ലഹരിയിൽ മുങ്ങിയ ബാബുവിന്റെ വീഡിയോ: കഞ്ചാവ് എന്താണെന്നുപോലും മകന് അറിയില്ലെന്ന് അമ്മ
പാലക്കാട്: കുമ്പാച്ചിമലയുടെ മുകളിലെ പൊത്തിൽ ജീവരക്ഷയ്ക്കായി കാത്തിരിക്കുന്ന ബാബുവും രക്ഷിക്കാനെത്തിയ സൈനികരും വാർത്തകളിൽനിറഞ്ഞിട്ട് അധികകാലമായില്ല. വൈറലായ ആ വീഡിയോകൾക്ക് പിന്നാലെ ബാബുവിന്റെ മറ്റൊരു വീഡിയോകൂടി കഴിഞ്ഞ ദിവസംമുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂട്ടുകാരോട് അടികൂടി, അസഭ്യം പറയുന്ന ബാബുവാണ് വീഡിയോയിലുള്ളത്.
കൂട്ടുകാരോട് എനിക്ക് ചാവണമെന്ന് ബാബു ഉറക്കെ പറയുന്നുണ്ടായിരുന്നു. ചിലർ ബാബുവിന്റെ തലയിലൂടെ വെളളമൊഴിച്ചു. പിടിച്ചുവെക്കാൻനോക്കിയ കൂട്ടുകാരെ ബാബു ആക്രമിക്കുകയും ചെയ്തു. ഉറക്കവും ഭക്ഷണവും സമയത്തില്ലാത്ത ബാബു മദ്യം കഴിക്കുക കൂടി ചെയ്തതോടെ സ്വഭാവത്തിൽ മാറ്റംവരികയായിരുന്നു എന്നാണ് ബാബുവിന്റെ മാതാവ് പറയുന്നത്.
തിരുവനന്തപുരം ക്യാമ്പിൽ നിന്ന് വന്ന കൂട്ടുകാരനും ബാബുവുമാണ് കഴിച്ചത്. തുടർന്ന് ചീത്ത പറഞ്ഞതിന്റെ പേരിൽ ബാബു കൊക്കയുടെ ഭാഗത്തേക്ക് ഓടുകയായിരുന്നു. അവിടെ പിറന്നാൾ ആഘോഷിച്ചിരുന്ന കുട്ടികളോട് ബാബുവിനെ പിടിക്കാൻ പറഞ്ഞു. അവർ അവനെ പിടിച്ച് തല്ലിയെന്നും അതിൽ ബാബു പ്രതികരിക്കുകയായിരുന്നുവെന്നും മാതാവ് പറയുന്നു.
ബാബുവിന് മാനസികമായിട്ട് ഭയങ്കരപ്രശ്നമാണെന്നും ഫെബ്രുവരി തൊട്ട് ബാബു പ്രശ്നങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും മാതാവ് പറഞ്ഞു.
അവൻ കഞ്ചാവാണെന്നാണ് ഫെയ്സ്ബുക്കിൽ പലരും പറയുന്നത്. എന്റെ മകന് കഞ്ചാവ് എന്താണെന്ന് പോലും അറിയില്ല. മദ്യം കഴിക്കാത്ത ഒരു വ്യക്തിയും ഇല്ല. കുട്ടികൾ സൗഹൃദത്തിന്റെ പേരിൽ മദ്യം കഴിക്കുകയായിരുന്നുവെന്ന് മാതാവ് പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍