ഉദയ്പൂർ കൊലപാതകം: രാജസ്ഥാനിൽ ജാഗ്രത; ഒരു മാസം നിരോധനാജ്ഞ
രാജസ്ഥാനിലെ ഉദയ്പൂരിൽ നൂപുർ ശർമയെ അനുകൂലിച്ച് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടയാളെ വെട്ടിക്കൊന്നതിനെ തുടർന്ന് സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ രാജസ്ഥാനിലാകെ കർശന ജാഗ്രത തുടരുന്നു. ഒരു ദിവസത്തെ സമ്പൂർണ ഇന്റർനെറ്റ് വിലക്കും ഒരുമാസം നീണ്ടുനിൽക്കുന്ന നിരോധനാജ്ഞയും രാജസ്ഥാനിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനും വിലക്കുണ്ട്. കൊലപാതകം പ്രത്യേകസംഘം അന്വേഷിക്കാൻ ഉത്തരവായി. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരും തീവ്രവാദ വിരുദ്ധ സേനയിലെ ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് എസ്.ഐ.ടി.
ഉദയ്പൂർ ജില്ലയിൽ 600 പൊലീസ് ഉദ്യോഗസ്ഥരെകൂടെ അധികമായി വിന്യസിച്ചു. മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി തിരികെ വിളിപ്പിച്ചു. കൊല്ലപ്പെട്ട കനയ്യ ലാലിന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജീവന് ഭീഷണി ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയതിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെത്തുന്ന നാലംഗ എൻഐഎ സംഘം കൊലപാതകത്തിൽ തീവ്രവാദബന്ധം ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും. പ്രധാനമന്ത്രിയെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ ഏജൻസി അതീവ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍