ് അംഗീകരിക്കും എന്ന് കരുതിയിട്ടില്ല. ഈ വിശുദ്ധ റമദാൻ കാലത്തെ മത മൈത്രിയുടെ നേരടയാളമായി അത് വാഴ്ത്തപ്പെടുമ്പോൾ സൂര്യ നാരായണന് ഇതൊരു സാധാരണ കാര്യമാണ്.
വറ്റല്ലൂർ എന്ന കൊച്ചു ഗ്രാമത്തിലെ മസ്ജിദുൽ ഉമറുൽ ഫാറൂഖെന്ന ഈ കുഞ്ഞു നിസ്കാര പള്ളിയും അതിൻ്റെ ചായം തേച്ച ചുമരുകളും സാമൂഹ്യ മാധ്യമങ്ങളിൽ അതിരുകൾ ഇല്ലാതെ വളരുക ആണ്. നാട്ടുകാരനും പ്രവാസിയുമായ സൂര്യ നാരായണൻ വറ്റല്ലൂരിൽ എത്തിയ സമയത്ത് ഈ പള്ളി ഇങ്ങനെ ആയിരുന്നില്ല. പള്ളി പെയിൻ്റ് ചെയ്യിച്ചോട്ടെ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ പള്ളിക്കമ്മിറ്റിയും സമ്മതിച്ചു. സൂര്യ നാരായൺ ഇതെല്ലാം ചെയ്യിച്ച് വിദേശത്തേക്ക് തിരിച്ച് പോകുകയും ചെയ്തു. അതിന് ശേഷം പള്ളിക്കമ്മിറ്റി അംഗം കൂടിയായ മൻസൂർ പള്ളിപ്പറമ്പിൽ ഫേസ്ബുക്കിൽ ഇട്ട കുറിപ്പ് ലോകം ഏറ്റെടുക്കുക ആയിരുന്നു.

ഈ വിശുദ്ധ റമദാൻ കാലത്ത് നടന്ന ഏറ്റവും സന്തോഷകരമായ, മത മൈത്രിയുടെ അടയാളമാകുന്ന പ്രവൃത്തി ആയാണ് ഇതിനെ ലോകം അടയാള പ്പെടുത്തുന്നത് എങ്കിലും ഇത് വരെ ആരോടും പ്രതികരിക്കാൻ സൂര്യ നാരായണൻ തയ്യാറായിട്ടില്ല. അനുജൻ അജയൻ പറയുന്നു." ചേട്ടൻ ഇത് ഒന്നും ഇപ്പോഴും പുറത്ത് പറയാനോ മാധ്യമങ്ങളോട് എന്തെങ്കിലും പറയാനോ ഇഷ്ടപ്പെടുന്നില്ല..ഇത് നാട്ടിൽ ചെയ്യുന്ന ഒരു സാധാരണ കാര്യം എന്നേ കരുതുന്നുള്ളൂ. ആൾ ഇപ്പൊ വിദേശത്തേക്ക് തിരിച്ചു പോകുകയും ചെയ്തു.."
മത സൗഹാർദത്തിൻ്റെ ഈ വറ്റലൂർ മാതൃക ലോകം വാഴ്ത്തുമ്പോഴും പക്ഷേ മലപ്പുറംകാർക്ക് ഇത് സാധാരണ കാര്യമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍