കട്ടിപ്പാറ പഞ്ചായത്തില്‍ ഉള്‍പ്പെട്ട അമ്പോക്ക് പ്രദേശവാസികള്‍ യാത്രാ സൗകര്യമില്ലാത്തതിനാല്‍ ദുരിതത്തില്‍

താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തില്‍ ഉള്‍പ്പെട്ട അമ്പോക്ക് പ്രദേശവാസികള്‍ യാത്രാ സൗകര്യമില്ലാത്തതിനാല്‍ ദുരിതത്തില്‍. നിരവധി കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശത്തേക്ക് വാഹനം എത്താത്തതിനാല്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും പ്രയാസപ്പെടുകയാണ്. ആശുപത്രിയില്‍ പോവാന്‍ വാഹനം ലഭിക്കാത്തതിനാല്‍ പ്രദേശത്തെ കോഴിഫാമില്‍ ജോലിചെയ്യുന്ന ഉത്തര്‍പ്രദേശ് സ്വദേശി ഷഹജിലിന്റെ ഭാര്യ ഗുലിസ്ത കഴിഞ്ഞ ദിവസം ഫാമിലെ ഷെഡില്‍ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പോവാന്‍ വാഹനം അന്വേഷിച്ചെങ്കിലും ഇവിടേക്ക് വരാന്‍ ആരും തയ്യാറായില്ല. സമീപവാസിയായ നസീമ ഓടിയെത്തി പരിചരണം നല്‍കിയതിനാലാണ് അമ്മയുടേയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാനായത്. ഒരു മണിക്കൂറോളം യുവതി വേദന സഹിച്ച് കിടന്നു. ശേഷം താമരശ്ശേരി താലൂക്കാശുപത്രിയില്‍ നിന്ന് കനിവ് 108 ആംബുലന്‍സ് എത്തിയെങ്കിലും റോഡിന്റെ ശോചനീയാവസ്ഥ കാരണം ഏറെ ദൂരത്ത് നിര്‍ത്തിയിടുകയായിരുന്നു. നാട്ടുകാര്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് ആമ്പുലന്‍സ് തകര്‍ന്ന റോഡിലേക്കിറക്കി അമ്മയേയും കുഞ്ഞിനേയും ആശുപത്രിയില്‍ എത്തിച്ചത്. നിരവധി പേര്‍ ഇത്തരത്തില്‍ ചികിത്സ ലഭിക്കാതെ പ്രയാസപ്പെട്ടിട്ടുണ്ടെന്നും ഇനിയെങ്കിലും അധികൃതര്‍ കണ്ണ് തുറക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

കട്ടിപ്പാറ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ പെട്ട ഈ പ്രദേശത്തേക്കുള്ള റോഡ് ദേശീയപാതയില്‍ പുല്ലാഞ്ഞിമേട് നിന്ന് ആരംഭിക്കുന്ന ഭാഗത്ത് ടാറിംഗ് നടത്തിയിട്ടുണ്ട്. ബാക്കിയുള്ള കുറച്ചു ഭാഗത്ത് ടാറിംഗ് നടത്താന്‍ കല്ലിട്ടിട്ട് വര്‍ഷം 10 കഴിഞ്ഞു. കല്ലുകള്‍ ഇളകിയതിനാല്‍ കാല്‍നട യാത്രപോലും ദുസ്സഹമാണ്. നിര്‍ദ്ദിഷ്ട വ്യവസായ പാര്‍ക്കിലേക്കുമുള്ള റോഡാണിത്. 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വ്യവസായ പാര്‍ക്കിനായി ഗ്രാമപഞ്ചായത്ത് സ്ഥലം വിലക്കെടുത്തത്. പാര്‍ക്കിനുള്ളിലെ റോഡ് നിര്‍മിച്ചതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായിട്ടില്ല. വ്യവസായ പാര്‍ക്കിന്റെ റോഡാണെന്ന പേരിലാണ് പഞ്ചായത്ത് ഫണ്ട് അനുവദിക്കാത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. റോഡ് വീതി കൂട്ടാനായി നാട്ടുകാര്‍ ഭൂമി വിട്ടു കൊടുക്കുകയും ചെയ്തു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. ജീവിതം വഴി മുട്ടിയപ്പോള്‍ പ്രദേശവാസികള്‍ പണപ്പിരിവ് നടത്തി ഏതാനും ഭാഗം കോണ്‍ക്രീറ്റ് ചെയ്തു. ബാക്കിയുള്ള റോഡ് ടാറിംഗ് നടത്താന്‍ പഞ്ചായത്തോ സ്ഥലം എം എല്‍ എ യോ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍