അതിഥി തൊഴിലാളി യുവതിക്കു വീട്ടിൽ സുഖപ്രസവം:രക്ഷകരായി ആശാപ്രവർത്തകരും ആംബുലൻസ് ജീവനക്കാരും

താമരശ്ശേരി: ആശാ പ്രവർത്തകരും: ആംബുലൻസ് ജീവനക്കാരും തത്സമയം രക്ഷകരായി എത്തിയതോടെ അതിഥി തൊഴിലാളി യുവതിക്കു വീട്ടിൽ തന്നെ സുഖപ്രസവം.

വീട്ടിൽ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായത് കനിവ് 108 ആംബുലൻസ് ജീവനക്കാരും ആശാ പ്രവർത്തകരും.
ഉത്തർപ്രദേശ് സ്വദേശിയും താമരശ്ശേരി പുല്ലാഞ്ഞിമേട്ടിൽ താമസക്കുന്ന ഷഹജിലിന്റെ  ഭാര്യ ഗുലിസ്ത (26) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. പ്രസവവേദന അനുഭവപ്പെട്ട ഗുലിസ്ത വീട്ടിൽ തന്നെ കുഞ്ഞിന് ജന്മം നൽകി. വീട്ടുകാർ ഉടനെ വിവരം ആശാ പ്രവർത്തകരായ ജയശ്രീ, ലീല എന്നിവരെ അറിയിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവർ ഉടൻ കനിവ് 108 ആംബുലൻസിന്റെ സേവനവും തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറിയതോടെ ആംബുലൻസ് പൈലറ്റ്  മുഹമ്മദ് നൗഷീർ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ വർഗീസ് എന്നിവർ ഉടൻ സ്ഥലത്തെത്തി. ഇതിനിടയിൽ ആശാ പ്രവർത്തകരായ ജയശ്രീയും, ലീലയും സ്ഥലത്തെത്തി ഗുലിസ്തയ്ക്ക് വേണ്ട പരിചരണം ഒരുക്കിയിരുന്നു. പെട്ടെന്ന് തന്നെ ആംബുലൻസ് സംഘവും സ്ഥലത്തെത്തി. ഉടൻ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ നിഖിൽ വർഗീസ് അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസിലേക്ക് മാറ്റിയ ഇരുവരെയും പൈലറ്റ് മുഹമ്മദ് നൗഷീർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍