പ്രഭാത വാർത്തകൾ
2026 | ജൂണ്‍ 22 , തിങ്കള്‍
1201 | മിഥുനം 8, ഉത്രം
1448 മുഹർറം 06
◾ താരസംഘടനയായ 'അമ്മ' പ്രസിഡന്റ് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും അടക്കം 17 അംഗ എക്സിക്യൂട്ടീവ് രാജിവച്ചു. 'അമ്മ'യുടെ ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും സംബന്ധിച്ച തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്. കണക്കുകളില്‍ വ്യക്തതയില്ലെന്ന് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്നവര്‍ ആരോപിച്ചു. 67 ലക്ഷം രൂപയുടെ കണക്ക് എവിടെയെന്ന് അംഗങ്ങള്‍ ചോദിച്ചതോടെ തര്‍ക്കം മൂത്തു. പിറകേ, ശ്വേത രാജി പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയമില്ലാത്ത തന്നെ ബിജെപിക്കാരിയാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ശ്വേത കുറ്റപ്പെടുത്തി.
◾ 'അമ്മ'യില്‍ ഗൂഢനീക്കങ്ങളുണ്ടായെന്നു ശ്വേത മേനോന്‍. അധ്യക്ഷ സ്ഥാനം മാത്രമല്ല, പ്രാഥമിക അംഗത്വവും താന്‍ രാജിവെക്കുമെന്ന് ശ്വേത പറഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയിലൂടെയാണ് തങ്ങളെ പുറത്താക്കാന്‍ ചിലര്‍ ശ്രമിച്ചതെന്നും തുറന്നടിച്ചു.
◾ 'അമ്മ'യ്ക്ക് രമേഷ് പിഷാരടി എംഎല്‍എ യുടെ നേതൃത്വത്തില്‍ അഡ്ഹോക്ക് കമ്മിറ്റി രൂപികരിച്ചു. നടന്‍ ജഗദീഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അഡ്ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചത്. മുന്‍ മന്ത്രി ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ അഡ്ഹോക്ക് കമ്മിറ്റിയില്‍ അംഗങ്ങളാണ്. ഭാരവാഹികളുടെ സംഘടനാ പ്രവര്‍ത്തനത്തിലെ പരിചയക്കുറവാണ് പിഴവുകള്‍ക്കു കാരണമെന്നു ജഗദീഷ് പറഞ്ഞു.
◾ 'അമ്മ'യുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണയും തിരുവനന്തപുരത്ത് തന്നെ നടക്കും. കൊച്ചിയിലേക്കു വേദി മാറ്റിയെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.
◾ നിയമസഭയില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച ഇന്നു മുതല്‍. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നിര്‍ദ്ദേശവും ധാതു സംസ്‌കരണ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കാനുള്ള തീരുമാനവും ക്ഷേമപെന്‍ഷനുകള്‍ സംബന്ധിച്ച വിഷയവും പ്രതിപക്ഷം സഭയില്‍ പ്രധാന ആയുധമാക്കും.
◾ ചര്‍ച്ചയില്ലാതെ വീര്യം കുറഞ്ഞ മദ്യം വില്‍ക്കില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു. എല്‍.ഡി.എഫിന്റെ മദ്യനയം നടപ്പിലാക്കില്ലെന്നും മന്ത്രി. വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റില്‍ നികുതി ഘടന പ്രഖ്യാപിച്ചത് എക്സൈസ് മന്ത്രി അറിയാതെയാണെന്നാണ് സൂചന.
◾ മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് വീണ്ടും ഇഡി സമന്‍സ്. ഈ മാസം 29ന് ഹാജരാകണം. ഇതേസമയം, കോടതി ഉത്തരവിട്ടിട്ടും എസ്എഫ്ഐഒ പിടിച്ചെടുത്ത രേഖകള്‍ ഇനിയും എന്‍ഫോഴ്സ്മെന്റിനു ലഭിച്ചില്ല.
◾ ഷിഗെല്ല ബാധിച്ച് കോഴിക്കോട് മധ്യവയസ്‌ക മരിച്ചു. ഏഴു പേര്‍ക്കുകൂടി ഷിഗെല്ല ബാധിച്ചു. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ രണ്ടുവീതം പേര്‍ക്കും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണു ഷിഗെല്ല ബാധിച്ചത്. നിപ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്. ഒരു നിപ രോഗബാധിതന്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. കോഴിക്കോട് ഈസ്റ്റ് ഹില്ലില്‍ അതിഥി തൊഴിലാളിക്കു മലേറിയ സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ നാട്ടിലേക്ക് മടങ്ങി.
◾ വ്യാജ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസിലെ പ്രതി ജിതിന്‍ ഭാസ്‌കര്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത് അന്വേഷണം റിബേഷ് രാമകൃഷ്ണനില്‍ എത്തിയതോടെയാണെന്ന് പോലീസ് കണ്ടെത്തി. ഫോണിലെ വിവരങ്ങള്‍ മായ്ച്ച് റീ സെറ്റ് ചെയ്തെന്ന് ജില്ലാ ഫൊറന്‍സിക് ലാബിലെ പരിശോധനയില്‍ സ്ഥിരീകരിച്ചു.
◾ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ കെ.കെ. ലതികയുടെയും മകന്റെയും പേര് ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്ന പ്രതികരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റും കൊയിലാണ്ടി എംഎല്‍എയുമായ പ്രവീണ്‍കുമാര്‍. യുഡിഫ് നേതാക്കളെയും പോലീസിനെയും സിപിഎം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണു പ്രതികരണം. ഭരണം മാറിയെന്ന് സിപിഎമ്മുകാര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
◾ തൃശൂര്‍ നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ കൊലപാതകം. ഒഡീഷക്കാരനായ ധന്‍പതി നായിക് (27) ആണ് കൊല്ലപ്പെട്ടത്. നാലു സ്ത്രീകളും രണ്ടു പുരുഷന്‍മാരും അറസ്റ്റിലായി. ഒഡീഷ സ്വദേശികളാണ് പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. പണം സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തില്‍ കലാശിച്ചത്.
◾ സിബിഎസ്ഇ പ്ലസ് ടു പുനര്‍ മൂല്യനിര്‍ണയ ഫലം പ്രഖ്യാപിച്ചു. ഉത്തരക്കടലാസുകളുടെ വേരിഫിക്കേഷന്‍, റീ-വാല്യുവേഷന്‍ എന്നിവയ്ക്ക് അപേക്ഷിച്ചവരില്‍ 87 ശതമാനത്തിന്റെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ബാക്കിയുള്ള അപേക്ഷകളുടെ ഫലം ഉടന്‍ പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു.
◾ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഇന്നു രാവിലെ പത്തു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാം.
◾ സംസ്ഥാന ബജറ്റിലെ രണ്ട് നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ളതും, കരിമണല്‍ ഖനനത്തിന് സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതുമായ നിര്‍ദ്ദേശങ്ങള്‍ യുഡിഎഫിന്റെ വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമാണെന്നു കത്തില്‍ പറയുന്നു.
◾ സിനിമാ നടന്‍ അബു സലിം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വടക്കന്‍ പറവൂര്‍ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപത്താണ് അപകടം ഉണ്ടായത്. 'അമ്മ' ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത ശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങുകയായിരുന്നു താരം. ആര്‍ക്കും പരിക്കുകളില്ല.
◾ പെണ്‍മക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുന്നതിനു കൂട്ടുനിന്നെന്ന് ആരോപിച്ച് കുറുപ്പംപടി പൊലീസ് പ്രതിയാക്കിയ അമ്മയെ പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വെറുതെ വിട്ടു. പൊലീസ് 83 ദിവസം ജയിലില്‍ അടച്ചിരുന്നു. രണ്ടാം ഭര്‍ത്താവ് തന്റെ രണ്ട് പെണ്‍മക്കളെ 2022 മുതല്‍ 2025 വരെ മദ്യം നല്‍കി പീഡിപ്പിച്ചതിനു കൂട്ടുനിന്നു എന്നായിരുന്നു പോലീസിന്റെ ആരോപണം.
◾ ബോംബേറു കേസിലും കൊലക്കേസിലും ജയിലില്‍ കഴിയുന്ന ടിസിവി നന്ദകുമാറിനെ ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റി ട്രഷററായി തെരഞ്ഞെടുത്തതു വിവാദത്തില്‍. പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ 20 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്നയാളാണ് നന്ദകുമാര്‍.
◾ മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറില്‍ ഇടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വടകര ചോമ്പാല പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ മടപ്പള്ളി കോളേജിന് സമീപം താമസിക്കുന്ന പുനത്തില്‍ ടി.പി പ്രശാന്ത് (53) ആണ് മരിച്ചത്.
◾ മൈക്രോഫിനാന്‍സ് ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശേന്‍ പിണറായി വിജയന്റെ എല്‍ഡിഎഫ് സര്‍ക്കാരിനെയും ബിജെപിയെയും ഒരേസമയം സ്വാധീനിച്ചെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍.
◾ തന്നെ വേട്ടയാടാന്‍ ചില 'പുല്ലന്മാര്‍' ഒട്ടനവധി തവണ ശ്രമിച്ചിട്ടും ഒന്നും നടന്നില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിലും കെ കെ മഹേശന്റെ മരണത്തിലുമെല്ലാം ആരോപണങ്ങളുമായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. സിബിഐയും സുപ്രീം കോടതിയും വരെ പല കാര്യങ്ങളും പരിശോധിച്ചതാണ്. സിബിഐ തന്റെ വീടിന്റെ കോമ്പൗണ്ടില്‍ പോലും കയറിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
◾ മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍നിന്ന് കേരള പ്രതിനിധി ടി.കെ. ശിവരാജനെ മാറ്റി. പകരം ഉത്തര്‍പ്രദേശ് സ്വദേശി എം.എല്‍. ശര്‍മയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ശിവരാജനെ ലഭ്യമാകുന്നില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്.
◾ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്. ഫുട്ബോള്‍ ആരാധകരുടെ പ്രയാസം മനസ്സിലാക്കുന്നുണ്ടെന്നും ഉഷ്ണതരംഗമാണ് പ്രശ്നത്തിനു കാരണമെന്നും മന്ത്രി പറഞ്ഞു.
◾ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കുട്ടികളെ ലഹരിക്കടിമകളാക്കുന്നതിനെതിരേയാണ് ഓപറേഷന്‍ തൂഫാന്‍ പോരാട്ടമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലെ എല്ലാ ജനങ്ങളെയും അണിനിരത്തുന്ന ദൗത്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
◾ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. പാര്‍ട്ടിയിലെ ജാതി സമവാക്യങ്ങള്‍ മാത്രം നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന നിലവിലെ പ്രവണത അവസാനിപ്പിക്കണമെന്ന് ഉണ്ണിത്താന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു.
◾ പിഎം ശ്രീയില്‍ നിന്ന് പിന്മാറാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് റിട്ടയേഡ് ജസ്റ്റിസ് പി.കെ. ഷംസുദീന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു.
◾ പത്തനംതിട്ട വടശ്ശേരിക്കര റേഞ്ചില്‍ നായാട്ടുസംഘത്തെ വനംവകുപ്പ് പിടികൂടി. കേഴമാനെ വെടിവച്ചുകൊന്ന കേസില്‍ ഗുരുനാഥന്‍മണ്ണ് സ്വദേശി ജോര്‍ജ്ജുകുട്ടി, ബാബു, അലകസ് എന്നിവരാണ് പിടിയിലായത്. തോക്ക് ഉള്‍പ്പെടെ മാരകായുധങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തു.
◾ കണ്ണൂര്‍ കാപ്പിമല മഞ്ഞപ്പുല്ലില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയും പേരാവൂര്‍ കോളയാട് സ്വദേശിനിയുമായ അഞ്ജു മാത്യു (32) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് കാക്കയംച്ചാല്‍ സ്വദേശി വാഴപ്പള്ളിയില്‍ സോനു സെബാസ്റ്റ്യന്‍, ഫോറസ്റ്റ് വാച്ചര്‍ അരങ്ങം സ്വദേശി സതീശന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ശരീരത്തില്‍ വീണ് പതിന്നാലുകാരന്‍ മരിച്ചു. നെല്ലാനി സ്വദേശി കളപ്പുരയ്ക്കല്‍ മെജോയുടെ മകന്‍ എയ്ഞ്ചലോ ആണ് മരിച്ചത്.
◾ സൈക്കിള്‍ ചവിട്ടുന്നതിനിടെ റോഡില്‍ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു. തൃക്കാക്കര മാവേലിപുരത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന റോഗണ്‍ ആന്‍ഡ്രൂസിന്റെയും ടെസി കെ. മാത്യുവിന്റേയും മകള്‍ റിഹാന കാതറിന്‍ ആന്‍ഡ്രൂസ് (12) ആണ് മരിച്ചത്.
◾ ഗര്‍ഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെയും ഭര്‍ത്താവിനെയും മര്‍ദിച്ചെന്ന് ആരോപിച്ചു നാട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തു. കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ട്രാഫിക് നിയമം ലംഘിച്ച് വാഹനമോടിച്ചതു നാട്ടുകാര്‍ ചോദ്യം ചെയ്തതിനെതിരേയാണു വളപട്ടണം പൊലീസ് കേസെടുത്തത്.
◾ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട കര്‍ണാടക സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റുഗാര്‍ഡും നേവിയും സംയുക്തമായി നടത്തിയ തെരച്ചിലാണ് ബാംഗ്ലൂര്‍ സ്വദേശി സന്തോഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
◾ വീട്ടിമരം അനധികൃതമായി മുറിച്ചു കടത്താന്‍ ശ്രമിച്ചെന്ന കേസില്‍ പി കെ അസ്രത്ത് (46), ഇ പി റസാഖ് (39), റിജിനേഷ് (47), രാജേഷ് (42) എന്നിവരെ മീനങ്ങാടി പോലീസ് അറസ്റ്റു ചെയ്തു.
◾ പ്രിയദര്‍ശിനി സൗജന്യ യാത്ര നടപ്പാക്കിയതോടെ തൃശൂരിലെ കോണ്‍ഗ്രസ് നേതാവ് ബസ് സര്‍വീസ് നിര്‍ത്തി. ഡിസിസി സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്തിന്റെ നാലു ബസ് സര്‍വീസുകളാണ് നഷ്ടംമൂലം നിര്‍ത്തിയത്. സ്വകാര്യ ബസ് വ്യവസായത്തെ താങ്ങിനിര്‍ത്താന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നൗഷാദിന്റെ അഭിപ്രായം.
◾ പീഡന വിവാദത്തെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ അക്രമാസക്തരായി പത്തനംതിട്ട എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിലേക്ക് ഇരച്ചുകയറി. പ്രാര്‍ത്ഥനയ്ക്കായി എത്തിയവരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
◾ തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്‌കരണശാലയില്‍ അമോണിയം ചോര്‍ച്ചയെ തുടര്‍ന്ന് ഏഴു പേര്‍മരിച്ചു. മരിച്ചവരെല്ലാം സ്ത്രീ തൊഴിലാളികളാണ്. 64 പേരെ ചെന്നൈയിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 23 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
◾ വിമാനയാത്രക്കാര്‍ക്ക് എല്ലാ വിമാനക്കമ്പനികളും വൈ-ഫൈ സേവനം നല്‍കണമെന്ന് ഡിജിസിഎ നിര്‍ദേശം നല്‍കി. ആഭ്യന്തര യാത്രക്കാര്‍ക്ക് വിമാനയാത്രയ്ക്കിടെ ഇന്റര്‍നെറ്റ് ഉപയോഗം ഉറപ്പാക്കണം. 10,000 അടി ഉയരത്തിന് മുകളിലാണ് വൈ-ഫൈ ഉപയോഗം അനുവദിക്കുക.
◾ ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്താല്‍ ഈടാക്കുന്ന പിഴ 250 രൂപയില്‍ നിന്ന് 500 ആക്കി റെയില്‍വേ വര്‍ധിപ്പിച്ചു.
◾ മുപ്പതിനായിരം രൂപ തന്നാല്‍ നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിക്കു വീഡിയോ കോള്‍ വന്ന സംഭവത്തില്‍ അജ്മീര്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. മുന്‍ ഡിഎവി കോളേജ് സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റും എബിവിപി പ്രവര്‍ത്തകനുമായ കൃഷ്ണ സിങ് താക്കൂര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.
◾ നീറ്റ് യു.ജി പുനപരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാതടസം ഉണ്ടാകാതിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി വിമാനത്താവളത്തില്‍നിന്നു വീട്ടിലേക്കുള്ള മടക്കയാത്ര വൈകിപ്പിച്ചു. ഉച്ചയ്ക്ക് 1:15 ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി രണ്ടു മണിവരെയാണ് വിമാനത്താവളത്തില്‍ കാത്തിരുന്നത്.
◾ മഹാരാഷ്ട്രയിലെ പുതിയ നവി മുംബൈ വിമാനത്താവളത്തില്‍ നിന്നും ആദ്യ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്ന വിമാന കമ്പനിയായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ജൂലൈ 15 മുതല്‍ അബുദാബിയിലേക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ ഉണ്ടാകും, ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം.
◾ അയോധ്യ രാമക്ഷേത്രത്തില്‍ സംഭാവനയായി ലഭിച്ച കോടിക്കണക്കിന് രൂപയും വെള്ളിക്കട്ടികളും കാണാതായ സംഭവത്തില്‍ ഒരു എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കുന്നതെന്നും അരവിന്ദ് കെജ്രിവാള്‍.
◾ സമാധാനക്കരാറിന്റെ രണ്ടാം ഘട്ടമെന്ന നിലയില്‍ ലെബനനിലെ അടിയന്തര വെടിനിര്‍ത്തല്‍, ഇറാന്റെ ആണവസമ്പുഷ്ടീകരണ ശേഷി എന്നിവ ചര്‍ച്ച ചെയ്ത് അമേരിക്കയും ഇറാനും. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗെര്‍ ഘാലിബാഫ്, വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഖത്തര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
◾ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയ്ക്കുന്നതിന് തൊട്ടുമുന്‍പ് 94 ഇന്ത്യന്‍ നാവികരുമായി മൂന്ന് കൂറ്റന്‍ എണ്ണക്കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോയി. 8,60,000 ടണ്ണിലധികം അസംസ്‌കൃത എണ്ണയുമായി 'ദേശ് വൈഭവ്', 'ദേശ് വിഭോര്‍', 'സന്‍മാര്‍ ഹെറാള്‍ഡ്' എന്നീ കപ്പലുകള്‍ ഇന്ത്യയിലേക്ക് യാത്ര തുടരുകയാണെന്ന് കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ സ്ഥിരീകരിച്ചു.
◾ ഇന്ത്യയിലെ മുസ്ലിം ആരാധനാലയങ്ങള്‍ക്കു ഭീഷണിയുണ്ടെന്ന പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ആരോപണം അസംബന്ധവും വിദ്വേഷത്തില്‍ നിന്ന് ഉടലെടുത്തതാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
◾ ഹിജാബില്ലാതെ പാട്ട് പാടിയതിന് ഗായിക പരസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി വിധിച്ച് ഇറാന്‍. 2024 ല്‍ യൂട്യൂബ് ചാനലില്‍ നടത്തിയ ഓണ്‍ലൈന്‍ സംഗീതപരിപാടിയില്‍ ഹിജാബ് ധരിച്ചില്ലെന്ന കുറ്റത്തിന് പരസ്തൂ അഹമ്മദി അറസ്റ്റിലായിരുന്നു.
◾ ലോകകപ്പ് ഫുുട്ബോളില്‍ സൗദിക്കെതിരായുള്ള രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ നാല് ഗോളുകളുടെ വന്‍ വിജയവുമായി സ്‌പെയിന്‍. ആദ്യ പകുതിയില്‍ സ്‌പെയിനിന്റെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു. പത്താം മിനിറ്റില്‍ ഒയാര്‍സബാലിന്റെ പാസില്‍ നിന്നും യമാല്‍ സ്‌കോര്‍ ചെയ്തതോടെ സ്‌പെയ്ന്‍ ഗോള്‍ വേട്ട ആരംഭിച്ചു. 21, 24 മിനിറ്റുകളില്‍ ഒയാര്‍സബാല്‍ സ്‌പെയിനിന്റെ ലീഡുയര്‍ത്തി.
◾ ലോക കപ്പ് ഫുട്ബോളില്‍ ഒരു ഗോള്‍പോലുമില്ലാത്ത സമനിലയുമായി ഇറാനും ബെല്‍ജിയവും. 90 മിനിറ്റും ഇരുടീമുകളും പോരടിച്ചെങ്കിലും ആര്‍ക്കും വലകുലുക്കാനായില്ല. തുടരെത്തുടരെ ആക്രമണപ്രത്യാക്രമണങ്ങള്‍ കണ്ട മത്സരമായിരുന്നു. 67-ാം മിനിറ്റില്‍ ബെല്‍ജിയം താരത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചു.
◾ ലോകകപ്പ് ഗ്രൂപ്പ് എഫില്‍ ടുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കു തകര്‍ത്ത് ജപ്പാന്‍. അയാസെ ഉയേഡയുടെ ഇരട്ട ഗോളുകളും ഡെയ്ച്ചി കമാഡ, ജുന്യ ഇറ്റോ എന്നിവരുടെ ഓരോ ഗോളുകളുമാണ് ജപ്പാന് വന്‍ ജയമൊരുക്കിയത്. ലോകകപ്പില്‍ അവരുടെ ആദ്യ ജയം കൂടിയാണിത്. ആദ്യ മത്സരത്തില്‍ ജപ്പാന്‍, നെതര്‍ലന്‍ഡ്‌സുമായി 2-2 ന് സമനിലയില്‍ പിരിഞ്ഞിരുന്നു.
◾ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ എ ടീമിന്. ഫൈനലില്‍ ശ്രീലങ്ക എയെ 66 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ധാംബുള്ളയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സാണ് നേടിയത്. 29 പന്തില്‍ 94 റണ്‍സ് നേടിയ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
◾ അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ജസ്പ്രിത് ബുമ്രയും അക്‌സര്‍ പട്ടേലും തിരിച്ചെത്തി. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ടീമില്‍ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ കളിക്കാതിരുന്ന വിരാട് കോലിയുമുണ്ട്. എന്നാല്‍ ഫിറ്റ്‌നെസ് ടെസ്റ്റു മറികടക്കണം. അഫ്ഗാനെതിരെ കളിച്ച പേസര്‍ പ്രിന്‍സ് യാദവ്, സ്പിന്നര്‍ ഹര്‍ഷ് ദുബെ എന്നിവരെ ഒഴിവാക്കി.
◾ വനിത ടി 20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്കു ആറു വിക്കറ്റിന്റെ തോല്‍വി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഷെഫാലി വര്‍മ്മയുടെയും (31), ദീപ്തി ശര്‍മ്മയുടെയും (29) കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് ആയിരുന്നു എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ആറ് വിക്കറ്റുകള്‍ ശേഷിക്കെ ലക്ഷ്യം കണ്ടു. മാറിസന്നെ കാപ് നേടിയ 81 റണ്‍സിലാണ് സൗത്ത് ആഫ്രിക്ക ഇന്ത്യയെ തുരത്തിയത്.
◾ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിനെ തുടര്‍ന്ന് കുതിച്ചു ഉയര്‍ന്ന ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ വന്‍വര്‍ധന. കഴിഞ്ഞയാഴ്ച ഒന്‍പത് കമ്പനികളുടെ വിപണി മൂല്യത്തില്‍ 2.15 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. ബിഎസ്ഇ സെന്‍സെക്‌സ് 1274 പോയിന്റ് ആണ് മുന്നേറിയത്. വിപണി മൂല്യത്തില്‍ ഭാരതി എയര്‍ടെലിന് മാത്രം 52,432 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 11,62,963 കോടിയായാണ് എയര്‍ടെലിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എല്‍ഐസി 51,675 കോടി, ബജാജ് ഫിനാന്‍സ് 26,553 കോടി, റിലയന്‍സ് 22,464 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തിലെ വര്‍ധന. എല്‍ ആന്‍ഡ് ടി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍. റിലയന്‍സ് ആണ് മുന്‍പന്തിയില്‍.
◾ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ എഐ ഉപയോഗം ഏതാണ്ട് പൂര്‍ണമായി നിരോധിക്കാന്‍ നോര്‍വേ. ഒന്നു മുതല്‍ ഏഴാം ക്ലാസുവരെയാണ് എഐ ഉപയോഗം പൂര്‍ണമായി നിരോധിക്കുന്നത്. മുതിര്‍ന്ന കുട്ടികള്‍ എഐ ഉപയോഗിക്കുന്നതിന് കര്‍ശനമായ പരിധികളും ഏര്‍പ്പെടുത്തും. പഠനത്തെ എഐ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനാണ് നീക്കം. പരീക്ഷകളില്‍ നോര്‍വേയിലെ വിദ്യാര്‍ഥികളുടെ സ്‌കോര്‍ കുറയുന്നത് ശ്രദ്ധയില്‍പ്പെട്ട പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പുതിയ എഐ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് അവസാനം ആരംഭിക്കുന്ന അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരും. ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളുടെ പാത പിന്തുടര്‍ന്ന് 16 വയസ്സ് തികയുന്നതുവരെ കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള പ്രത്യേക പദ്ധതികള്‍ നോര്‍വേ പ്രഖ്യാപിച്ചിരുന്നു. 2024-ല്‍ സ്‌കൂളുകളില്‍ സ്മാര്‍ട്ട്ഫോണുകള്‍ നിരോധിക്കുകയും ചെയ്തിരുന്നു.
◾ കെജിഎഫിന് ശേഷം യാഷ് അഭിനയിക്കുന്ന 'ടോക്സിക്' ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 2026 ഓഗസ്റ്റ് 26 ബുധനാഴ്ച റിലീസ് ചെയ്യും. പുതിയ പോസ്റ്ററില്‍ യാഷിന്റെ ഇരട്ട അവതാരങ്ങളായ റായയും ടിക്കറ്റും ഉള്‍പ്പെടുന്നു. ഫാദര്‍ഹുഡ് ആഘോഷിക്കുന്ന ഒരു സാധാരണ ചിത്രമല്ല ഇത് എന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. പകരം, സംഘര്‍ഷവും അധികാരവും വികാരങ്ങളുടെ സങ്കീര്‍ണതയും നിറഞ്ഞ ഒരു ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. 2026-ലെ പ്രധാന ഉത്സവ സീസണിലാണ് ചിത്രം റിലീസിന് എത്തുന്നത്. പ്രശസ്ത സംവിധായിക ഗീതു മോഹന്‍ദാസും റോക്കിംഗ് സ്റ്റാര്‍ യാഷും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരടങ്ങുന്ന ശക്തമായ താരനിരയും ചിത്രത്തിന്റെ പ്രത്യേകതയാണ്.
◾ ആഷിക്ക് ഉസ്മാന്‍ പ്രൊഡയ്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ജൂലൈ പകുതിയില്‍ മോഹന്‍ലാല്‍ മടങ്ങിയെത്തുന്നതോടെ സിനിമയുടെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കും. ലൗലജന്‍ എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇന്‍സ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി മീര ജാസ്മിനാണ്. ലാലു അലക്സ്, മനോജ് കെ ജയന്‍, ജഗദീഷ്, ഇര്‍ഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവന്‍, ശ്രീനാഥ് ബാബു, കിരണ്‍ പീതാംബരന്‍, വിജി വിശ്വനാഥ്, ഭാമ അരുണ്‍, പ്രാര്‍ത്ഥന എന്നിവരും പ്രധാന താരങ്ങളാണ്. രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം ജേക്സ് ബിജോയ്.
◾ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിലേക്ക് ഫെറാറ്റോ ഡിഫൈ 22 എത്തി. ഇതിന്റെ എക്സ്-ഷോറൂം വില 1,01,999 ആണ്. ഷാംപെയ്ന്‍ ക്രീം, ബ്ലാക്ക് ഫയര്‍, കോസ്റ്റല്‍ ഐവറി, യൂണിറ്റി വൈറ്റ്, റെസിലിയന്‍സ് ബ്ലാക്ക്, ഡോവ് ഗ്രേ, മാറ്റ് ഗ്രീന്‍ എന്നീ പുതുമയുള്ള നിറങ്ങളില്‍ ഇത് ലഭ്യമാകും. ഫെറാറ്റോ ഇസഡ് മോഡല്‍ എന്ന കണ്‍സെപ്റ്റ് മോഡലും അവതരിപ്പിച്ചു. 2.2 കിലോവാട്ട്അവര്‍ എല്‍എഫ്പി ബാറ്ററി 1200 വാട്ട് മോട്ടോറും 2500 വാട്ട് പീക്ക് പവറും ഉള്ള 2.2 കിലോവാട്ട്അവര്‍ എല്‍എഫ്പി ബാറ്ററിയാണ് ഈ സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. സ്റ്റൈലിഷ് ഡിസൈന്‍ ഫീച്ചര്‍ ചെയ്യുന്ന ഡിഫൈ 22 ഏഴ് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. കോമ്പി ഡിസ്‌ക് ബ്രേക്ക് സിസ്റ്റം ഘടിപ്പിച്ച പുതിയ ഇലക്ട്രിക് സ്‌കൂട്ടറാണ് ഫെറാറ്റോ ഡിഫൈ 22. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് കഴിയും. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയാണ് ഇതിന്റെ പരമാവധി വേഗത.
◾ നിഴല്‍ നിനവുകളിലെ കഥകള്‍ മനസ്സുകളിലൂടെയുള്ള സൂക്ഷ്മസഞ്ചാരമാണ്. അതില്‍ തെളിമയോടെ നിറഞ്ഞുനില്‍ക്കുന്നത് ആര്‍ദ്രതയുടെ നറുനിലാവല്ലാതെ മറ്റൊന്നുമല്ല. ജീവിതത്തിന്റെ മനോഹാരിത ഉരുവംകൊള്ളുന്നത് സ്നേഹോഷ്മളതയിലാണെന്ന് ഓരോ കഥയും ഓര്‍മ്മപ്പെടുത്തുന്നു. തെളിവാര്‍ന്ന രചനാശൈലി 'നിഴല്‍ നിനവുക'ളുടെ ശക്തിയും സൗന്ദര്യവുമാണ്. അനുവാചകരെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച് കാതില്‍ സ്വകാര്യം പറയുന്നതുപോലെയാണ് പി. പ്രവീണ്‍കുമാര്‍ കഥകള്‍ അവതരിപ്പിക്കുന്നത്. 'നിഴല്‍ നിനവുകള്‍'. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 209 രൂപ.
◾ വൃക്കരോഗികളെ ഏറ്റവും അലട്ടുന്ന ഒന്നാണ് ഭക്ഷണക്രമം. സുരക്ഷിതവും ആരോഗ്യകരവും എന്ന് തോന്നിപ്പിക്കുന്ന പലതും ഇവര്‍ക്ക് ഒഴിവാക്കേണ്ടതായി വരാം. അക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തേങ്ങയും വാഴപ്പഴവും. ഇവ ഒറ്റയ്ക്ക് കഴിക്കുന്നതും ചേര്‍ത്തു കഴിക്കുന്നതും അപകടമാണ്. ശരീരത്തിലെ ഹൃദയമിടിപ്പ് ക്രമമാക്കുന്നതിനും നാഡീ പ്രവര്‍ത്തനത്തിനും പേശി പ്രവര്‍ത്തനത്തിനുമൊക്കെ ആവശ്യമായ അവശ്യ ധാതുവാണ് പൊട്ടാസ്യം. ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം ആഗിരണം ചെയ്ത ശേഷം അധികമാകുന്നത് വൃക്കകള്‍ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് പതിവ്. എന്നാല്‍ വൃക്കരോഗികളില്‍ ഈ പ്രക്രിയ മന്ദഗതിയിലായിരിക്കും. ഇത് ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവു കൂടാന്‍ കാരണമാകും. പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴവും തേങ്ങയും ഈ സാഹചര്യത്തില്‍ വളരെ ചെറിയ അളവില്‍ വൃക്ക രോഗി കഴിക്കുന്നത് പോലും അവരുടെ രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവു കൂടാനും ഇത് ഹൃദയാഘാതം ഉള്‍പ്പെടെ നിരവധി ആരോഗ്യ സങ്കീര്‍ണതകളിലേക്കും നയിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഇരു രാജ്യങ്ങളുടേയും സൈന്യങ്ങള്‍ യുദ്ധത്തിന് തയ്യാറായി അതിര്‍ത്തിയിലുളള നദിയുടെ ഇരുകരകളിലുമായി നില്‍ക്കുകയാണ്. രാജ്യതലവന്‍മാര്‍ പരസ്പരം ഭീഷണി മുഴക്കുന്നുമുണ്ട്. പട്ടാളക്കാര്‍ തങ്ങളുടെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുന്നു. പെട്ടെന്നാണ് അതിശക്തമായ മഴ ആരംഭിച്ചത്. നദിയില്‍ വെളളമുയര്‍ന്നു പാലം ഒലിച്ചുപോയി. കുറെ കഴിഞ്ഞപ്പോള്‍ പട്ടാളക്കാര്‍ക്ക് വിശന്നുതുടങ്ങി. ഒരു കരയിലുണ്ടായിരുന്നവര്‍ മറുകരയിലുളളവര്‍ക്ക് തങ്ങളുടെ കയ്യിലുണ്ടായിരുന്നു റൊട്ടി പാക്കറ്റുകള്‍ എറിഞ്ഞുകൊടുത്തു. അവരത് ആര്‍ത്തിയോടെ വീതിച്ചു കഴിച്ചു. മറുകരയില്‍ നിന്ന് അവര്‍ തങ്ങളുടെ പുതപ്പുകള്‍ ഇക്കരയിലേക്ക് എറിഞ്ഞുകൊടുത്തു. കയ്യിലുണ്ടായിരുന്ന പലതും അവര്‍ കൈമാറി. വെള്ളം കുറയുന്നതിന് അനുസരിച്ച് അവര്‍ പരസ്പരം അടുത്തുവന്നു, വിശേഷങ്ങള്‍ കൈമാറി. മഴ മാറിയപ്പോള്‍ രാജ്യതലവന്മാര്‍ യുദ്ധത്തിന് ഉത്തരവിട്ടപ്പോള്‍ അവരാരും യുദ്ധം ചെയ്യാന്‍ തയ്യാറായില്ല. അവസാനം ഇരുരാജ്യങ്ങളും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചു. അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതിന്റെ അര്‍ത്ഥം തന്നെ അകല്‍ച്ചയുണ്ടെന്നാണ്. മണ്ണ് വിഭജിച്ചാലും അന്തരീക്ഷമെങ്ങനെ വിഭജിക്കാനാകും. തന്റേതെന്ന് അവകാശപ്പെട്ട് ഒന്നിനെ എത്രകാലം കൊണ്ടുനടക്കാനാകും. മറ്റൊരാളുടെ സഹായമില്ലാതെ സ്വന്തം പ്രയ്തനം കൊണ്ട് മാത്രം എന്ത് സമ്പാദിക്കാനാകും. എന്നും കണ്ടുമുട്ടുകയും സഹവസിക്കുകയും ചെയ്യുന്നവര്‍ക്ക് ശത്രുവും മിത്രവും എല്ലാം ഒരുപോലെ സഹജീവിയാണ്. ഒരു ദുരന്തം വരുമ്പോഴാണ് വിരോധം കൊണ്ട് പണിതുയര്‍ത്തിയ വേലിക്കെട്ടുകളെല്ലാം അര്‍ത്ഥരഹിതമായിരുന്നു എന്ന് നാം മനസ്സിലാക്കുക. ഇല്ലാത്തതിനെ ചൊല്ലി വഴക്കടിക്കാതെ ഉളളത് പങ്കുവെക്കാന്‍ ശീലിച്ചാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടാതെ ജീവിക്കാം - ശുഭദിനം.
