നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാൽ കുഞ്ഞ് രക്ഷപ്പെട്ടു


ചേർത്തല: മാനസികവെല്ലുവിളി നേരിടുന്ന യുവതി 20 ദിവസം പ്രായമായ കുഞ്ഞിനെ പ്ളാസ്റ്റിക് കൂടിലാക്കി പൊഴിച്ചാലിലെറിഞ്ഞു. ബന്ധു കണ്ടതിനാൽ കുഞ്ഞ് രക്ഷപ്പെട്ടു. ചേർത്തല അർത്തുങ്കൽ ചേന്നവേലിയിൽ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.

കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനു കാര്യമായ പരിക്കില്ല. ഏഴാംമാസം പ്രസവം നടന്നതിനാൽ അമ്മയും കുഞ്ഞും വീട്ടിലെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയിൽനിന്നു വീട്ടിലെത്തിയത്. മൂത്തകുട്ടിയെ കാണാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് ഇവർ അർത്തുങ്കൽ പോലീസിനോടു പറഞ്ഞത്.

യുവതി വീടിനുസമീപത്തെ തോട്ടിലേക്ക് കൂടെറിയുന്നത് ഭർതൃസഹോദരനാണു കണ്ടത്. അമ്മയെ മാനസികാരോഗ്യ വിദഗ്ധരെ കാണിക്കാൻ നിർദേശം നൽകിയതായി അർത്തുങ്കൽ ഇൻസ്പെക്ടർ പി.ജി. മധു പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍