ട്രാഫിക് എസ് ഐ യുടെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ താമരശ്ശേരി ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ കേസ്
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും ഐഎൻഎൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എ.പി മുസ്തഫക്കെതിരെയാണ് താമരശ്ശേരി പോലിസ് കേസെടുത്തത്.
താമരശ്ശേരി -കൊയിലാണ്ടി സംസ്ഥാന പാതയിൽ മൂന്നാം തോട് ജംഗ്ഷന് സമീപം വാഹന പരിശോധന നടത്തുന്നതിനിടയിൽ താമരശ്ശേരി ട്രാഫിക് എസ്.ഐയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും, ഗതാഗത തടസ്സം സൃഷ്ടിച്ചുവെന്നും കാണിച്ച് എസ്.ഐയുടെ പരാതിയിലാണ് കേസെടുത്തത്.
എന്നാൽ ഞായറാഴ്ച രാവിലെ 10.45 ന് തൻ്റെ കാറിൽ ബാലുശ്ശേരി ഭാഗത്ത് നിന്നും താമരശ്ശേരിയിലേക്ക് വരുന്ന വഴി മൂന്നാം തോട് ജംഗ്ഷനിൽ വെച്ച് വാഹന പരിശോധനയുടെ ഭാഗമായി തന്നെ കൈ കാണിക്കുകയും, നിർത്താൻ ആവശ്യപ്പെടുകയും ചെയ്തതായും, അതനുസരിച്ച് താൻ വാഹനം റോഡരികിൽ നിർത്തിയതായും, എന്നാൽ വണ്ടി അവിടവെച്ച് ഇറങ്ങി വാടായെന്ന് മറ്റുള്ളവരുടെ മുന്നിൽ വെച്ച് ആക്രോഷിച്ചതായും മുസ്തഫ താമരശ്ശേരി DYSP ക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഞാൻ ജനപ്രതിനിധിയാണെന്ന് അറിയിച്ചെങ്കിലും നീ ഏതു ജനപ്രതിനിധി ആയാലും എനിക്ക് പ്രശ്നമില്ലായെന്ന് പറഞ്ഞ് പൊതുജനമധ്യത്തിൽ തന്നെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു.
DGP യുടെ ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥൻ വാഹനത്തിന് അടുത്ത് വന്ന് പരിശോധിക്കേണ്ടതിന് പകരം തന്നോട് മോശമായി പെരുമാറുകയും, വാഹനത്തിൽ നിന്നും ഇറങ്ങാൻ ആജ്ഞാപിക്കുകയും ചെയ്ത എസ് ഐ യുടെ നടപടി നിയമവിരുദ്ധമാണെന്നും അദ്ദേഹത്തിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും മുസ്തഫ DYSP ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു
