ഉടമസ്ഥര്‍ വീടുമാറിപ്പോയി ; ഉറ്റചങ്ങാതിയെ ക്ലാസ് മുറിയില്‍ അന്വേഷിച്ചെത്തി വളര്‍ത്തുനായ
ഉടമസ്ഥര്‍ വീടുമാറി പോയപ്പോള്‍ തന്നെ ഉപേക്ഷിച്ച് പോയതാണെന്നറിയാതെ തന്‍റെ ഉറ്റചങ്ങാതിയെ അന്വേഷിച്ച് എന്നും സ്കൂളിലെത്തുന്ന ഒരു വളര്‍ത്തുനായയുണ്ട് കിഴക്കമ്പലത്ത്. സ്കൂൾ തുറക്കുന്ന സമയമാകുമ്പോൾ പതിവായി അവൻ എത്തും. ചങ്ങാതിയെ തിരക്കി ക്ലാസ് മുറികളിൽ കുട്ടികളുടെ അടുത്തു ചെന്നു മുഖത്തേക്കു സൂക്ഷിച്ചു നോക്കും.
എന്നാൽ സ്കൂൾ അധികൃതർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും നായയുടെ സാമീപ്യം പ്രശ്നമായതോടെ നായയെ ഇപ്പോൾ കെട്ടിയിട്ടിരിക്കുകയാണ്. മൃഗസ്നേഹികളുടെ സംഘടനയായ മൂവാറ്റുപുഴ ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ നായയുടെ ഉടമയെ തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കിഴക്കമ്പലം ബത്‌ലേഹം ദയറ ഹൈസ്കൂളിലാണു നായ പതിവായെത്തുന്നത്. നായയെ വളർത്തിയിരുന്നവർ കിഴക്കമ്പലത്തെ വീടു വിറ്റ് ആലപ്പുഴയിലേക്കു പോയപ്പോൾ നായയെ ഇവിടെ ഉപേക്ഷിക്കുകയായിരുന്നു. വീട്ടിലെ കുട്ടി പഠിച്ചിരുന്നതു ദയറ ഹൈസ്കൂളിലാണ്. സ്കൂളിലേക്കു കുട്ടി പോകുമ്പോൾ പിന്തുടർന്നിരുന്ന നായയ്ക്ക് സ്കൂളിലേക്കുള്ള കൃത്യമായി അറിയാമായിരുന്നു.
ഇതാണ് കുട്ടിയെ തേടി നായ സ്കൂളിൽ എത്താൻ കാരണമെന്ന് കുട്ടികളും അധ്യാപകരും പറയുന്നു. കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നു ദയ കോ ഓർഡിനേറ്റർ അമ്പിളി പുരയ്ക്കൽ പറഞ്ഞു. ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നായയെ ഏറ്റെടുക്കാൻ തയാറുള്ളവർക്ക് അതിനെ കൈമാറുമെന്നും അമ്പിളി പറഞ്ഞു.
