രേഷ്മയ്ക്ക് ജാമ്യം; 'രണ്ടാഴ്ച പിണറായി- ന്യൂമാഹി പരിധിയില്‍ പ്രവേശിക്കരുത്'
പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച അധ്യാപിക രേഷ്മയ്ക്ക് ജാമ്യം. തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഉപാധികളോടെയാണ് രേഷ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. പിണറായി- ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടാഴ്ച പ്രവേശിക്കരുത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ നിജിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാത്രിയോടെയാണ് അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ഒളിവില്‍ കഴിയാന്‍ വീട് വിട്ടു നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം.
ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്ന് വിഷുവിന് ശേഷമാണ് നിജില്‍ ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് പ്രവാസിയായ രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് നിര്‍മ്മിച്ച രണ്ടാമത്തെ വീടാണ് പാണ്ട്യാലമുക്കിലേത്. ഇവിടെ നിന്നാണ് നിജില്‍ ദാസിനെ പൊലീസ് പിടികൂടിയത്.
ഫെബ്രുവരി 21നായിരുന്നു പുലര്‍ച്ചെ മത്സ്യത്തൊഴിലാളിയായ സിപിഐഎം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നിലായിരുന്നു കൊലപാതകം. കേസില്‍ ഇതുവരെ ഏഴു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍