'ഒരു മുസ്ലിം ജന്മദിനം ആഘോഷിക്കുന്നതിൽ തെറ്റൊന്നുമില്ല'; സൗദി പണ്ഡിതൻ


റിയാദ്: മുസ്ലിം മത വിശ്വാസികൾ ജന്മദിനം ആഘോഷിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് സൗദിയിലെ മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിലിലെ മുൻ അം​ഗമായ ഖൈസ് ബിൻ മുഹമ്മദ് അൽ-ശൈഖ് മുബാറക്. ഒരു വ്യക്തിക്ക് തന്റേയോ, തന്റെ പ്രിയപ്പെട്ടവരുടെയോ ജന്മദിനം പോലുള്ള ഏതെങ്കിലും ആഘോഷ പരിപാടികൾ ആഘോഷിക്കുന്നതിൽ തെറ്റില്ല. വിവാഹ വാർഷികങ്ങൾ പോലെയുളള വാ‍ർഷിക പരിപാടികൾ, ഒരാളുടെ നേട്ടങ്ങൾ അല്ലെങ്കിൽ കുട്ടികളുടെ നേട്ടങ്ങൾ, യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടുമ്പോഴുളള ആഘോഷങ്ങൾക്കും എന്നിവക്കും തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇസ്ലാമിൽ ഇത്തരം ആഘോഷങ്ങൾ നടത്തുന്നത് അനുവദനീയമാണ്. ഏതെങ്കിലും മതഗ്രന്ഥത്തിന്റെ അടിസ്ഥാനത്തിലുളള നിരോധനമല്ല ജന്മദിനാഘോഷങ്ങൾക്കുളള നിരോധനം. ആഘോഷങ്ങൾക്കുളള വിലക്കുകൾ പാരമ്പര്യങ്ങളുടേയും ആചാരങ്ങളുടേയും ഭാഗമായുളളതാണ് അവയ്ക്ക് മതപരമായ വിലക്കുകളുമായി യാതൊരു ബന്ധവുമില്ല. ഖുർആനിലോ പ്രവാചകന്റെ പാരമ്പര്യങ്ങളിലോ (ഹദീസുകൾ) മതഗ്രന്ഥത്തിലൂടെ നിരോധിക്കപ്പെട്ട കാര്യങ്ങളിൽ ഇത്തരം ആഘോഷങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും' അൽ-മുബാറക് വ്യക്തമാക്കി.

ഒന്നും ചേർക്കാനോ നീക്കം ചെയ്യാനോ അനുവദനീയമല്ലാത്ത മതപരമായ ആചാരങ്ങളുടെ വിഭാഗത്തിൽ ഈ ആഘോഷങ്ങൾ ഉൾപ്പെടുന്നില്ലെന്നും അൽ മുബാറക് ചൂണ്ടിക്കാട്ടി. ഉദാഹരണത്തിന്, പ്രവാചകൻ പറഞ്ഞത്: "ഇസ്ലാമിലേക്ക് അതിന്റെ ഭാഗമല്ലാത്ത എന്തെങ്കിലും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് നിരസിക്കപ്പെടും.''

അതിനാൽ, വിശുദ്ധ ഖുർആനിലും പ്രവാചകന്റെ സുന്നത്തിലും അനുശാസിക്കുന്ന ആരാധനയേക്കാൾ അധികമായ ഒരു പുതിയ ആരാധനാക്രമം നിരോധിക്കാൻ പണ്ഡിതന്മാർ ഏകകണ്ഠമായി സമ്മതിച്ചു. അതായത് അഞ്ച് ദിവസത്തെ പ്രാർത്ഥനകളിൽ ആറാമത് നിർബന്ധമായ പ്രാർത്ഥന ചേർക്കുന്നതിന് നിരോധനമുണ്ട്. ഇതിൽ ജന്മ​ദിനം പോലുളള ആഘോഷങ്ങൾ ഉൾപ്പെടില്ലെന്നും അൽ-മുബാറക് വ്യക്തമാക്കി.