അമ്മയെ മകൻ കൊലപ്പെടുത്തിയ സംഭവം; വാർ ഗെയിമുകൾ കുട്ടികളെ ക്രിമിനലുകളാക്കുന്നുവെന്ന് വിദഗ്ധർ
ലക്നൗ: കഴിഞ്ഞ ദിവസമാണ് ഓൺലൈൻ ഗെയിമായ പബ്ജി കളിക്കുന്നതിൽ നിന്ന് വിലക്കിയ അമ്മയെ കൗമാരക്കാരനായ മകൻ കൊലപ്പെടുത്തിയ വാർത്ത പുറത്തുവന്നത്. ഉത്തർപ്രദേശിലെ യമുനാപുരം കോളനിയിലെ പതിനാറുകാരനാണ് അമ്മയെ വെടിവച്ചു കൊന്നത്. ഈ സാഹചര്യത്തിൽ മൊബൈലിൽ അടിമപ്പെടുന്ന കുട്ടികളുടെ മേൽ കണ്ണുവേണമെന്ന് പറയുകയാണ് സൈക്യാട്രിസ്റ്റുകൾ.
ഇത്തരത്തിലുള്ള ഗെയിമുകളിൽ അടിമപ്പെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായും ഓരോമാസവും കാണുന്ന കേസുകളുടെ എണ്ണം കൂടുന്നതായും കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദഗ്ധർ പറയുന്നു.
ആഴ്ചതോറും എട്ടുപതുമുതൽ പത്തുവരെ സമാനമായ കേസുകൾ വരുന്നുണ്ടെന്ന് കെജിഎംയുവിലെ അസിസ്റ്റന്റ് പ്രൊഫസർ ആദർശ് ത്രിപാഠി പറയുന്നു. ജാഗ്രത പുലർത്തേണ്ട അവസ്ഥയിലേക്ക് ഗെയിമുകളിൽ അടിമപ്പെടുമ്പോഴും കുട്ടികൾ തങ്ങളുടെ സ്വഭാവത്തിലെ മാറ്റം പ്രശ്നമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിലയിടങ്ങളിൽ മാതാപിതാക്കളും കുട്ടികളുടെ അക്രമസ്വഭാവത്തെ വേണ്ടത്ര ഗൗനിക്കാറില്ലെന്നും അദ്ദേഹം പറയുന്നു.
മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ വരുമ്പോൾ മാത്രമാണ് പലരും കുട്ടികളുമായി ആശുപത്രിയിൽ എത്തുന്നത്. കൃത്യസമയത്ത് ഇത്തരം കുട്ടികൾക്ക് കൗൺസിലിങ് ലഭിച്ചാൽ പ്രശ്നം ഗുരുതരമാകും മുമ്പേ അവരെ രക്ഷിക്കാനാവും. ഇതുപോലുള്ള ഗെയിമുകൾക്ക് അവസാനമില്ല എന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യം എന്നും അദ്ദേഹം പറയുന്നു.
ഒരു ലെവൽ കഴിഞ്ഞാൽ അടുത്ത ചലഞ്ച് ലഭിക്കും. ഇത് കുട്ടികളെ ഗെയിമിന് അടിമപ്പെടുത്തുകയും സാമൂഹിക ഇടപഴലുകൾ ഇല്ലാതാക്കുകയും ചെയ്യും. പലവിധത്തിലുള്ള ബാറ്റിൽ ഗെയിമുകളിലും ചില ഘട്ടങ്ങൾ കഴിഞ്ഞാൽ കേണൽ, ബ്രിഗേഡർ, ജനറൽ തുടങ്ങിയ റാങ്കുകൾ ലഭിക്കും. ഇതവർക്ക് പ്രചോദനമാവുകയാണ് ചെയ്യുന്നത്- ഡോക്ടർ പറയുന്നു.
ഗെയിമിനെ യഥാർഥ ജീവിതവുമായി കൂട്ടിക്കുഴയ്ക്കയും അവിടെയും ശക്തരാകുന്നുവെന്ന ചിന്ത വരികയും ചെയ്യും. ഇത് കുട്ടികളുടെ മനസ്സിൽ നെഗറ്റീവായ സ്വാധീനമുണ്ടാക്കും. അത്തരം സാഹചര്യങ്ങളിൽ പണംഇല്ലാത്തതുകൊണ്ടോ മറ്റെന്തെങ്കിലും സാഹചര്യങ്ങളാലോ ഗെയിം കഴിക്കാനാവാതെ വരുമ്പോൾ അവർ അടുത്ത വഴികൾ തേടും. കുട്ടികളെ ഗെയിമുകളിൽ നിന്ന് വിലക്കുമ്പോൾ സ്വഭാവം മാറുന്നുണ്ടോ എന്ന് മാതാപിതാക്കൾ നിരീക്ഷിക്കണം. അവർ ഭക്ഷണം കഴിക്കാതിരിക്കുകയും തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ച് വാശിപിടിക്കുകയും ചെയ്യുന്ന സാഹചര്യമെത്തുമ്പോൾ അവഗണിക്കരുത്- അദ്ദേഹം പറയുന്നു.
കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസ്സുകൾ വർധിച്ചതോടെ കുട്ടികളുടെ മൊബൈൽ അഡിക്ഷൻ വർധിച്ചുവെന്നും പലരും മക്കൾ മൊബൈലിൽ ഓൺലൈൻ പഠനത്തിൽ മുഴുകുകയാണ് എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗെയിമുകൾ അമിതമാവുന്നത്, പ്രത്യേകിച്ച് വാർ ഗെയിമുകൾ പോലുള്ളവ കുട്ടികളെ ക്രിമിനലുകളാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
