അധ്യാപകസമരം കാരണം അഞ്ഞൂറുപേർ തോറ്റു; വിദ്യാർഥികൾ പ്രിൻസിപ്പാളിനെ ഓഫീസിൽ പൂട്ടിയിട്ടു
കോഴിക്കോട്: മുക്കം കെഎംസിടി പോളിടെക്നിക് കോളേജിൽ വിദ്യാർഥികളുടെ സമരം തുടരുന്നു. അധ്യാപകരുടെ സമരം കാരണം പരീക്ഷ മുടങ്ങിയ 500 വിദ്യാർഥികൾ തോറ്റതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ചയാണ് വിദ്യാർഥികൾ സമരം തുടങ്ങിയത്. സമരക്കാർ പ്രിൻസിപ്പാളിനെ ഓഫീസിൽ പൂട്ടിയിട്ട് ഉപരോധിച്ചു.
മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അധ്യാപകർ കഴിഞ്ഞ ജനുവരിയിൽ നടത്തിയ സമരം കാരണമാണ് ഒന്നാം വർഷ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ ഇംഗ്ലീഷ് പരീക്ഷ മുടങ്ങിയത്. അധ്യാപകസമരം ഒത്തുതീർപ്പായതോടെ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരം നൽകുമെന്നും ആരും തോൽക്കില്ലെന്നും കോളേജ് അധികൃതർ വിദ്യാർഥികൾക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇത് നടപ്പായില്ല. പരീക്ഷാഫലം വന്നപ്പോൾ 500 കുട്ടികൾ തോറ്റു. തുടർന്നാണ് വിദ്യാർഥികൾ അനിശ്ചിത കാല സമരം തുടങ്ങിയത്.
തുടർ വിദ്യാഭ്യാസത്തേയും ജോലിയേയും ബാധിക്കുമെന്നതിനാൽ സപ്ലിമെന്ററി പരീക്ഷ എഴുതില്ലെന്നും റീ ടെസ്റ്റ് നടത്തണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം.
