പൗരത്വ നിയമ, എന്‍ആര്‍സി വിരുദ്ധ സംഘടനകളുടെ പിന്തുണ സിപിഐഎം സ്ഥാനാര്‍ത്ഥി സൈറക്ക്; 'റോഡ് ഷോകള്‍ മമത സര്‍ക്കാര് തടഞ്ഞു'


കൊല്‍ക്കത്ത: ബംഗാളില്‍ ഏപ്രില്‍ 12ന് നടക്കുന്ന ബലിഗഞ്ച് നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി സൈറ ഷാ ഹാലിമിനെ പിന്തുണക്കുമെന്ന് പൗരത്വ നിയമ, എന്‍ആര്‍സി വിരുദ്ധ സംഘടനകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബാബുല്‍ സുപ്രിയോ, ബിജെപി സ്ഥാനാര്‍ത്ഥി കേയ ഘോഷിനെയും പരാജയപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് റാലി നടത്താനൊരുങ്ങിയ പൗരത്വ നിയമ, എന്‍ആര്‍സി വിരുദ്ധ സംഘടന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2019ല്‍ നടന്ന പൗരത്വ നിയമ, എന്‍ആര്‍സി വിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഞങ്ങളോടൊപ്പം പങ്കെടുത്ത സൈറ ഷാ ഹാലിമിനെ ഞങ്ങള്‍ പിന്തുണക്കുന്നു. പലിഗഞ്ച് ഉപതെരഞ്ഞെടുപ്പിലെ ശക്തയായ മതേതരത്വ സ്ഥാനാര്‍ത്ഥിയാണ് അവരെന്നും പൗരത്വ നിയമ, എന്‍ആര്‍സി വിരുദ്ധ സംഘടനകളുടെ നേതാക്കളിലൊരാളായ പ്രസന്‍ജിത്ത് ബോസ് പറഞ്ഞു.

അതേ സമയം റോഡ് ഷോകള്‍ നടത്തുന്നതിന് വേണ്ടി താന്‍ നല്‍കുന്ന അപേക്ഷകള്‍ കൊല്‍ക്കത്ത പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷനും ബോധപൂര്‍വ്വം തള്ളുകയാണെന്ന് സൈറ ഷാ ഹാലിം പറഞ്ഞു. നാല് പൊതുയോഗങ്ങള്‍ക്കും മൂന്ന് റാലികള്‍ക്കും താന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും സൈറ ഷാ ഹാലിം പറഞ്ഞു.

പ്രചരണ പരിപാടികള്‍ക്ക് അനുമതി നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിക്കും. വോട്ടര്‍മാരിലേക്ക് പ്രചരണം എത്തിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം നടത്തും. തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണച്ച് ഒരുപാട് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ടെന്നും സൈറ ഷാ ഹാലിം പറഞ്ഞു.