ഒൻപതുവയസ്സുകാരന് പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് എട്ടുവർഷം കഠിനതടവ്
പാലക്കാട്: ഒൻപതുവയസ്സുള്ള കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി എട്ടുവർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ.
കഞ്ചിക്കോട് ചുള്ളിമട ശിവാജി നഗറിൽ അബ്ദുള്ളയ്ക്കാണ് (49) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ജി. രാജേഷ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ അഞ്ചുവർഷം കഠിന തടവനുഭവിച്ചാൽ മതി. പിഴത്തുക അതിക്രമത്തിനിരയായ കുട്ടിക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധികതടവനുഭവിക്കണം.
2020 മേയിലാണ് കേസിനാസ്പദമായ സംഭവം. വാളയാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്.ഐ.മാരായ മനോജ് കെ. ഗോപി, എ.ഒ. ഷാജി, എ. ഹരിദാസൻ എന്നിവർ അന്വേഷണം പൂർത്തിയാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി.
