ഇന്ന് റമസാനിലെ അവസാന വെള്ളിയാഴ്ച

താമരശ്ശേരി :  ഇന്ന് റമസാനിലെ അവസാന വെള്ളിയാഴ്ച. സൃഷ്ടികർത്താവായ അല്ലാഹുവിന്റെ ഭേദമില്ലാത്ത പ്രകൃതി മനുഷ്യജീവിതത്തിന്റെ ഭാഗമാക്കി പരിശീലിപ്പിച്ചെടുക്കലാണ് വ്രതാനുഷ്ഠാനത്തിന്റെ മർമം. 

സൃഷ്ടാവ് ആർദ്രതയുള്ളവനും കാരുണ്യവാനും ഉദാരശീലനുമാണ്. നിറമോ, ഭാഷയോ, ജാതിയോ മറ്റു വൈവിധ്യങ്ങളോ അവന്റെ അനുഗ്രഹത്തിനു മുന്നിൽ വിഷയമാകാറില്ല. അവനുദിപ്പിക്കുന്ന സൂര്യന്റെ പ്രഭയും അവൻ ചൊരിക്കുന്ന മഴയുടെ ലഭ്യതയും ഭൂമിയിൽ എല്ലാവർക്കും വേണ്ടിയാണ്. പ്രവാചകൻ പറഞ്ഞു: ‘‘ദൈവ സാമിപ്യം കരസ്ഥമാക്കി സ്വർഗപ്രാപ്തരാവാൻ വിശപ്പ് നിങ്ങൾ പതിവാക്കുവീൻ.’’ സ്വാർഥതയും ലുബ്ധും ശത്രുതാ മനോഭാവവുമെല്ലാം സാത്താന്റെ സ്വഭാവമാകയാൽ അവന്റെ സഞ്ചാരപഥങ്ങളായ രക്തക്കുഴലുകൾ വ്രതമെടുത്ത് രക്തചംക്രമണം സാവധാനത്തിലാക്കാനും പ്രവാചകർ ബോധനം നൽകിയിട്ടുണ്ട്.

വ്രതാനുഷ്ഠാനത്തിന് വ്യത്യസ്ത തലങ്ങളുണ്ടെന്ന് ഇമാം ഗസ്സാലി രേഖപ്പെടുത്തുന്നുണ്ട്. ദൈവ സാമിപ്യം തീരെ കുറഞ്ഞവർ ശരീരത്തിന് അന്നപാനീയാദികൾ തടഞ്ഞുവച്ച് കേവല പട്ടിണി കിടക്കുന്നു. ഒന്നുകൂടി ദൈവസാമീപ്യമുള്ളവർ വ്രതത്തെ മനസ്സിന്റെ തലത്തിലേക്കും, ഒന്നുകൂടി ആത്മീയ മേഖലയിൽ മുമ്പോട്ടുപോയവർ ആത്മാവിന്റെ തലത്തിലേക്കും വ്രതത്തെ കൊണ്ടെത്തിക്കുന്നു.

പ്രവാചകരുടെ വ്രതത്തിന്റെ തലം ഏറെ സമുന്നതമായ ആത്മീയതലത്തിൽ ലയിച്ചതായിരുന്നു. ഒരിക്കൽ തന്റെ പത്നി ആയിശബീവിയോട് തന്റെ സ്വഭാവത്തെക്കുറിച്ച് അനുചരർ ചോദിച്ചപ്പോൾ അവിടത്തെ സ്വഭാവം ഖുർആൻ തന്നെയായിരുന്നു എന്നാണ് പ്രതികരിച്ചത്. പ്രസ്തുത തലത്തിലേക്ക് ്രവതത്തിലൂടെ ഒരു വിശ്വാസി സ്വയം കൊണ്ടെത്തിക്കുന്നപക്ഷം അദൃശ്യലോകത്തുനിന്നും മാലാഖമാരുടെ സഹായ ഹസ്തങ്ങൾ അവരെ തേടിയെത്തും എന്ന് ഖുർആനിൽ അല്ലാഹു ഉറപ്പു നൽകിയിട്ടുണ്ട്. അത്തരക്കാരിൽപ്പെട്ടവരായിരുന്നു ബദ്‌ർ രക്തസാക്ഷികൾ.

പരമകാരുണികനും ദയാലുവുമായ ദൈവത്തിന്റെ സ്വഭാവം ഒരു വിശ്വാസി ആർജിച്ചെടുക്കേണ്ടത് ഖുർആനിലൂടെയാവണം. ‘വിശുദ്ധ ഖുർആൻ ഇറക്കപ്പെട്ട മാസം’ എന്നു വിശേഷിപ്പിച്ചത് റമദാനെയാണല്ലോ. ഖുർആനിന്റെ സ്വഭാവം പോലെ പ്രവാചകർ ആർജിച്ചെടുത്ത സ്വഭാവം നമുക്കും നേടാനാവണം, ഖുർആനിന്റെ സന്ദേശം മാനവിക സ്നേഹത്തിന്റെ സന്ദേശമാണ്. ‘വിശുദ്ധ ഖുർആൻ’ മുസ്‌ലിംകളുടെ മാത്രം ഗ്രന്ഥമല്ല; ദൈവസാമീപ്യം കൊതിക്കുന്ന സകല മനുഷ്യരുടെയും ഗ്രന്ഥമാണത്. ഖുർആൻ പരിചയപ്പെടുത്തുന്ന ദൈവം ജനങ്ങളുടെ ദൈവമാണ്. ഖുർആൻ അഭിസംബോധന ചെയ്യുന്നത് കേവലം മുസ്‌ലിംകളെയല്ല, മറിച്ച് ജൂതരേയും വേദം നൽകപ്പെട്ട സമൂഹത്തേയും സത്യനിഷേധികളേയും, സത്യവിശ്വാസികളെയും മുഴുവൻ മനുഷ്യരെയുമാണ്. ലോക മാനവികതയെ ഉയർത്തിപ്പിടിക്കുന്ന സന്ദേശമാണ് വിശുദ്ധ ഖുർആനിന്റേത്.

മനുഷ്യനെ ദൈവത്തിന്റെ പ്രതിനിധിയായിട്ടാണ് ഖുർആൻ പരിചയപ്പെടുത്തിയത്. പ്രവാചകർ പറയുന്നു: അല്ലാഹുവിന് ചില അടിമകളുണ്ട്; ജനങ്ങൾക്കു നന്മ ചെയ്യാൻ വേണ്ടി അല്ലാഹു അവരെ പ്രത്യേകമായി തിരഞ്ഞെടുത്തിരിക്കുന്നു. അവർക്കു ധാരാളം അനുഗ്രഹങ്ങൾ അല്ലാഹു നൽകിയിട്ടുണ്ട്. നൽകപ്പെടേണ്ടവർക്കതു നൽകി അർഹമായ നിലയിൽ അവരതിനെ വിനിയോഗിച്ചാൽ പ്രസ്തുത അനുഗ്രഹങ്ങൾ അവരിൽത്തന്നെ അല്ലാഹു സ്ഥിരപ്പെടുത്തിക്കൊടുക്കും, പ്രത്യുത, കൊടുക്കേണ്ടവർക്ക് കൊടുക്കാതെ സ്വാർഥ മോഹത്താൽ അതിനെ തടഞ്ഞുവച്ചാൽ അവരിൽനിന്നും പ്രസ്തുത അനുഗ്രഹങ്ങളെ അല്ലാഹു ഊരിക്കളയുകയും യോഗ്യരായ മറ്റു ചിലരിലേക്ക് അതിനെ വഴിതിരിച്ചു വിടുകയും ചെയ്യും.’’ സമ്പാദ്യം, പാർപ്പിടം, ബിസിനസ്, വാക്സാമർഥ്യം, ബുദ്ധി, വിദ്യാഭ്യാസം, ഉദ്യോഗം തുടങ്ങി മനുഷ്യജീവിതത്തിന്റെ നാനാമേഖലയും ഉൾക്കൊള്ളുന്നതാണ് ഈ തിരുവചനം. ഒരു നാട്ടിൽ ഒരു ധനികനുണ്ടായിരിക്കെ ആ നാട്ടിൽ ഒരു പാവപ്പെട്ടവൻ കഷ്ടതയനുഭവിക്കാൻ പാടില്ല എന്നു ചുരുക്കം. ഈ രീതിയിൽ അല്ലാഹുവിന്റെ സ്വഭാവത്തിലേക്ക് മനുഷ്യനെ പരിശീലിപ്പിച്ച് പാകപ്പെടുത്തുന്ന പരിശീലനക്കളരിയാണ് വ്രതാനുഷ്ഠാനം, അതിന്റെ മാനദണ്ഡമാണ് വിശുദ്ധ ഖുർആൻ. ഇസ്‌ലാമിലെ പ്രമുഖ ആരാധനാകർമമായ നിസ്കാരം നാഥനോടുള്ള അടിമയുടെ സംഭാഷണമാണ്. എങ്കിൽ നോമ്പ്, അടിമയും ഉടമയും തമ്മിലുള്ള വിധേയത്വത്തിനു പുറമെ മറ്റു ജനങ്ങളുടെ ദാരിദ്ര്യത്തെക്കുറിച്ചും വിശപ്പിനെക്കുറിച്ചും തന്നെ ബോധവാനാക്കി സമൂഹത്തോടുള്ള പ്രതിബദ്ധത കൂടി പരിചയപ്പെടുത്തുന്നു. 

വിശുദ്ധ ഖുർആനിന്റെ അവതരണമുണ്ടായ ദിവസമാണ് ലൈലത്തുൽ ഖദ്‍ർ. ശ്രേഷ്ഠത, മഹത്വം എന്നീ അർഥങ്ങൾ കൽപിക്കപ്പെടാവുന്ന പദമാണ് ‘ഖദ്‍ർ’ എന്നത്. മഹത്വപൂർണമായ ഖുർആൻ മഹാനായ അല്ലാഹുവിൽ നിന്നും മഹാനായ ജിബ്രീൽ എന്ന മാലാഖയിലൂടെ മഹാനായ മുഹമ്മദ് നബിക്ക് മഹത്തായ സമുദായത്തിന്റെ മാർഗദർശനത്തിനായി അവതരിപ്പിച്ചുകൊടുത്തതു കൊണ്ടാണ് ‘മഹത്വം’ എന്നർഥമുള്ള ‘ഖദ്‌ർ’ എന്ന പദം ആ രാത്രിക്കു പറഞ്ഞത്.


പ്രാർഥനയ്ക്കും നിസ്കാരത്തിനും ദാനധർമങ്ങൾക്കും മറ്റു സത്കർമങ്ങൾ‌ക്കും ഏറെ പ്രാധാന്യമുള്ള പ്രസ്തുത രാത്രിയിൽ മൂന്നു വിഭാഗത്തിന്റെ ആരാധനകൾ അല്ലാഹു സ്വീകരിക്കുകയില്ലെന്ന് പ്രവാചകൻ (സ) ഓർമപ്പെടുത്തിയിട്ടുണ്ട്. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവരും സ്ഥിരമായി മദ്യപിക്കുന്നവരും മനസിൽ പകയും വിദ്വേഷവും വച്ചു നടക്കുന്നവരുമാണ് ആ ഹതഭാഗ്യർ!

ഒടുവിലത്തെ പത്തിൽ നിങ്ങൾ ലൈലത്തുൽ ഖദ്‌റിനെ പ്രതീക്ഷിക്കുവീൻ‌’’ എന്നു പ്രവാചകൻ പറഞ്ഞിട്ടുണ്ട്. റമസാൻ അവസാന പത്ത് ആയാൽ പ്രവാചകർ ആരാധനയ്ക്കുവേണ്ടി പ്രത്യേകമായി ഒരുങ്ങാറുണ്ടെന്നും പള്ളിയിൽ ഇഅ്ത്തികാഫ് ഇരിക്കാറുണ്ടായിരുന്നുവെന്നും ഹദീസിൽ വന്നിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍