സിപിഎമ്മും കോൺഗ്രസും ഒന്നിച്ചു; ചെന്നിത്തലയിൽ ബിജെപിക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി


ചെന്നിത്തല: സി.പി.എം. കൊണ്ടുവന്ന അവിശ്വാസത്തെ കോൺഗ്രസ് പിന്തുണച്ചതോടെ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ബി.ജെ.പി.യിലെ ബിന്ദു പ്രദീപ് പുറത്തായി. 18 അംഗങ്ങളുള്ള ഭരണസമിതിയിൽ 12 പേർ അവിശ്വാസത്തെ അനുകൂലിച്ചു. ബി.ജെ.പി.യിലെ ആറംഗങ്ങളും പങ്കെടുത്തെങ്കിലും വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു.

മൂന്നു മുന്നണികൾക്കും ആറുസീറ്റു വീതമാണിവിടെ. ഭരണസ്തംഭനം ആരോപിച്ച് സി.പി.എമ്മിലെ കെ. വിനു അവതരിപ്പിച്ച പ്രമേയമാണ് ചർച്ചചെയ്തത്. വോട്ടെടുപ്പിന്റെ സമയമായപ്പോൾ ബി.ജെ.പി. പാർലമെന്ററി പാർട്ടി ലീഡർ പ്രവീൺ കാരാഴ്മ, തങ്ങൾ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുന്നതായി അറിയിച്ചു പുറത്തുപോയി. തുടർന്ന് കോൺഗ്രസ് പിന്തുണയോടെ അവിശ്വാസം വിജയിക്കുകയായിരുന്നു.

ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി നിലവിൽവന്നതിനുശേഷം ഒട്ടേറെ രാഷ്ട്രീയനാടകങ്ങൾക്കു വേദിയായ ഇവിടെ കോൺഗ്രസിനും ബി.ജെ.പി.ക്കും ആറംഗങ്ങൾ വീതവും സി.പി.എമ്മിന് അഞ്ചംഗങ്ങളും ഒരു കോൺഗ്രസ് വിമതനുമാണ് ആദ്യമുണ്ടായിരുന്നത്. പ്രസിഡന്റുപദവി പട്ടികജാതി വനിതാസംവരണമാണ്. ഈ വിഭാഗത്തിലുള്ളവർ കോൺഗ്രസിൽ ആരുമില്ലായിരുന്നു. അതോടെ സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രൻ, കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റായി. എന്നാൽ, കോൺഗ്രസിന്റെ പിന്തുണ വേണ്ടെന്ന സി.പി.എം. നിലപാടിനെത്തുടർന്ന് അവർ രാജിവെച്ചു.

വീണ്ടും തിരഞ്ഞെടുപ്പു നടന്നപ്പോൾ ഇതെല്ലാം ആവർത്തിക്കുകയും വിജയമ്മ രാജിവെക്കുകയും ചെയ്തു. രണ്ടുതവണയും നിഷ്പക്ഷ നിലപാട് സ്വീകരിച്ച് തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്ന കോൺഗ്രസ് വിമതൻ ദിപു പടകത്തിൽ മൂന്നാമത്തെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കു വോട്ടുചെയ്തു. സി.പി.എമ്മിന്റെ ഒരു വോട്ട് അസാധുവാകുകയും കോൺഗ്രസ് വിട്ടുനിൽക്കുകയും ചെയ്തതോടെ ബി.ജെ.പി.ക്കു ഭരണം ലഭിച്ചു. പിന്നീട് ദിപു പടകത്തിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ ചേർന്ന് എൽ.ഡി.എഫിന്റെ ഭാഗമായതോടെയാണ് മൂന്നുമുന്നണികൾക്കും ആറംഗങ്ങൾ വീതമായത്.

കോടംതുരുത്തിൽ ഇടതും വലതുംഒന്നിച്ചാൽ ബിജെപിക്കു ഭരണം പോകും

തുറവൂർ: അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകിയ കോടംതുരുത്തു പഞ്ചായത്തിൽ ഇടതുവലതു പാർട്ടികൾ ഒന്നിച്ചാൽ ബി.ജെ.പി.ക്കു ഭരണം നഷ്ടമാകും. 15 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. ബി.ജെ.പി.-7, കോൺഗ്രസ്-5, സി.പി.എം.- 2, സി.പി.ഐ.- 1 എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പി.യുടെ പ്രസിഡന്റ് ബിനീഷ് ഇല്ലിക്കൽ, വൈസ് പ്രസിഡന്റ് അഖിലാ രാജൻ എന്നിവർക്കെതിരേ കോൺഗ്രസാണ് വ്യാഴാഴ്ച പട്ടണക്കാട് ബി.ഡി.ഒ. മുമ്പാകെ അവിശ്വാസത്തിനു നോട്ടീസ് നൽകിയത്.

നോട്ടീസ് ലഭിച്ചാൽ 15 ദിവസത്തിനകം യോഗം വിളിച്ച് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അവസരമൊരുക്കണമെന്നാണു ചട്ടം. പ്രമേയത്തെ അനുകൂലിക്കാൻ സി.പി.എമ്മും സി.പി.ഐ.യും തയ്യാറായാൽ ബി.ജെ.പി.ക്ക് അധികാരം നഷ്ടമാകും. ഇടതു-വലതു മുന്നണികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണു കോടംതുരുത്തിൽ ബി.ജെ.പി. അധികാരത്തിലെത്തിയത്.

സി.പി.എമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണിത്. നിർണായകമായ പല കമ്മിറ്റിത്തീരുമാനങ്ങളും കോൺഗ്രസും സി.പി.എമ്മും സി.പി.ഐ.യും ഒന്നിച്ചു പാസാക്കിയപ്പോൾ പ്രസിഡന്റുൾപ്പെടെയുള്ള ബി.ജെ.പി. അംഗങ്ങൾക്കു വിയോജിപ്പു രേഖപ്പെടുത്തി ഇറങ്ങിപ്പോകേണ്ടിവന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍