കൊല്ലം: താലികെട്ടാൻ ഒരുങ്ങുമ്പോൾ വധു കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങിയോടി. കൊല്ലം നഗരത്തിന് സമീപം കല്ലുംതാഴത്താണ് സംഭവം. വധു ഇറങ്ങിയോടി ഗ്രീൻ റൂമിൽ കയറി ഒളിച്ചിരുന്നു. വധുവിന് കുടുംബത്തിൽ തന്നെയുള്ള മറ്റൊരു യുവാവുമായി അടുപ്പമുണ്ടായതുകൊണ്ടാണ് താലികെട്ടിന് വിസമ്മതിച്ചത്. ഇതോടെ വിവാഹം മുടങ്ങുകയും വരന്‍റെ വധുവുന്‍റെയും ബന്ധുക്കൾ തമ്മിൽ കൈയ്യാങ്കളിയാകുകയും ചെയ്തു. കിളികൊല്ലൂർ പൊലീസ് ഇടപെട്ടാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വരന്‍റെ വീട്ടുകാർക്ക് വധുവിന്‍റെ കുടുംബം നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൽ ഇരുകൂട്ടരെയും വിട്ടയയ്ക്കുകയായിരുന്നു.

കല്ലുംതാഴം ഇരട്ടകുളങ്ങര ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൺറോതുരുത്ത് സ്വദേശിയായ യുവാവും കല്ലുംതാഴം സ്വദേശിനിയായ യുവതിയും തമ്മിലുളള വിവാഹമാണ് ക്ഷേത്രത്തില്‍ നിശ്ചയിച്ചിരുന്നത്.  രാവിലെയായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചത്. 11 മണി കഴിഞ്ഞുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട് നടക്കേണ്ടിയിരുന്നത്. ചടങ്ങുകൾക്കായി വരനും വധുവും മണ്ഡപത്തിലെത്തി. ഇരുവരുടെയും ബന്ധുക്കളും വേദിയിലുണ്ടായിരുന്നു. രണ്ടു കൂട്ടരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ ക്ഷണിച്ചുവരുത്തിയ നിരവധി നിറയെ ആളുകളും വിവാഹത്തിന് എത്തിയിരുന്നു.