മകനെ കാണാതായി,തിരച്ചിലിനായി പിതാവ് കോഴിക്കോട്: തട്ടിക്കൊണ്ടുപോയ ആൾക്കൊപ്പം കൈയോടെ പിടിച്ചു


കോഴിക്കോട്: അഞ്ചുദിവസം മുമ്പ് കാണാതായ മകനെ പിതാവിന് റെയിൽവേ സ്റ്റേഷനിൽ നിന്ന് അപ്രതീക്ഷിതമായി തിരിച്ചുകിട്ടി. പുത്തനത്താണിയിൽ നിന്ന് കാണാതായ 15-വയസ്സുകാരനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വച്ച് പിതാവിന് തിരിച്ചുകിട്ടിയത് അതും കുട്ടിയെ കടത്തിക്കൊണ്ടുപോയ ആൾക്കൊപ്പം. 18-ാം തിയതി രാവിലെ താനൂരിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയ മകൻ തിരിച്ച് വരാതായതോടെയാണ് രക്ഷിതാക്കൾ അന്വേഷണം തുടങ്ങിയത്. കൽപ്പകഞ്ചേരി സ്റ്റേഷനിൽ പരാതിയും നൽകി.

ഇന്നലെ തെരച്ചിലിന്റെ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയതാണ് പിതാവ്. സ്റ്റേഷന് മുന്നിൽ നിൽക്കുമ്പോൾ മകന്റെ കൈ പിടിച്ച് ഒരാൾ പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. അയാളെ തടഞ്ഞുനിർത്തിയപ്പോൾ കുട്ടിയേ അവന്റെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോവുകയാണെന്ന മറുപടിയാണ് കിട്ടിയത്. തുടർന്ന് രക്ഷിതാവ് അയാളെ പിന്തുടരുകയും ടൗൺ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.

ടൗൺ പോലീസ് എത്തി കാസർക്കോഡ് ചെങ്കള സ്വദേശിയായ അബ്ബാസിനെ കസ്റ്റഡിയിൽ എടുക്കുകയും കൽപ്പകഞ്ചേരി പോലീസിന് കൈമാറുകയും ചെയ്തു.

18ാം തിയതി കോഴിക്കോട് കൊടുവള്ളിയിലുളള സുഹൃത്തിന്റെ വീട്ടിൽ എത്തിയ കുട്ടി അവിടെ നിന്ന് പിറ്റേ ദിവസം വീട്ടിലേക്ക് പോകുന്ന വഴിയാണ് ട്രെയിനിൽ വെച്ച് ഇയാൾ കടത്തിക്കൊണ്ട് പോയത്. പ്രതിയെ ചോദ്യം ചെയ്തപ്പോൾ ആദ്യം കുട്ടിയെ അറിയില്ലെന്നും പിന്നീട് ട്രെയിനിൽ വച്ച് കണ്ടിട്ടുണ്ടെന്നുമാണ് ഇയാൾ മൊഴി നൽകിയത്. പ്രാഥമിക അന്വേഷണത്തിൽ ഇയാൾക്കെതിരെ മറ്റ് എവിടേയും കേസുകൾ ഉള്ളതായോ നേരത്തെ ഏതെങ്കിലും കേസിൽപ്പെട്ടതായോ വിവരമില്ല.

ഇയാൾ കുട്ടിയെ ഏതെങ്കിലും തരത്തിൽ ചൂഷണം ചെയ്തിട്ടോ എന്നറിയാൻ കുട്ടിയുടെ മൊഴി എടുക്കേണ്ടതുണ്ടെന്നും കുട്ടിയുടെ മൊഴിയെടുത്ത ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് കൽപകഞ്ചേരി പോലീസ് അറിയിച്ചു. നിലവിൽ ഇയാൾക്കെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോയതിനാണ് കേസ് എടുത്തത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം മറ്റുവകുപ്പുകൾ കൂടി ചുമത്തുമെന്നും പോലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍