സന്തോഷ് ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം: ബംഗാളിനെയും വീഴ്ത്തി


മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് രണ്ടാം ജയം. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കേരളം തകര്‍ത്തത്. മത്സരത്തില്‍ കേരളത്തിനായി നൗഫലും, ജെസിനുമാണ് ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.

രണ്ടാം പകുതിയില്‍ ആക്രമിച്ചു കളിച്ച കേരളത്തിനായി 84ാം മിനിറ്റില്‍ നൗഫലാണ് ആദ്യം ലക്ഷ്യം കണ്ടത്. ഒരു ഗോളിന്റെ ലീഡില്‍ മത്സരം അധിക സമയത്തേക്ക് നീണ്ടപ്പോള്‍ 93ാം മിനിറ്റില്‍ ജെസിനും ലക്ഷ്യം കണ്ടു. മത്സര വിജയത്തോടെ കേരളം സെമി ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി. ഇനിയുള്ള മത്സരങ്ങളില്‍ സമനില വഴങ്ങിയാലും കേരളത്തിന് സെമി ഫൈനല്‍ ഉറപ്പിക്കാം.

സഞ്ജു ജിയാണ് കളിയിലെ താരം. അവസാന അഞ്ചു മിനിറ്റില്‍ സമനിലയ്ക്കായി ബംഗാള്‍ പരമാവധി ശ്രമിച്ചെങ്കിലും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല.