ക്ഷേത്രത്തിൽ നിലവിളക്ക് മോഷണം: രണ്ട് ശാന്തിക്കാർ അറസ്റ്റിൽ
മുണ്ടക്കയം: ഇളംകാട് കൊടുങ്ങ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന ഓട്ടുവിളക്കുകൾ മോഷ്ടിച്ച കേസിൽ ക്ഷേത്രം ശാന്തി ചേർത്തല പടിഞ്ഞാറ്റതുമ്പയിൽ പ്രസാദ് (45), മുൻ ശാന്തി ഇളംകാട് കൊടുങ്ങ വെട്ടത്ത് സബിൻ (കുക്കു-30) എന്നിവരാണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്.
ക്ഷേത്രഭരണസമിതി പോലീസിൽ നൽകിയ പരാതിയിൽ ഒരാഴ്ചയായി പോലീസ് നടത്തുന്ന അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. നിർമാണം നടക്കുന്ന ക്ഷേത്രമായതിനാൽ തുറന്നമുറിക്കുള്ളിൽ ആയിരുന്നു നിലവിളക്ക് അടക്കമുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്നത്.
മാസപൂജ മാത്രം നടത്താറുള്ള ക്ഷേത്രത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ പലപ്പോഴായി മോഷണംനടന്നു.
മൊബൈൽഫോൺ വിളികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
ഇപ്പോഴത്തെ ശാന്തി പലദിവസങ്ങളിലായി ക്ഷേത്രത്തിൽനിന്ന് നിലവിളക്കുകൾ എടുത്ത് മുൻ ശാന്തി സബിന്റെ കാറിൽ എത്തിക്കുകയും ഇയാൾ ഇവ മാന്നാറിൽ കൊടുക്കുകയുമായിരുന്നു.
മൂന്നുലക്ഷത്തോളം രൂപ വിലമതിക്കുന്ന ചെറുതും വലുതുമായ 106 ഓട്ടുവിളക്കുകൾ 75,000 രൂപയ്ക് മാന്നാറിൽ വിൽക്കുകയായിരുന്നു.
ഇരുവരും മറ്റു ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതായി ഇൻസ്പെക്ടർ ഷൈൻകുമാർ പറഞ്ഞു. എസ്.ഐ.മാരായ പി.എസ്. അനീഷ്, അനൂപ് കുമാർ, എ.എസ്.ഐ.മാരായ ആർ. രാജേഷ്, കെ.ജി. മനോജ്, സി.പി.ഒ.മാരായ ജോഷി തോമസ്, ജോൺസൻ, ഷെഫീഖ്, റോബിൻ, ജയശ്രീ, ബിജി, നൂർദീൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.
