പന്നികളെ തുരത്താന്‍ കൃഷിയിടത്തില്‍ സ്ഥാപിച്ച ഇലക്ട്രിക് വേലിയില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് 16 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്
കട്ടിപ്പാറ: കട്ടിപ്പാറ ചമല്‍ കൊട്ടാരപറമ്പില്‍ പി കെ ദിനേശന്റെ മകന്‍ ശ്രീനേഷ് വീടിന് സമീപത്തെ വയലില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തിലാണ് മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി പ്രസ്ഥാവിച്ചത്. 2017 ഒക്ടോബര്‍ രണ്ടിന് രാവിലെയാണ് ശ്രീനേഷിനെ വീടിനു സമീപത്തെ വയലില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടുപന്നിയെ തുരത്താനായി സ്ഥാപിച്ച ഇലക്ട്രിക് വേലിയില്‍ നിന്ന് ഷോക്കേറ്റ് മരിക്കുകയായിരുന്നു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും താമരശ്ശേരിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനുമായിരുന്ന ശ്രീനേഷ് രാത്രി 12 മണിയോടെയാണ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്. കുളിക്കാനിറങ്ങിയ ശ്രീനേഷ് ഭക്ഷണം കഴിച്ച് കിടന്നിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. രാവിലെയും കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ശ്രീനേഷിന്റെ അയല്‍വാസി കരോട്ട് ബൈജു തോമസ്, ഇയാളുടെ ബന്ധുക്കളായ കരോട്ട് കെ ജെ ജോസ്, വളവനാനിക്കല്‍ ജോണി എന്നിവരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജോസും ജോസഫും ചേര്‍ന്ന് നടത്തുന്ന കപ്പ കൃഷിയോട് ചേര്‍ന്നുള്ള ഇലക്ട്രിക് വേലിയിലേക്ക് ബൈജു തോമസിന്റെ വീട്ടില്‍ നിന്നാണ് വൈദ്യുതി എത്തിച്ചിരുന്നത്. സോളാര്‍ ഉപയോഗിച്ച് ശക്തി കുറഞ്ഞ് വൈദ്യുതി കടത്തി വിടുന്നതിന് പകരം വീട്ടില്‍ നിന്നും നേരിട്ട് വൈദ്യുതി കടത്തി വിട്ടതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. ഐ പി സി 304 പ്രകാരം മനപൂര്‍വമുള്ള നരഹത്യക്കാണ് ഇവരുടെ പേരില്‍ കേസെടുത്തത്. ഈ കേസിന്റെ വിസ്താരം പുരോഗമിക്കുകയാണ്. ഇതിനിടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീനേഷിന്റെ മാതാപിതാക്കള്‍ നല്‍കിയ സിവില്‍ കേസിലാണ് കോഴിക്കോട് രണ്ടാം അഡീഷണല്‍ സബ് ജഡ്ജ് എസ് സുരാജ് വിധി പ്രസ്ഥാവിച്ചത്. അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് പുറമെ കെ എസ് ഇ ബി യേയും പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തത്. പ്രതികളും കെ എസ് ഇ ബി യും ചേര്‍ന്ന് 16 ലക്ഷം രൂപയും 6 ശതമാനം പലിശയും ചെലവും നല്‍കണമെന്നാണ് വിധി. പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. കെ പി ഫിലിപ്പ്, അഡ്വ. കെ മുരളീധരന്‍ എന്നിവര്‍ കോടതിയില്‍ ഹാജറായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍