ചേർത്തുനിർത്തി സ്റ്റാലിൻ; കൈകൂപ്പി നന്ദി പറഞ്ഞ് പേരറിവാളൻ


രാജീവ്ഗാന്ധി വധക്കേസില്‍ മോചനം ലഭിച്ചതിന് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ. സ്വന്തം നാടായ ജ്വാലാർ പേട്ടിൽ നിന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം എത്തിയാരുന്നു പേരറിവാളൻ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കണ്ടത്.പേരറിവാളന്റെ മോചനം ഫെഡറലിസത്തിന്റേയും തമിഴ്നാടിവ്റേയും ജയം എന്നാണ് എം കെ സ്റ്റാലിൻ പ്രതികരിച്ചത്.

32 വർഷം ജയിലിൽ കഴിഞ്ഞ ശേഷമാണ് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം ലഭിച്ചത്. പേരറിവാളന്റെയും അമ്മയുടെയും ഹർജികളിലാണ് ജസ്റ്റിസ് എൽ നാ​ഗേശ്വര റാവു വിധി പ്രസ്താവിച്ചത്. എത്രയും വേ​ഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. ഇക്കാര്യത്തിൽ നേരത്തെ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ വിമർശിച്ചിരുന്നു. ജയിലിൽ നല്ല നടപ്പായിരുന്നിട്ടും പേരറിവാളനോട് വിവേചനം കാണിക്കുന്നുവെന്നായിരുന്നു സുപ്രീംകോടതിയുടെ വിമർശനം. വിചാരണക്കോടതി മുതൽ സുപ്രിംകോടതി വരെ പേരറിവാളന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി.

1991ലാണ് പേരറിവാളൻ അറസ്റ്റിലായത്. രാജീവ് ഗാന്ധി വധക്കേസിൽ 32 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ് പേരറിവാളൻ. 1991 ജൂൺ 11 ന് ചെന്നൈയിലെ പെരിയാർ തിടലിൽ വച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ പേരറിവാളിനെ അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന് 20 വയസ് തികയാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്നാട്ടിലെ ശ്രീപെരുംമ്പത്തൂരിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ ശിവരാസന് സ്‌ഫോടക വസ്തുവായി 9 വോൾട്ട് ബാറ്ററി നൽകിയെന്നതായിരുന്നു പേരറിവാളന് മേൽ ചുമത്തിയ കുറ്റം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍