വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കു വിടരുതെന്ന് ഒറ്റക്കെട്ടായി മുസ്ലിം നേതാക്കള്‍: അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഒറ്റക്കെട്ടായി മുസ്ലിം സംഘടനാ നേതാക്കള്‍.
ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ ലംഘനവും മറ്റൊരു മതസ്ഥാപനത്തിന്റെയും മേലില്ലാത്ത നിയമവുമായതിനാല്‍ വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേ സമയം മുസ്‌ലിം മതസംഘടനകളുടെ പൊതുവികാരത്തെ മാനിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മുഖ്യമന്ത്രി ഇന്നു വിളിച്ചുചേര്‍ത്ത മതസംഘടനാ പ്രതിനിധികളുടെ യോഗ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ 11 സംഘടനകളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന് യോഗത്തില്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. മുഴുവന്‍ സംഘടനാ പ്രതിനിധികളും ഒറ്റക്കെട്ടായിരുന്നു. വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നതില്‍ എല്ലാവരും എതിര്‍പ്പ് അറിയിച്ചു. അതിന്റെ അപ്രായോഗികത വെളിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ബോര്‍ഡിലെ ഇരുന്നൂറോളം ജീവനക്കാരില്‍ നേരിട്ട് നിയമിക്കപ്പെടുന്നത് നാമമാത്രമാണ്. നിലവില്‍ മൂന്നുപേരുടെ ഒഴിവ് മാത്രമാണുള്ളത്. റിട്ടയര്‍മെന്റ്, മരണം എന്നിവ മൂലമുണ്ടാകുന്ന ഒഴിവുകള്‍ പി.എസ്.സിക്ക് വിടേണ്ട കാര്യമില്ലെന്നും പ്രത്യേക റിക്രൂട്ട്മെന്റ് ബോര്‍ഡുണ്ടാക്കുന്നത് സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും മെക്ക പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍