വൈദ്യുതി ചാർജ് കൂടും: നിരക്ക് വർധന നാളെ പ്രഖ്യാപിക്കും


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് പ്രഖ്യാപിക്കും. നിരക്ക് വർദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

ഗാർഹിക വൈദ്യുതി നിരക്കിൽ 18 ശതമാനം വർദ്ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷന് സമർപ്പിച്ചിട്ടുള്ളത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വർദ്ധന വേണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഈ സാമ്പത്തിക വർഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

ഗാർഹിക ഉപഭോക്താക്കൾക്ക് ശരാശരി 18.14 ശതമാനം നിരക്ക് കൂട്ടണം. ചെറുകിട വ്യവസായിക ഉപഭോക്താക്കൾക്ക് 11.88 ശതമാനവും, വൻകിട വ്യാവസായിക ഉപഭോക്താക്കൾക്ക് 11.47 ശതമാനം വർദ്ധനയും വേണമെന്നാണ് കെഎസ്ഇബിയുടെ ശുപാർശ. ചെറുകിട കാർഷിക ഉപഭോക്താക്കൾക്ക് നിലവിൽ യൂണിറ്റിന് 2.75 രൂപയെന്നത് 3.64 രൂപയാക്കണം. വൻകിട കാർഷിക ഉപഭോക്താക്കൾക്ക് 5.67 രൂപയെന്നത് 6.86 രൂപയാക്കി ഉയർത്തണം. കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയർത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ട്.

വരവും ചെലവും കണക്കാക്കിയുള്ള വർധന ആണ് കെ.എസ്.ഇ.ബിആവശ്യപ്പെട്ടത്. നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്. നിലവിലെ സാഹചര്യത്തിൽ ബോർഡിന്റെ ആവശ്യത്തിൽ വലിയ ഭേദഗതികൾ ഇല്ലാതെ നിരക്ക് വർധനവ് ഉണ്ടായേക്കും. 2019 ജൂലൈ 19-ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇത് പരിഷ്കരിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം.

അതേസമയം, ഡിസംബർ 31 വരെയുള്ള കണക്കനുസരിച്ച് വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2,117 കോടി രൂപയാണ്. ഇതിൽ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1,020.74 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക 1,023.76 കോടിയും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍