തിരിച്ചെത്തിയപ്പോൾ ആൺസുഹൃത്ത് സ്വീകരിച്ചില്ല, വിഷം കഴിച്ച യുവതിയും മക്കളും ഗുരുതരാവസ്ഥയിൽ
തിരുവനന്തപുരം:ആൺസുഹൃത്തിനോടൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിനിയെയും രണ്ട് കുഞ്ഞുങ്ങളെയും വിഷംകഴിച്ച നിലയിൽ കണ്ടെത്തി. വിഷം കഴിച്ചശേഷം വെള്ളറട പോലീസ് സ്റ്റേഷനിലെത്തിയ ഇവരോട് സ്വയം ആശുപത്രിയിൽ പോകാൻ പോലീസ് നിർദേശിച്ചുവെന്ന് ആരോപണമുയർന്നു. പോലീസ് സ്റ്റേഷനിൽനിന്നു സ്കൂട്ടറിൽ കുട്ടികളുമായി ആശുപത്രിയിൽപോയ ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
തിരുനന്തിക്കര സ്വദേശിനി ഉദയറാണി(26)യും ആറും നാലും വയസ്സുള്ള രണ്ട് മക്കളുമാണ് ചികിത്സയിലുള്ളത്. മേക്കാമണ്ഡപം സ്വദേശിയുടെ ഭാര്യയായ ഉദയറാണി ഒരുവർഷം മുമ്പാണ് മതക്കല സ്വദേശി സുമനോടൊപ്പം മക്കളെയും കൂട്ടി പോയത്. പിന്നീട് ഇവർ ആനപ്പാറയ്ക്കുസമീപം വാടകവീട്ടിൽ താമസിക്കുകയായിരുന്നു. ഒരുമാസം മുമ്പ് ഉദയറാണി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്കുപോയി.
തിരിച്ചെത്തിയങ്കെിലും സുമൻ ഇവരെ സ്വീകരിച്ചില്ല. തുടർന്ന് വിഷം കഴിച്ചശേഷം വെള്ളറട പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
പോലീസ് ആശുപത്രിയിൽ പോകാൻ നിർദേശിച്ചപ്പോൾ യുവതി മക്കളെയുംകൂട്ടി സ്കൂട്ടറിൽ വെള്ളറട സി.എച്ച്.സി.യിലെത്തി. അവിടെനിന്ന് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ ഗുരുതരാവസ്ഥയിലായി.
തുടർന്ന് കുട്ടികളെയും ഉദയറാണിയെയും നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
