മാറുന്ന കാലാവസ്ഥ മായുന്ന പൈതൃകം


എല്ലാവർഷവും ഏപ്രിൽ പതിനെട്ട് ലോക പൈതൃകദിനമായി ആചരിച്ചുവരുകയാണ്. 1964-ലെ വെനീസ് ചാർട്ടറിലൂടെയാണ് പൈതൃകസംരക്ഷണത്തിന്റെ പ്രാധാന്യം അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇക്കോമോസ് (International Council on Monuments and Sites) എന്ന സംഘടന രൂപവത്കൃതമായതും ഇതിന്റെ തുടർച്ചയായിട്ടാണ്. ഓരോ വർഷവും കാലികപ്രധാന്യമുള്ളതും അടിയന്തര ഇടപെടൽ ആവശ്യമുള്ളതുമായ വിഷയങ്ങളിലൂന്നിയാണ് പൈതൃകദിനാചരണം സംഘടിപ്പിച്ചുവരുന്നത്.

'സങ്കീർണമായ ഭൂതകാലം -വൈവിധ്യമാർന്ന ഭാവികാലം', 'പങ്കിടുന്ന സംസ്കാരം പങ്കിടുന്ന പൈതൃകം പങ്കിടുന്ന ഉത്തരവാദിത്വം', 'ഗ്രാമീണ ഭൂപ്രകൃതി', 'പൈതൃകം വരും തലമുറയ്ക്കുവേണ്ടി' തുടങ്ങിയ പ്രമേയങ്ങളിലൂന്നിയായിരുന്നു മുൻവർഷങ്ങളിലെ പൈതൃകദിനാചരണം. പൈതൃകവും കാലാവസ്ഥയും എന്നതാണ് ഈ വർഷത്തെ പൈതൃകദിന പ്രമേയം.

കാലാവസ്ഥയും പൈതൃകവും തമ്മിലെന്താണ് ബന്ധമെന്ന് ചിന്തിക്കുന്നവരുണ്ടാവും. മൂർത്തപൈതൃകങ്ങളായ (Tangible heritage) കെട്ടിടങ്ങളും കോട്ടകളും മറ്റ് നിർമിതികളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന വെള്ളപ്പൊക്കത്തിലും വരൾച്ചയിലും കൊടുങ്കാറ്റ് ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾകൊണ്ടും നാമാവശേഷമായ ഒട്ടേറെ ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. 2008-ൽ ലോക പൈതൃക കമ്മിറ്റി 25 രാജ്യങ്ങളിലെ 29 ലോകപൈതൃകങ്ങൾ അപകടാവസ്ഥയിലാണെന്ന് രേഖപ്പെടുത്തുകയുണ്ടായി.

ഒരു വർഷത്തിനുശേഷം അതായത് 2009-ൽ ഇതിൽ 17 പൈതൃകങ്ങൾകൂടി ഉൾപ്പെടുത്തി. ഇക്കൂട്ടത്തിൽ തണ്ണീർത്തടങ്ങളും ജലാശയങ്ങളും അതിലധിവസിക്കുന്ന ­ജീവജാലങ്ങളും ഉൾപ്പെടുന്നു. ദിനംപ്രതിയെന്നോണം നഷ്ടപ്പെടുന്ന പൈതൃകമരങ്ങൾ, ജൈവ വൈവിധ്യകലവറകൾ, പുൽമേടുകൾ, പരിസ്ഥിതിലോല പ്രദേശങ്ങൾ, കണ്ടൽ വനങ്ങൾ എന്നിവയുടെ നാശം ഇന്നത്തെ തലമുറയെ മാത്രമല്ല വരുംതലമുറകളെക്കൂടി ബാധിക്കുന്നതാണ്. പൈതൃകം എന്നാൽ, മുൻ തലമുറ നമുക്കായി ബാക്കിവെച്ചത് മാത്രമല്ല അത് നമ്മൾ വരുംതലമുറയ്ക്ക് കൈമാറേണ്ട ഉത്തരവാദിത്വം കൂടിയാണ്. ആർത്തിപൂണ്ട ഇന്നത്തെ ഉപഭോഗവും വികസനത്വരയും പൈതൃകത്തെ ചവിട്ടിയരച്ച് കടന്നുപോകുന്നു.

വനനശീകരണവും പുത്തൻ വികസന സങ്കല്പങ്ങളും ഹരിതഗൃഹ വാതക ബഹിർഗമനത്തെ വർധിപ്പിക്കുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തിനും പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നു. പൈതൃക സമ്പത്ത് മായാനിടയാക്കുന്നു. പൈതൃകത്തിന്റെ മറ്റൊരു ഘടകമാണ് അമൂർത്ത പൈതൃകങ്ങൾ. ഈ വിഭാഗത്തിൽപ്പെടുന്ന രംഗകലകളെയും കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നത് നാം നേരിട്ടുകണ്ടു. കേരളത്തിൽ അനുഭവപ്പെട്ട രണ്ടു പ്രളയങ്ങൾ തെയ്യമുൾപ്പെടെയുള്ള ഒട്ടേറെ അനുഷ്ഠാന, രംഗകലകളുടെ ഒരു പരിപാടിക്കാലം തന്നെ ഇല്ലാതാക്കിയത് ഉദാഹരണം.