യോഗിയെ കുറ്റപ്പെടുത്തി; പിന്നാലെ എം.എൽ.എ.യുടെ പെട്രോൾ പമ്പ് ഇടിച്ചുനിരപ്പാക്കി


ബറേലി: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ തീപ്പൊരി പരാമർശം നടത്തിയ സമാജ്‌വാദി പാർട്ടി എം.എൽ.എ. ഷാസിൽ ഇസ്‍ലാം അൻസാരി വിവരമറിഞ്ഞു.

അൻസാരിയുടെ പരാമർശം വിവാദമായതിനുപിന്നാലെ ബറേലിയിൽ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പ് ബുൾഡോസറുപയോഗിച്ച് അധികൃതർ ഇടിച്ചുനിരപ്പാക്കി. ബറേലി-ഡൽഹി ദേശീയപാതയ്ക്ക് സമീപമുള്ള പമ്പിന് നിയമപരമായി അനുമതിയില്ലെന്നു കുറ്റപ്പെടുത്തി ബറേലി വികസന അതോറിറ്റിയാണ് കടുത്ത നടപടിയെടുത്തത്.

മുഖ്യമന്ത്രിക്കെതിരേ പാർട്ടിപരിപാടിയിലാണ് അൻസാരി ആഞ്ഞടിച്ചത്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ കരുത്തുകൂടിയെന്നും യോഗി ഇനി ശബ്ദമുണ്ടാക്കിയാൽ എസ്.പി.യുടെ തോക്കിൽനിന്ന് പുകയല്ല, വെടിതന്നെ പൊട്ടുമെന്നുമാണ് അൻസാരി പറഞ്ഞത്. ഇതിന്റെപേരിൽ അദ്ദേഹത്തിന്റെപേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. ചില മാധ്യമങ്ങൾ തന്റെ പ്രസംഗം വളച്ചൊടിച്ചെന്നാണ് ഇതേക്കുറിച്ച് അൻസാരിയുടെ പ്രതികരണം.