വീട്ടിൽ സഹായം ചോദിച്ചെത്തിയ പെൺകുട്ടി മൊബൈൽഫോണുമായി കടന്നു
കാക്കൂർ : വീട്ടിൽ സഹായം അഭ്യർഥിച്ച് എത്തിയ പെൺകുട്ടി മൊബൈൽഫോൺ മോഷ്ടിച്ചു. കുട്ടമ്പൂർ മേലെപാട്ട് രാജന്റെ വീട്ടിൽ നിന്നാണ് മൊബൈൽ മോഷ്ടിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. സ്കൂളിൽ പഠിക്കുന്ന തന്റെ സഹോദരിയുടെ വിദ്യാഭ്യാസത്തിനായി എന്തെങ്കിലും സഹായിക്കണമെന്നും, പഴയ വസ്ത്രങ്ങളും മറ്റും നൽകണമെന്നും പറഞ്ഞുകൊണ്ടാണ് പതിനഞ്ച് വയസ്സ് തോന്നിക്കുന്ന പെൺകുട്ടി രാവിലെ വീട്ടിലെത്തിയത്.
ഈ വീടിന്റെ സമീപത്തുള്ള മിക്ക വീടുകളിലും ഇതേ രീതിയിൽ സഹായം അഭ്യർഥിച്ച് പെൺകുട്ടി ചെന്നിട്ടുണ്ട്. കാക്കൂരിലും പരിസരങ്ങളിലുമുള്ള സ്കൂളിന്റെ പേരാണ് സഹോദരി പഠിക്കുന്നതെന്നാണ് പെൺകുട്ടി പറഞ്ഞത്. ഓരോവീട്ടിലും സ്കൂളിന്റെ പേര് മാറ്റിപ്പറഞ്ഞിട്ടുണ്ട്. രാജൻ കാക്കൂർ പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍