മകനെ കൊല്ലുന്നത് നോക്കിനിന്നു, കെട്ടിത്തൂക്കാൻ ഉപദേശം;ചേർപ്പിലെ കൊലക്കേസിൽ അമ്മയും അറസ്റ്റിൽ
ചേർപ്പ്: മുത്തുള്ളിയാൽ തോപ്പ് കൊട്ടേക്കാട്ട്പറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബു കൊല്ലപ്പെട്ട കേസിൽ ബാബുവിന്റെ അമ്മ പദ്മാവതി (54)യെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഇളയ മകൻ ചേട്ടനെ കൊലപ്പെടുത്തുമ്പോൾ പദ്മാവതി നോക്കിനിൽക്കുകയും മകനെ കെട്ടിത്തൂക്കാൻ പ്രതികളെ ഉപദേശിക്കുകയും കുഴിച്ചിടാൻ സഹായിക്കുകയും ചെയ്തുവെന്ന് ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബു പറഞ്ഞു. കൊലപാതകവിവരം മൂടിവെച്ച കുറ്റവും ഇവരുടെ പേരിലുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മാർച്ച് 15-ന് രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ബാബുവിനെ അനുജൻ സാബു മുഖത്തിടിച്ച് പരിക്കേൽപ്പിച്ച് വികൃതമാക്കി.ബാബു ഉറക്കെ ബഹളം വെച്ചപ്പോൾ സാബു വായിൽ മണ്ണ് കുത്തിനിറച്ചു.മരിച്ചു എന്നു കരുതിയാണ് പ്രദേശവാസിയായ സുനിലിനെ ഇവർ വിളിച്ചുവരുത്തിയത്. ബാബുവിനെ കെട്ടിത്തൂക്കാം എന്നായിരുന്നു പദ്മാവതിയുടെ ഉപദേശം.
മുഖത്ത് ഗുരുതര പരിക്ക് ഉള്ളതിനാൽ കെട്ടിത്തൂങ്ങിമരിച്ചുവെന്ന് ആരും വിശ്വസിക്കില്ലെന്ന് സുനിൽ പറഞ്ഞു.300 മീറ്റർ അകലേക്ക് മൂന്നുപേരും ചേർന്നാണ് ചുമന്നുകൊണ്ടുപോയത്.ഒന്നാം പ്രതി സാബു, രണ്ടാം പ്രതി സുനിൽ എന്നിവർ ചേർന്നാണ് ബാബുവിനെ കുഴിച്ചിട്ടത്.
ബാബുവിന്റെ ഫോൺ പിറ്റേദിവസം സാബു കരുവന്നൂർ പുഴയിലേക്ക് വലിച്ചെറിഞ്ഞു.കഴിഞ്ഞദിവസം അറസ്റ്റിലായ രണ്ടാം പ്രതി കളിച്ചത്ത് വീട്ടിൽ സുനിൽ ആണ് കൂടുതൽ വിവരങ്ങൾ പറഞ്ഞത്. ഇതേത്തുടർന്ന് തിങ്കളാഴ്ച പദ്മാവതിയെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ കാര്യങ്ങൾ വ്യക്തമായത്.
പോസ്റ്റ്മോർട്ടം പരിശോധനയിൽ ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണ് കണ്ടപ്പോൾ ജീവനോടെയാണ് കുഴിച്ചിട്ടതെന്ന് സംശയിച്ചിരുന്നു. ബാബുവിന്റെ വായിൽ ബലമായി മണ്ണ് കുത്തിക്കയറ്റിയതിനെത്തുടർന്നാണ് ശ്വാസകോശത്തിൽ മണ്ണ് കയറിയതെന്ന് പ്രതികളുടെ വെളിപ്പെടുത്തലിൽ നിന്നാണ് വ്യക്തമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍